ഗർഭിണിയായ വൈൽഡ്ബീസ്റ്റിനെ വേട്ടയാടി സിംഹക്കൂട്ടം, നൊമ്പരക്കാഴ്ച: വിഡിയോ

Mail This Article
ഗർഭിണിയായ വൈൽഡ്ബീസ്റ്റിനെ വേട്ടയാടി സിംഹക്കൂട്ടം. സൗത്ത് ആഫ്രിക്കയിലെ പിലാനെസ്ബർഗ് ദേശീയ പാർക്കിലാണ് സംഭവം നടന്നത്. വിനോദസഞ്ചാരികൾക്കൊപ്പം സഫാരിക്കിറങ്ങിയ 32കാരിയായ ഗൈഡ് ടാരിൻ റേയാണ് ഈ ദൃശ്യം പകർത്തിയത്. പുലർച്ചെ അഞ്ചരയ്ക്ക് വിനോദസഞ്ചാരികൾക്കൊപ്പം സഫാരിക്കിറങ്ങിയപ്പോഴാണ് റേഡിയോയിലൂടെ പാർക്കിന്റെ മധ്യഭാഗത്തായി സിംഹക്കൂട്ടം വിശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഉടൻ തന്നെ സംഘം അവിടേക്ക് തിരിച്ചു.
വിനോദസഞ്ചാരികളുടെ സംഘം ഇവിടെയെത്തുമ്പോഴും സിംഹങ്ങൾ വിശ്രമത്തിലായിരുന്നു. അൽപസമയത്തിനു ശേഷം സിംഹങ്ങൾ വിശ്രമസ്ഥലത്തുനിന്ന് എഴുന്നേറ്റ് പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങി.നിർത്തിയിട്ടിരിക്കുന്ന ഇവരുടെ വാഹനത്തിനു സമീപത്തുകൂടിയായിരുന്നു സിംഹക്കൂട്ടത്തിന്റെ യാത്ര. സമീപത്തെ തടാകക്കരിയിൽ നിന്ന് വെള്ളം കുടിക്കാനായിരുന്നു സിംഹങ്ങളുടെ യാത്ര. അതിനിടയിലേക്കാണ് വെള്ളം തേടി വൈൽഡ്ബീസ്റ്റുകളുടെ സംഘവുമെത്തിയത്. തടാകത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുൻപാണ് വൈൽഡിബീസ്റ്റുകൾ എതിരെവരുന്ന സിംഹക്കൂട്ടത്തെ കണ്ടത്. എന്നാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് മുൻപ്തന്നെ വൈൽഡ്ബീസ്റ്റുകളിലൊന്നിനെ കൂട്ടത്തിലൊരു സിംഹം പിടികൂടി. ഇതോടെ മറ്റു സിംഹങ്ങളുമെത്തി വൈൽഡ്ബീസ്റ്റിന് കീഴ്പ്പെടുത്തി.
നിമിഷങ്ങൾക്കകം തന്നെ വൈൽഡ്ബീസ്റ്റിനെ വലിച്ചു താഴെയിട്ട് അതിനെ കടിച്ചുകൊന്നു. സിംഹക്കൂട്ടം കടിച്ചുകീറി ഭക്ഷിക്കാനും തുടങ്ങി. ഇതിനിടയിൽ ഒരു പെൺസിംഹം ഗർഭിണിയായ വൈൽഡ്ബീസ്റ്റിന്റെ വയറിനുള്ളിൽ നിന്നും ഗർഭസ്ഥശിശുവിനെ വലിച്ചു പുറത്തേക്കിട്ടു. അതിനുശേഷം അൽപം അകലേക്ക് മാറിയിരുന്ന് അതിനെ ഭക്ഷിച്ചുതുടങ്ങി. അപൂർവ കാഴ്ചയാണെങ്കിലും ഈ സംഭവം മനസ്സിനെ നൊമ്പരപ്പെടുത്തുന്നതായിരുന്നുവെന്ന് സഞ്ചാരികളുടെ സംഘം വ്യക്തമാക്കി.
English Summary: Lions Hunt Pregnant Wildebeest and Pull the Baby Out!