അണ്ണാറക്കണ്ണന്മാരും മാംസഭോജികൾ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകർ
Mail This Article
എന്നും ചിലച്ചു കൊണ്ടിരിക്കുന്ന അണ്ണാറാക്കണ്ണന്മാരെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. കരണ്ടുതീനികളായ ഇവയുടെ ഭക്ഷ്യശീലത്തെക്കുറിച്ച് ഇതുവരെ ആർക്കും സംശയം തോന്നിയിരുന്നില്ല, എന്നാൽ ഇതുവരെയുള്ള ചിന്തകളെ അട്ടിമറിച്ചിരിക്കുകയാണ് അമേരിക്കയിലെ ഗവേഷകർ. അണ്ണാറക്കണ്ണൻമാരും മാംസഭോജികളാണത്രെ!. അതും എപ്പോഴുമല്ല സാഹചര്യമനുസരിച്ചാണെന്ന് മാത്രം.
കലിഫോർണിയയിലെ നിലയണ്ണാന്റെ (കലിഫോർണിയ ഗ്രൗണ്ട് സ്ക്വിറൽ) ഇരപിടുത്ത സ്വഭാവത്തെക്കുറിച്ച് പഠനം നടത്തിയ ഗവേഷകരാണ് സ്പ്രിംഗർ മാസികയിൽ ഇതുമായി ബന്ധപ്പെട്ട പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിസ്കോസിൻ സർവകലാശാലയിലെയും കലിഫോർണിയ സർവകലാശാലയിലെയും ഗവേഷകരാണ് ആദ്യമായി ഇത്തരമൊരു കാര്യം കണ്ടുപിടിച്ചത്. ഈ കണ്ടുപിടുത്തം തങ്ങളെ ഞെട്ടിച്ചുവെന്നും നമ്മുടെ ജീവലോകത്തെക്കുറിച്ച് ഇനിയും കൂടുതൽ അറിയാനുണ്ടെന്നും അവർ പറയുന്നു.
പലർക്കും ഇത് വിശ്വസിക്കാൻ പ്രയാസം എന്നാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യ ഇടപെടൽ മൂലവും പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലവും ആഹാരത്തിന് പ്രശ്നമുണ്ടാകുമ്പോൾ ഈ സ്വഭാവം ഇവയെ രക്ഷപ്പടുത്തും എന്ന് കണക്കാക്കുന്നു.
കലിഫോർണിയ ഗ്രൗണ്ട് സ്ക്വിറൽ
ബീച്ചി ഗ്രൗണ്ട് സ്ക്വിറൽ എന്ന പേരിലും അറിയപ്പെടുന്നു. മാളങ്ങളിലാണ് ഇവയുടെ വാസം. കൂടുതൽ സമയവും മാളങ്ങളിലാണ് ഇവ സമയം ചെലവഴിക്കുക. തവിട്ടും നിറവും ബ്രൗൺ നിറവും ഇടകലർന്ന നിറമാണിവയ്ക്ക്. കലിഫോർണിയയിൽ ഇവ ധാരാളമായി കാണപ്പെടുന്നു. തണുപ്പുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന ഈ അണ്ണാൻമാർ ശിശിരനിദ്രയ്ക്ക് വിധേയമാകാറുണ്ട്. ശിശിരകാലത്ത് ശരീരത്തിന്റെ ഉപാപചയ പ്രക്രിയകൾ കുറച്ച് നിദ്രാവസ്ഥയിൽ കഴിയുന്നതിനാണ് ശിശിര നിദ്ര എന്ന് പറയുന്നത്.