ബുള്ളറ്റ്, ഹോണ്ട ഹൈനസ്, യെസ്ഡി; ഹാർലി ഡേവിഡ്സൺ എക്സ്440 എതിരാളികൾ
Mail This Article
മിഡിൽവെയ്റ്റ് ക്രൂസർ ബൈക്കുകളുടെ വിപണിയിൽ ഹാർലി ഡേവിഡ്സൺ എക്സ്440 കൂടി എത്തുന്നതോടെ മത്സരം മുറുകുമെന്ന് തീർച്ച. റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹോണ്ട ഹൈനസ് സിബി 350, യെസ്ഡി റോഡ്സ്റ്റർ എന്നിവയാണ് എക്സ്440യുടെ നേരിട്ടുള്ള എതിരാളികൾ.
എൻജിൻ
കരുത്ത് കൂടിയ ഹാർലി ഡേവിഡ്സൺ മോഡലുകളുടെ പ്രത്യേകതയായ ഉയർന്ന ടോർക്ക് തന്നെയാണ് എക്സ്440യുടെയും ഹൈലൈറ്റ്. 2 വാൽവ് മോട്ടറായ എക്സ് 440 ആണ് കൂട്ടത്തിൽ ഉയർന്ന ടോർക്കുള്ള മോഡൽ. എയർ / ഓയിൽ കൂൾഡ് വാഹനങ്ങളിൽ 6 സ്പീഡ് ഗിയർബോക്സുള്ള വാഹനവും ഇതു മാത്രമാണ്. 440 സിസിയുള്ള എക്സ്440ന് 27 എച്ച്പി പരമാവധി കരുത്തും 38 എൻഎം ടോർക്കുമുണ്ട്. റോയൽ എൻഫീൽഡിന്റെ 350 സിസി എൻജിന് പരമാവധി കരുത്ത് 20 എച്ച്പിയും 27 എൻഎം ടോർക്കുമാണ്. ഹോണ്ട ഹൈനസ് 350ൽ പരമാവധി കരുത്ത് 21 എച്ച്പിയാണ്. 30 എൻഎം ആണ് ടോർക്ക്. 334 സിസി ലിക്വിഡ് കൂൾഡ് എൻജിനുള്ള യെസ്ഡി റോഡ്സ്റ്ററാണ് കൂട്ടത്തിൽ കരുത്തനെന്നു പറയാം. 29.5 എച്ച്പിയാണ് ഈ വാഹനത്തിനു പരമാവധി കരുത്ത്. 28.95 എൻഎം ടോർക്കുമുണ്ട്. ഹാർലി ഡേവിഡ്സൺ എക്സ് 440ൽ സസ്പൻഷൻ മുന്നിൽ യുഎസ്ഡി നൽകിയപ്പോൾ മറ്റ് 3 നിർമാതാക്കളും ടെലസ്കോപിക് ഫോർക് നൽകി. 4 വാഹനങ്ങളിലും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളാണ്.
ബ്രേക്ക്
ബ്രേക്കിൽ എക്സ്440 തന്നെയാണ് മികച്ചു നിൽക്കുന്നത്. 320 എംഎം ഡിസ്ക് ബ്രേക്കാണ് ഹാർലി എക്സ്440ന് നൽകിയത്. ഹൈനസിൽ 310 എംഎം ഡിസ്കാണ് മുന്നിൽ. റോയൽ എൻഫീൽഡ് ക്ലാസിക്കിലും യെസ്ഡി റോഡ്സ്റ്ററിലും 300 എംഎം ഡിസ്ക് ബ്രേക്കാണ്. പിന്നിലെ ബ്രേക്കിൽ മികച്ചത് റോയൽ എൻഫീൽഡാണ്. 270 എംഎം ആണ് ക്ലാസിക് 350ന് പിന്നിലുള്ളത്. മറ്റ് 3 വാഹനങ്ങളിലും 240 എംഎം ഡിസ്ക് ബ്രേക്കാണ് പിന്നിൽ. എക്സ്440ന്റെ ഉയർന്ന വകഭേദത്തിൽ ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ ടിഎഫ്ടി ഡാഷ് ഉണ്ട്. ഇവിടെ നാവിഗേഷനും നോട്ടിഫിക്കേഷനും ലഭിക്കും.
വില
2.29 ലക്ഷത്തിൽ ഹാർലി ഡേവിഡ്സൺ ബ്രാൻഡിൽ നിന്ന് ലഭിക്കുന്ന നിർമാണ നിലവാരമുള്ള വാഹനം തന്നെയാണ് എക്സ്440. കരുത്തും ടെക്നോളജി സന്നാഹങ്ങളും ചേർന്ന് മികച്ച ഒരു പാക്കേജാണ് എക്സ്440 എന്നു പറയാം. റോയൽ എൻഫീൽഡ് മോഡലിന് 1.93 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. കേവലം 35000 രൂപയുടെ വ്യത്യാസത്തിൽ ