ADVERTISEMENT

സമുദ്രത്തിൽ നിന്നുണ്ടാകാവുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് സൂനാമി.  വലിയ ഒരു ഭൂചലനം, അഗ്നിപർവത വിസ്ഫോടനം തുടങ്ങിയവയാണ് സൂനാമികൾക്ക് വഴിവയ്ക്കുന്നത്. പസിഫിക് മേഖലയിലാണ് സൂനാമി ഭീഷണി ഏറ്റവും കൂടുതലുള്ളത്. ഈ മേഖലയിൽത്തന്നെയുള്ള ജപ്പാനാണ് സൂനാമി ബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള രാജ്യമായി കൽപിക്കപ്പെട്ടിട്ടുള്ളത്. ഒട്ടേറെ ഭൗമപ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാൻ.1498ൽ ജപ്പാനിലെ എൻഷുനാദ കടലിലുണ്ടായ 8.3 തീവ്രതയുള്ള ഭൂചലനത്തെത്തുടർന്ന് ഒരു വലിയ സൂനാമി ഉടലെടുക്കുകയും 31,201 ആളുകൾ മരിക്കുകയും ചെയ്തു. തുടർന്ന് ഇന്നുവരെയുള്ള കാലയളവിൽ 1.1 ലക്ഷത്തിലധികം പേരാണ് സൂനാമിയിൽ മരിച്ചത്. ജപ്പാനിലെ സൂനാമിചിത്രം വിളിച്ചോതുന്നതാണ് ഈ കണക്ക്. സൂനാമി എന്ന പേരു പോലും ഈ പ്രകൃതിദുരന്തത്തിനു വന്നത് ജപ്പാനിൽ നിന്നാണെന്നതും ഓർക്കണം. 2011ൽ ഫുക്കുഷിമ ദുരന്തത്തിലും സൂനാമിയുടെ സാന്നിധ്യമുണ്ടായിരുന്നു.

 

വിവിധ പ്രകൃതിദുരന്തങ്ങൾ നടമാടുന്ന രാജ്യമാണു ജപ്പാൻ. തങ്ങളുടെ സാങ്കേതിക വിദ്യയിലുള്ള പാടവവും പരിജ്ഞാനവും ദുരന്തങ്ങളെ ചെറുക്കാനുള്ള മേഖലയിലും ജപ്പാൻ ഉപയോഗിക്കാറുണ്ട്. ഇടയ്ക്കിടെ തങ്ങളെ അലട്ടുന്ന ഭൂചലനങ്ങൾക്ക് പ്രതിരോധമൊപപിപ്പിരുക്കാനായി എർത്ത്‌ക്വേക്ക് എൻജിനീയറിങ് എന്നൊരു മേഖല തന്നെ ജപ്പാൻ ഒരുക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്കായുള്ള ഷോക്ക് അബ്സോർബറുകൾ, സ്ലൈഡിങ് വോളുകൾ, ടെഫ്‌ലോൺ ഫൗണ്ടേഷൻ വോളുകൾ തുടങ്ങി ഒട്ടേറെ സാങ്കേതികവിദ്യകൾ ഇതിന്റെ ഭാഗമായുണ്ട്. എർത്ത്ക്വേക്ക് എൻജിനീയറിങ്ങിൽ സൂനാമികൾക്കു തടയിടാനുള്ള സാങ്കേതികവിദ്യകളും ജപ്പാൻ നടപ്പാക്കിയിരുന്നു.

വലിയ ജനബാഹുല്യമുള്ള ഇടങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാനായി 40 അടി വരെ പൊക്കമുള്ള കടൽഭിത്തികളും ജപ്പാൻ കെട്ടിയിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഇടങ്ങളിലേക്കും ജനവാസമേഖലകളിലേക്കും സൂനാമിത്തിരകൾ മൂലമുള്ള വെള്ളം കടന്നുകയറിയാൽ അതു തിരിച്ചുവിടാനായി ആധുനിക ഫ്ലഡ്ഗേറ്റുകളും ജപ്പാൻ തയാർ ചെയ്തിട്ടുണ്ട്.51 അടി വരെ പൊക്കമുള്ളവയാണ് ഇത്.

 

രാജ്യത്തെ ഊർജമേഖലയ്ക്ക് നിർണായക സംഭാവനകൾ നൽകുന്ന ആണവനിലയങ്ങൾക്ക് സൂനാമിഘട്ടങ്ങളിൽ സുരക്ഷ നൽകാനുള്ള സംവിധാനങ്ങളും ജപ്പാൻ ആവിഷ്കരിച്ചിട്ടുണ്ട്. കഴിയുന്നതും ഈ നിലയങ്ങൾ തീരത്തുനിന്നു ദൂരെ എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. എന്തെങ്കിലും തരത്തിൽ ഭൂചലനമുണ്ടാകുന്ന പക്ഷം സേഫ് മോഡിലേക്കു പോകാനുള്ള  സംവിധാനവുമുണ്ട്.ഹവായ് തുടങ്ങി സൂനാമി ശല്യം ശക്തമായുള്ള മറ്റു സ്ഥലങ്ങളിലെ നിർമാണരീതികളും പ്രതിരോധ രീതികളുമൊക്കെ വിശദമായി പഠിക്കാനും ജാപ്പനീസ് ശാസ്ത്രജ്ഞർ ശ്രമിക്കാറുണ്ട്. യുഎസും സൂനാമിയുടെ പ്രതിരോധത്തിൽ വളരെയേറെ ശ്രദ്ധിക്കാറുണ്ട്. പസിഫിക് മേഖലയിൽ വൻ ഭൂചലനവും സൂനാമിയും ഉണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് യുഎസിലെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി വൻ പരിശീലനപദ്ധതി ഈ വർഷം തുടങ്ങിയിരുന്നു. 

 

പൊലീസ്, സന്നദ്ധസേനാംഗങ്ങൾ, ഗോത്രവർഗ നിവാസികൾ, പ്രതിരോധ സേനാംഗങ്ങൾ, റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് തുടങ്ങിയവർ ഇതിൽ ഉൾപ്പെട്ടിരുന്നു.ഒറിഗോൺ, ഇദഹോ, അലാസ്ക തുടങ്ങിയ പ്രകൃതിദുരന്ത സാധ്യത കൂടിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാവിയിൽ ഒരു വൻ ഭൂചലനവും സൂനാമിയും ഉണ്ടായാൽ എങ്ങനെ എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം തുടങ്ങുമെന്നും ആശയപ്രവർത്തനം ഊർജിതപ്പെടുത്തുമെന്നും കണ്ടെത്താൻ ഈ പരിശീലനം സേനകളെ സഹായിക്കുമെന്നാണ് യുഎസ് അധികൃതർ പറയുന്നത്. പൊടുന്നനെയുണ്ടാകുന്ന വലിയ പ്രകൃതിദുരന്തങ്ങളെ നേരിടാനായി യുഎസ് ആഭ്യന്തരസുരക്ഷാ മന്ത്രാലയത്തിന്റെ കീഴിൽ രൂപീകരിച്ച ഏജൻസിയാണ് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി. അമേരിക്കയിലെ കാസ്കേഡിയ സബ്ഡക്ഷൻ സോൺ എന്ന മേഖല കേന്ദ്രീകരിച്ചുള്ളതാണ് ഇത്.

 

English Summary: Tsunami-Stricken Town Resists “Great Wall” Mentality

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com