മെഴ്സിഡീസ് ബെൻസിന്റെ പുതിയ ആഡംബര എസ്യുവി ഈ മാസം
Mail This Article
ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യയുടെ ഫ്ലാഗ്ഷിപ് എസ് യു വിയായ 2020 ജിഎൽഎസ് ഈ 17ന് അരങ്ങേറ്റം കുറിക്കും. മെഴ്സീഡിസിന്റെ മോണോകോക്ക് ബോഡി ശൈലിയുള്ള എസ് യു വികളിലെ മുന്തിയ മോഡലായ ജിഎൽഎസിന്റെ പുത്തൻ പതിപ്പിന്റെ ഇന്ത്യൻ അരങ്ങേറ്റം കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മാർട്ടിൻ ഷ്വെങ്കാണു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.
അഞ്ചു മീറ്ററിലേറെ നീളമുള്ള 2020 ജിഎൽഎസിന് തുടക്കത്തിൽ കരുത്തേകുക മൂന്നു ലീറ്റർ പെട്രോൾ എൻജിനാണ്; 367 പി എസ് വരെ കരുത്തും 500 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പിന്നീട് മൂന്നു ലീറ്റർ ഡീസൽ എൻജിൻ സഹിതവും കാർ വിപണിയിലെത്തും; 286 പി എസ് വരെ കരുത്തും 600 എൻ എം ടോർക്കുമാണു ഡീസൽ എൻജിൻ സൃഷ്ടിക്കുക. മെഴ്സീഡിസിന്റെ ഓൾ വീൽ ഡ്രൈവ് സംവിധാനത്തോടെ എത്തുന്ന ‘ജി എൽ എസി’ൽ ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.
പിന്നിൽ രണ്ട് ഭാഗങ്ങളുള്ള എൽ ഇ ഡി ടെയിൽ ലാംപ് സഹിതമെത്തുന്ന കാറിൽ 12.3 ഇഞ്ച്, ഹൈ ഡഫനിഷൻ ഡിജിറ്റൽ ഇൻസ്ട്രമെന്റ് പാനലും ഇടംപിടിക്കുന്നു. വില സംബന്ധിച്ചു മെഴ്സീഡിസ് ബെൻസ് സൂചനയൊന്നും നൽകിയിട്ടില്ലെങ്കിലും ഒരു കോടി രൂപയ്ക്കു മുകളിലാവുമെന്നു പ്രതീക്ഷിക്കാം. ഇന്ത്യയിൽ ബി എം ഡബ്ല്യു എക്സ് സെവൻ, ഔഡി ക്യു എയ്റ്റ്, വോൾവോ എക്സ് സി 90 തുടങ്ങിയവയോടാവും ജിഎൽ സിന്റെ പോരാട്ടം.
English Summary: 2020 Mercedes-Benz GLS India launch scheduled for June