ഇന്ത്യയ്ക്കായി നിർമിക്കുന്ന എസ്യുവി കുശക്, മത്സരം ക്രേറ്റയോടും സെൽറ്റോസിനോടും
Mail This Article
സ്കോഡ ഓട്ടോ ഇന്ത്യയ്ക്കായി അണിയിച്ചൊരുക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘കുശക്കി’ന്റെ ആദ്യ അവതരണം മാർച്ച് 18ന്. ഇന്ത്യയ്ക്കായി സ്കോഡ നിർമിക്കുന്ന ആദ്യ കാറിന്റെ അനാവരണണം സംബന്ധിച്ചു ട്വിറ്ററിലായിരുന്ന കമ്പനി മേധാവി സാക് ഹൊളിസിന്റെ പ്രഖ്യാപനം. വിഷൻ ഇൻ എന്ന പേരിൽ വികസിപ്പിച്ച എസ് യു വിക്കുള്ള പേര് ജനുവരിയിലാണു സ്കോഡ ഓട്ടോ ഇന്ത്യ വെളിപ്പെടുത്തിയത്; സംസ്കൃതത്തിൽ രാജാവെന്നും ചക്രവർത്തിയെന്നുമൊക്കെ അർഥം വരുന്ന വാക്കിൽ നിന്നാണു കമ്പനി ‘കുശക്’ എന്ന പേരു സ്വീകരിച്ചത്. തുടർന്ന് അതേ മാസം തന്നെ കാറിന്റെ പ്രീ പ്രൊഡക്ഷൻ മാതൃകയും സ്കോഡ അനാവരണം ചെയ്തു.
ഹ്യുണ്ടേയ് ‘ക്രേറ്റ’, കിയ ‘സെൽറ്റോസ്’, എം ജി ‘ഹെക്ടർ’, ടാറ്റ ‘ഹാരിയർ’, ജീപ് ‘കോംപസ്’ തുടങ്ങിയവയും വൈകാതെ അരങ്ങേറുമെന്നു കരുതുന്ന മഹീന്ദ്ര ‘എക്സ് യു വി 500’, ഫോക്സ്വാഗൻ ‘ടൈഗുൺ’ എന്നിവയും ഇടംപിടിക്കുന്ന ഇടത്തരം എസ് യു വി വിപണി പിടിക്കാനാണു സ്കോഡ ഈ ‘രാജാവി’നെ അവതരിപ്പിക്കുന്നത്. ഇന്ത്യയ്ക്കായി ‘എം ക്യു ബി എ സീറോ — ഇൻ’ പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിക്കുന്ന ആദ്യ മോഡലായ ‘കുശക്കി’ന് 12 ലക്ഷം രൂപയോളമാണു വില പ്രതീക്ഷിക്കുന്നത്. പൂമ്പാറ്റയെ അനുസ്മരിപ്പിക്കുന്ന മുൻ ഗ്രില്ലും എൽ ഇ ഡി ഹെഡ്ലാംപും സ്കിഡ് പ്ലേറ്റും ഡയമണ്ട് കട്ട് അലോയ് വീലും റൂഫ് റെയിലുമൊക്കെയായിട്ടാവും ‘കുശക്കി’ന്റെ വരവ്.
എതിരാളികൾ കരുത്തരായതിനാൽ സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ തെല്ലും വിട്ടുവീഴ്ച ചെയ്യാതെയാവും സ്കോഡ ‘കുശക്കി’നെ പടയ്ക്കിറക്കുക; ഫ്ളോട്ടിങ് ടച് ബേസ്ഡ് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, തുകൽ പൊതിഞ്ഞ സ്റ്റീയറിങ് വീൽ, പൂർണമായും ഡിജിറ്റൽ ഡിസ്പ്ലേ തുടങ്ങിയവയൊക്കെ കാറിൽ പ്രതീക്ഷിക്കാം. രണ്ട് എൻജിൻ സാധ്യതകളോടെയാവും ‘കുശക്കി’ന്റെ വരവെന്നാണു സൂചന: ഒരു ലീറ്റർ ടി എസ് ഐ പെട്രോളും 1.5 ലീറ്റർ ടി എസ് ഐ പെട്രോളും. ഒരു ലീറ്റർ ടർബോ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സുകളാവും. ശേഷിയേറിയ ടർബോ പെട്രോൾ എൻജിനൊപ്പമെത്തുക ഏഴു സ്പീഡ് ഡി എസ് ജി ഗീയർബോക്സും.
English Summary: Skoda Kushaq Sketches Reveal Design Of The Compact SUV