കുഞ്ഞിനെ ലക്ഷ്യമാക്കി പുള്ളിപ്പുലിയും കാട്ടുപന്നികളും, വൈൽഡ്ബീസ്റ്റിന്റെ ചെറുത്തുനിൽപ്, ഒടുവിൽ?

Mail This Article

കാടിനെയും കാട്ടുമൃഗങ്ങളെയും അടുത്തറിയാനും കാണാനും ഏറെയിഷ്ടപ്പെടുന്നവരാണ് കാനനയാത്രയ്ക്കിറങ്ങുന്നവർ. സഫാരിക്കിറങ്ങുന്നവരെ പലപ്പോഴും കാത്തിരിക്കുന്നത് വിസ്മയക്കാഴ്ചകളായിരിക്കും. വിസ്മയത്തിനൊപ്പം പല നൊമ്പരക്കാഴ്ചകളും പലപ്പോഴും അവിടെ കാത്തിരിക്കുന്നുണ്ടാവും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്നും പുറത്തുവരുന്നത്. പരിക്കേറ്റു കിടന്ന വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞിനെ ലക്ഷ്യമാക്കിയെത്തുന്ന പുള്ളിപ്പുലിയുടെയും കാട്ടുപന്നികളുടെയും ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
പുലർച്ചെ സഫാരിക്കിറങ്ങിയ 24കാരനായ നാദവ് ഒസ്സെൻഡ്രിയറും സുഹൃത്തുക്കളുമാണ് അപൂർവ കാഴ്ച നേരിൽ കണ്ടതും ക്യാമറയിൽ പകർത്തിയതും. കാട്ടുനായ്ക്കളെ കാണാനിറങ്ങിയതായിരുന്നു ഇവരുടെ സംഘം. അപ്പോഴാണ് മറ്റൊരു സ്ഥലത്ത് പരിക്കേറ്റു കിടക്കുന്ന വൈൽഡ്ബീസ്റ്റിനെയും സമീപത്തായി ചുറ്റിത്തിരിയുന്ന പുള്ളിപ്പുലിയെയും കണ്ടെന്ന ഗാർഡിന്റെ ഫോൺ സന്ദേശമെത്തിയത്. ഉടൻതന്നെ ഇവരുടെ സംഘം അവിടേക്ക് തിരിച്ചു.

ജനിച്ച് അധികദിവസം പിന്നിടാത്ത വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞിനെയും സമീപത്തായി അതിന്റെ അമ്മയെയും കണ്ടു. അൽപം അകലെയായി കുഞ്ഞിനെ ലക്ഷ്യമാക്കിയെത്തുന്ന പുള്ളിപ്പുലിയും. കുഞ്ഞിനരികിലേക്കെത്തിയ പുള്ളിപ്പുലിയെ അമ്മ പെട്ടെന്നുതന്നെ അവിടെ നിന്നും തുരത്തി. കുഞ്ഞിന് ചുറ്റും സുരക്ഷാകവചം തീർത്ത് അമ്മ നിലയുറപ്പിച്ചു. പുലി സമീപത്തെ പുല്ലിനിടയിൽ മറയുകയും ചെയ്തു. പുലിയെ തുരത്തിയ ആശ്വസത്തിൽ നിൽക്കുമ്പോഴാണ് അവിടേക്ക് കാട്ടുപന്നിക്കൂട്ടമെത്തിയത്. അവയും പരുക്കേറ്റ കുഞ്ഞിനെ ഭക്ഷണമാക്കാൻ ശ്രമിച്ചു. ഇതുകണ്ട അമ്മ വൈൽഡ്ബീസ്റ്റ് കാട്ടുപന്നികളെയും ഏറെ പണിപ്പെട്ട് അവിടെനിന്നും ഓടിച്ച് കുഞ്ഞിന്റെ ജീവൻ കാത്തു.
അഞ്ചു മണിക്കൂറോളമാണ് പുള്ളിപ്പുലി ഇരയ്ക്കായി കാത്തിരുന്നത്. അമ്മയുടെ നോട്ടം തെറ്റിയ അവസരം മുതലെടുത്ത് പുള്ളിപ്പുലി വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞിനെയും കടിച്ചെടുത്ത് സമീപത്തെ പാതയോരത്തിനരികിലേക്ക് നീങ്ങി. അവിടെവച്ചുതന്നെ അതിനെ ഭക്ഷിക്കാൻ തുടങ്ങുകയും ചെയ്തു. ഏറെനേരം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച അമ്മയും ഒടുവിൽ വേദനയോടെ അവിടെ നിന്നും നടന്നകന്നു. കൗതുകത്തിനൊപ്പം നൊമ്പരവും സമ്മാനിക്കുന്ന കാഴ്ചയാണിതെന്ന് നാദവും സംഘവും വ്യക്തമാക്കി.
English Summary: Wildebeest Tries Saving her Calf From Leopard & Warthogs