ADVERTISEMENT

കര്‍ണാടകയില്‍ ഗണേശ വിഗ്രഹ നിമഞ്ജനം തടഞ്ഞ പൊലീസ് ഗണപതി ഭഗവാനെ അറസ്റ്റ് ചെയ്തു എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിൽ കയറിയ ശേഷം ഹിന്ദുക്കളുടെ അവസ്ഥയിതാണെന്ന അവകാശവാദത്തോടെ ഗണപതി വിഗ്രഹം വാഹനത്തിലേയ്ക്ക്  കയറ്റുന്ന പൊലീസുകാരുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.

∙ അന്വേഷണം

കർണാടകയിൽ ഗണപതി ഭഗവാനെ അറസ്റ്റ് ചെയ്തു.ഇപ്പോ അവിടുത്തെ ഹിന്ദുക്കൾക്ക് സമാധാനമായി കാണും.കർണാടകയിലെ ജിഹാദി അനുകൂല പാർട്ടി സ്നേഹത്തിന്റെ കട തുറന്നതിനു ശേഷം ഇത്തരം സ്നേഹ അനുഭവങ്ങളിലൂടെ ആണ് ഹിന്ദുക്കൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് പോസ്റ്റുകൾക്കൊപ്പം പ്രചരിക്കുന്നത്. പ്രചരിക്കുന്ന പോസ്റ്റുകൾ കാണാം

വൈറൽ ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ വൈറൽ ചിത്രം ഉൾപ്പെട്ട നിരവധി പോസ്റ്റുകൾ ഞങ്ങൾക്കു ലഭിച്ചു. theindia.360 എന്ന ഇൻസ്റ്റഗ്രാം പേജിൽ , നാഗമംഗല വർഗീയ സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഏതാനും വ്യക്തികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ബംഗളൂരുവിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഗണേഷ് നിമഞ്ൻജൻ ഘോഷയാത്രയ്ക്കിടെ മറ്റൊരു സമുദായത്തിൽപ്പെട്ടവരുമായി കല്ലേറുണ്ടായതിനെ തുടർന്ന് സംഘർഷം രൂക്ഷമായി. എന്നാൽ പ്രതിഷേധത്തിന് കൃത്യമായ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കർണാടക പൊലീസ് ഇടപെട്ട് ഗണേശ വിഗ്രഹം പിടിച്ചെടുത്തു.

സംഭവത്തിൽ ഗണപതിയെയും ഹിന്ദു പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിലുണ്ടായ സംഘർഷത്തിനിടെ കല്ലേറും ഹിന്ദുക്കളുടെ കടകൾ കത്തിച്ചതും ഉൾപ്പെടെയുള്ള അക്രമങ്ങളെ അപലപിച്ച പ്രതിഷേധത്തിന് മറുപടിയായാണ് അറസ്റ്റ്. പൊലീസ് വാനിലുള്ള ഗണപതിയുടെ ചിത്രം പലരിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്, ഇത് ഹിന്ദു സമൂഹത്തിൽ പ്രതിധ്വനിക്കുന്ന അസ്വസ്ഥതയെ പ്രതീകപ്പെടുത്തുന്നു എന്ന കുറിപ്പിനൊപ്പമാണ് (പരിഭാഷ) വൈറൽ ചിത്രം പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

ഈ സൂചനയുപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയിൽ വൈറല്‍ ചിത്രവുമായി ബന്ധപ്പെട്ട നിരവധി റിപ്പോര്‍ട്ടുകള്‍  ലഭിച്ചു.

കർണ്ണാടകയിലെ നാഗമണ്ഡലയിലുണ്ടായ വർഗീയ കലാപത്തെത്തുടർന്ന് പൊലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു എന്നാണ് ഇതിലൊരു വാർത്തയിലെ തലക്കെട്ട്. 

റിപ്പോർട്ടിനൊപ്പമുള്ള ചിത്രത്തിന് ബംഗളൂരുവിലെ ടൗൺ ഹാളിന് സമീപമുള്ള പ്രതിഷേധ സ്ഥലത്ത് നിന്ന് വെള്ളിയാഴ്ച പോലീസ് ഗണേശ വിഗ്രഹം നീക്കം ചെയ്തു എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വൈറൽ ചിത്രത്തിലേതിന് സമാനമാണ് ഈ ചിത്രവും. വാർത്ത പരിശോധിച്ചപ്പോൾ അനുമതിയില്ലാതെ നടത്തിയ പ്രതിഷേധം പൊലീസ് തടയുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രകടനത്തിന് എത്തിയവരുടെ കൈവശമുണ്ടായിരുന്ന ഗണപതി വിഗ്രഹങ്ങൾ പൊലീസ് വാഹനങ്ങളിലേയ്ക്ക് എടുത്ത് വയ്ക്കുകയായിരുന്നു വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വൈറൽ ചിത്രങ്ങൾ തെറ്റായി പ്രചരിപ്പിച്ചതിനും പോസ്റ്റിലെ വിവാദ പരാമർശത്തിനും കേന്ദ്ര മന്ത്രി  Shoba Karandlajeയ്ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയത് കേസെടുത്തതായി റിപ്പോർട്ടുണ്ട്. വാർത്ത കാണാം 

മാണ്ഡ്യയിലെ അക്രമം എന്‍ഐഎ അന്വേഷിക്കണമെന്നും എല്ലാ കുറ്റക്കാരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാർ തടിച്ചു കൂടിയത്. എന്നാൽ അനുമതി വാങ്ങാതെ  നടന്ന പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്നാണ് ഇവരുടെ കൈവശമുണ്ടായിരുന്ന ഗണേശ വിഗ്രഹങ്ങൾ പൊലീസ് അവരുടെ വാഹനങ്ങളിലേയ്ക്ക് മാറ്റിയത്.ചില റിപ്പോർട്ടുകളിൽ പറയുന്നു. 

സ്ഥിരീകരണത്തിനായി ബംഗളൂരു സെൻട്രൽ‌ പൊലീസിലെ ചില ഉദ്യോഗസ്ഥരുമായി ഞങ്ങൾ സംസാരിച്ചു. ഗണേശോൽസവവുമായി ബന്ധപ്പെട്ട് അക്രമം നടന്ന മാണ്ഡ്യ സംഭവത്തിൽ പ്രതിഷേധവുമായെത്തിയവർ മുൻകൂർ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ ഗണപതി വിഗ്രഹങ്ങളുമായാണ് പ്രതിഷേധത്തിനെത്തിയത്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതിനിടെ ഗണേശ വിഗ്രഹങ്ങൾ സുരക്ഷിതമായി മാറ്റുകയാണ്  പൊലീസ് ചെയ്തത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണ്. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്.അവർ വ്യക്തമാക്കി.

∙ വസ്തുത

കര്‍ണാടകയില്‍ ഗണപതി വിഗ്രഹം പൊലീസ് കസ്റ്റഡിയിലെടുത്തു എന്ന അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതിനിടെ ഗണേശ വിഗ്രഹങ്ങൾ സുരക്ഷിതമായി മാറ്റുകയാണ്  പൊലീസ് ചെയ്തത്.

English Summary :The campaign claiming that the Ganesha idols has been taken into custody by the police in Karnataka is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com