ADVERTISEMENT

ഏഷ്യയിൽ ഇപ്പോൾ ഏറ്റവുമധികം ഭൂചലനം രേഖപ്പെടുത്തുന്ന മേഖലയാണ് ഹിമാലയൻ രാജ്യമായ നേപ്പാൾ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വടക്കേ ഇന്ത്യയും എല്ലാം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർചലനങ്ങൾ അനുഭവപ്പെടുന്ന മേഖലകളാണ്. 2015 ലെ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ നേപ്പാൾ ഭൂചലനത്തിനു ശേഷം ഹിമാലയൻ മേഖലയിലും പരിസരങ്ങളിലും തുടർചലനങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും ഒടുവിൽ നേപ്പാളിൽ ഭൂചലനമുണ്ടായത് നവംബർ നാലിനാണ്. വ്യാപകമായി നാശനഷ്ടമുണ്ടാക്കുകയും 150 ഓളം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ഭൂചലനത്തിന്റെ പ്രകമ്പനം വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. എന്തുകൊണ്ടായിരിക്കും നേപ്പാൾ ഉൾപ്പടെയുള്ള ഹിമാലയൻ മേഖലയിലും പരിസരങ്ങളിലും ഇത്രയധികം ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് എന്നതിനു ഗവേഷകർക്കു വ്യക്തമായ ഉത്തരം ഉണ്ട്.

ഹിമാലയത്തിന്റെ ചരിത്രം

ഹിമാലയൻ മേഖലയിലെ ഭൂചലനങ്ങൾക്കെല്ലാം ഹിമാലയത്തിന്റെ ചരിത്രവുമായി ബന്ധമുണ്ട്. അതിന്റെ ഉയരം ഇപ്പോഴും വർഷം തോറും ഏതാണ്ട് ഒരു സെന്റിമീറ്റർ വീതം വർധിക്കുന്നുണ്ട്. യൂറേഷ്യൻ ഭൗമപാളിയിലേക്ക് ഇന്ത്യൻ ഭൗമപാളി ഇടിച്ച് കയറിക്കൊണ്ടിരിക്കുന്നതാണ് ഇതിനു കാരണം. ദശലക്ഷക്കണക്കിനു വർഷം മുൻപ് ആഫ്രിക്കയിൽനിന്നു വേർപെട്ട് സഞ്ചാരമാരംഭിച്ച ഇന്ത്യൻ ഭൗമപാളി യൂറേഷ്യൻ മേഖലയിൽ ഇടിച്ചു കയറിയാണ് ഹിമാലയം രൂപം കൊണ്ടത്. ഈ ഭൗമപാളി ഇപ്പോഴും വടക്കു ദിശയിലേക്ക് സഞ്ചരിക്കുന്നതിനാലാണ് ഹിമാലയത്തിന്റെ ഉയരം വർധിക്കുന്നതും. 

നേപ്പാളിലെ ജാജർകോട്ടിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടം. ചിത്രം: എഎഫ്പി
നേപ്പാളിലെ ജാജർകോട്ടിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടം. ചിത്രം: എഎഫ്പി

എന്നാൽ ഹിമാലയൻ മേഖലയിൽ നിരന്തരം ഭൂചലനം ഉണ്ടാകുന്നത് ഈ ഭൗമപാളിയുടെ ചലനം കൊണ്ടു മാത്രമല്ല. ഭൂചലനങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളിൽ ഒന്നു മാത്രമായി ഈ ചലനത്തെ കാണാമെന്നു മാത്രം. ഭൂമിയിൽ രൂപപ്പെട്ടിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ പർവതനിരയാണ് ഹിമാലയം. അതുകൊണ്ടു തന്നെ മറ്റു പർവതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പർവതനിര ദുർബലമാണ്.

ഹിമാലയും ഭൂചലനവും

ഹിമാലയത്തിന്റെ പ്രായക്കുറവ് ഈ മേഖല ദുർബലമാണ് എന്നതിനു കൂടി തെളിവാണ്. മണ്ണ് ഉറയ്ക്കാത്ത, നിരന്തരം മണ്ണിടിച്ചിലുകൾ ഉണ്ടാകുന്ന മേഖല കൂടിയാണിത്. ഇത്തരത്തിൽ ഉറപ്പില്ലാത്ത പ്രതലവും ഹിമാലയൻ മേഖലയിലെ ഉയർന്ന ഭൂകമ്പ നിരക്കിനു കാരണമാണ്. ഹിമാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്ന നേപ്പാൾ പോലുള്ള പ്രദേശങ്ങളിൽ ഭൂകമ്പം വലിയ നാശം വിതയ്ക്കാനുള്ള കാരണവും ഈ ദുർബല പ്രകൃതി തന്നെയാണ്.

