സഞ്ചാരികളുടെ അശ്രദ്ധ: പ്ലാസ്റ്റിക് അടപ്പ് തൊണ്ടയിൽ കുടുങ്ങി അപൂർവയിനം മാൻ ചത്തു
Mail This Article
പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് മൃഗശാലകളിലും പാർക്കുകളിലും കർശന മുന്നറിയിപ്പ് നൽകിയാലും ചിലർ പാലിക്കാറില്ല. പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണത്തിന്റെ കവറുകളുമെല്ലാം മൃഗങ്ങൾക്കുമുന്നിൽ എറിഞ്ഞുകൊടുക്കാറുണ്ട്. ഇത് ഭക്ഷണമാണെന്ന് കരുതി അവ കഴിക്കാറുമുണ്ട്. ഇങ്ങനെ സഞ്ചാരികൾ എറിഞ്ഞ പ്ലാസ്റ്റിക് അടപ്പ് തൊണ്ടയിൽ കുടുങ്ങി അപൂർവയിനം മാനിന് ജീവൻ നഷ്ടപ്പെട്ടു. അമേരിക്കയിലെ ടെന്നസിലുള്ള ബ്രൈറ്റ് മൃഗശാലയിലെ ലീഫ് എന്ന ഏഴു വയസുള്ള സിടാടുംഗ ഇനത്തിൽപ്പെട്ട ചെറുമാനാണ് ചത്തത്. ചെറിയ അടപ്പുള്ള ജ്യൂസ് കുപ്പികളും ലഘു പാനീയങ്ങളുമെല്ലാം മൃഗശാല വിലക്കിയതാണ്. എന്നാൽ ഇതെങ്ങനെ മാൻ കൂടിനടുത്ത് എത്തിയതെന്ന് അന്വേഷിക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
20 വർഷം മുൻപാണ് ലീഫിനെ മൃഗശാലയിൽ എത്തിച്ചത്. സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് ഭക്ഷണമാണെന്ന് കരുതി ലീഫ് അകത്താക്കുകയായിരുന്നു. എന്നാൽ വായയ്ക്കുള്ളിൽ പ്ലാസ്റ്റിക് അടപ്പ് കുടുങ്ങി. ലീഫ് അസ്വസ്ഥതകൾ കാണിച്ചു തുടങ്ങിയതോടെ മൃഗശാല അധികൃതർ വെറ്ററിനറി വിദഗ്ധരുടെ സഹായം തേടി. തൊണ്ടയിൽ നിന്നും അടപ്പ് പുറത്തെടുക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. വൈകാതെ ലീഫ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃഗങ്ങളുടെ കണ്ണിൽ അവയ്ക്കു നൽകുന്നതെന്തും ഭക്ഷണമാണെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.
മധ്യ ആഫ്രിക്കയിലെ ചതുപ്പുകൾക്കിടയിൽ കാണുന്ന മാനുകളാണ് സിടാടുംഗ. ചതുപ്പിലൂടെ നടക്കാൻ അനുയോജ്യമായ രീതിയിലാണ് ഇവയുടെ കാലുകൾ. പുല്ലുകൾക്കിടയിലൂടെ വേഗത്തിൽ പായാൻ വളഞ്ഞ കൊമ്പും സഹായിക്കുന്നുണ്ട്.