വേഗം 100 കടക്കാൻ 1.9 സെക്കൻഡ്, കോടീശ്വരന്മാർക്ക് പോലും സ്വന്തമാക്കാൻ സാധിക്കാത്ത ഗെമേര !

Mail This Article
ഗെമേര എന്ന ഫോർ സീറ്റർ ജിടിയുമായി വാഹനലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സൂപ്പർ കാർ നിർമാതാക്കളായ കോണിസെഗ്. കോണിസെഗിന്റെ ആദ്യ ഫോർസീറ്റർ സൂപ്പർ കാറും കൂടിയാണ് ഗെമേര. പക്ഷേ, അതൊന്നുമല്ല ഇതിന്റെ ഹൈലൈറ്റ്. 0–100 വേഗത്തിലെത്താൻ വേണ്ട സമയം തന്നെയാണ്. വെറും 1.9 സെക്കൻഡ് സമയം മാത്രം മതി ഗെമേരയ്ക്ക് ഈ വേഗത്തിലെത്താൻ. കൂടിയ വേഗമാകട്ടെ മണിക്കൂറിൽ 402 കിലോമീറ്ററും!

തീർന്നില്ല, ഞെട്ടാനിരിക്കുന്നതേയുള്ളൂ. 1700 ബിഎച്ച്പിയാണ് ഈ സൂപ്പർ കാറിന്റെ കൂടിയ കരുത്ത്. എൻജിനോ? 2.0 ലീറ്റർ 3 സിലിണ്ടർ എൻജിനും.! ശ്ശെടാ.. ചെറിയ എൻജിനിൽനിന്നു ഇത്രയും കരുത്തോ? സ്വാഭാവികമായും സംശയം തോന്നാം. ശരിയാണ് 1700 ബിഎച്ച്പി കരുത്ത് മുഴുവനായും ഈ എൻജിന്റെയല്ല. വേറെ മൂന്ന് ഇലക്ട്രിക് മോട്ടറും ഉണ്ട്. പക്ഷേ, എൻജിൻ പുറത്തെടുക്കുന്ന പവർ കേട്ടാൽ വീണ്ടും ഞെട്ടും. 600 ബിഎച്ച്പി! ടോർക്കാകട്ടെ 600 എൻഎമ്മും. ടർബോ ചാർജറുകളും ഫ്രീ വാൽവ് സാങ്കേതികവിദ്യകളുമൊക്കെ പ്രയോഗിച്ചാണ് ഇത് കൈവരിച്ചിരിക്കുന്നത്.

മൂന്ന് ഇലക്ട്രിക് മോട്ടറുകളിൽ രണ്ടെണ്ണം പിൻ വീലുകളുമായി ഘടിപ്പിച്ചിരിക്കുന്നു. മൂന്നാമത്തേത് എൻജിന്റെ ക്രാങ്ക് ഷാഫ്റ്റുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഇവയെല്ലാം കൂടി നൽകുന്ന കൂടിയ ടോർക്ക് എത്രയെന്നു കേൾക്കണോ? 3500 എൻഎം! ഇലക്ട്രിക് മോട്ടറിൽ മാത്രമായും ഗെമേര സഞ്ചരിക്കും. കൂടിയ വേഗം മണിക്കൂറിൽ 300 കിലോമീറ്റർ. ഓർഡർ അനുസരിച്ച് 300 എണ്ണം മാത്രമേ നിർമിക്കു, വില ഏകദേശം 1 ദശലക്ഷം ഡോളർ(7.5 കോടി രൂപ).
English Summary: Koenigsegg Gemera Hyper Sports Car