road-to-himalaya

ഫലകങ്ങള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദത്തിനും ദുർബലമായ പ്രതലത്തിനും പുറമെയാണ് മനുഷ്യര്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടാകുന്ന സമ്മര്‍ദം. ഹിമാലയന്‍ മേഖലകളില്‍ പെരുകുന്ന ജനവാസവും ഭൂചലനങ്ങൾ വർധിക്കാനുള്ള കാരണമാണെന്ന് ഗവേഷകർ പറയുന്നു. പ്രത്യേകിച്ചും ജനവാസം വർധിച്ചതോടെ ഉയരുന്ന കെട്ടിടങ്ങളും വൈദ്യുതോൽപാദനത്തിനായി ഇന്ത്യയും ചൈനയും കെട്ടിയുയർത്തിയ വലിയ അണക്കെട്ടുകളും മേഖലയെ കൂടുതൽ ദുർബലമാക്കുന്നു.

ഭൂകമ്പ പ്രവചനം

നേപ്പാളിലും വടക്കേ ഇന്ത്യയിലും ഉൾപ്പടെ ഉണ്ടാകുന്ന ഈ ഭൂചലനങ്ങൾ അപ്രതീക്ഷിതമല്ല. 2015 ലെ വൻ നാശം വിതച്ച ഭൂചലനത്തിനു ശേഷം മേഖലയിൽ വിശദമായ പഠനം ഭൗമശാസ്ത്രജ്ഞർ നടത്തിയിരുന്നു. ഇനി നേപ്പാളിലും ഇന്ത്യയിലും എല്ലാം ഭൂകമ്പങ്ങളുടെ എണ്ണം വർധിക്കുമെന്നായിരുന്നു 2018 ൽ നടത്തിയ ഈ പഠനത്തിൽ കണ്ടെത്തിയത്. ഭൗമശാസ്ത്രപരമായ തെളിവുകളുടെയും ഐഎസ്‍ആര്‍ഒ ഉപഗ്രഹമായ കാര്‍ട്ടോസാറ്റില്‍നിന്നു ശേഖരിച്ച വിവരങ്ങളുടെയും ഗൂഗിള്‍ എര്‍ത്തിലൂടെയുള്ള നിരീക്ഷണത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു പഠനം. ഈ പഠനത്തിൽ, റിക്ടർ സ്കെയിലിൽ 8.5  വരെ രേഖപ്പെടുത്തിയേക്കാവുന്ന വൻ പ്രഹര ശേഷിയുള്ള ഒരു ഭൂചലനത്തിനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് ഉണ്ടായിരുന്നു.

INDIA-KASHMIR-ENVIRONMENT

ഇത്തരമൊരു ഭൂകമ്പം ഹിമാലയന്‍ മേഖലയിലുണ്ടായത് ഏതാണ്ട് 700 മുതല്‍ 800 വരെ വര്‍ഷം മുന്‍പാണ്. ഏകദേശം 1315 നും 1445 നും ഇടയ്ക്ക്. അതുകൊണ്ടു തന്നെ ഇത്ര വര്‍ഷം കാര്യമായ ചലനമുണ്ടാകാത്തത് ഇന്ത്യയും നേപ്പാളും ഉള്‍പ്പടുന്ന ഹിമാലന്‍ മേഖലകളില്‍ കടുത്ത സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്. ഈ സമ്മര്‍ദമാണ് വൈകാതെ വലിയൊരു ചലനത്തിനു വഴിവയ്ക്കുമെന്ന് ഗവേഷകര്‍ അന്നു പറയാനുള്ള കാരണവും.

2015 ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 8.1 രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഭൂകമ്പത്തെ ഹിമാലയവുമായി നേരിട്ട് ബന്ധപ്പെടുത്താനാകില്ല. ഹിമാലയത്തിന്‍റെ സമ്മര്‍ദം മൂലമായിരുന്നില്ല അത്. അതിനാല്‍ അത്തരമൊരു ഭൂകമ്പം വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഗവേഷകര്‍ പറയുന്നത്.

English Summary:

Unveiling the Untold Causes Behind Himalayan Earthquakes - Exploring the Link to Earth's History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com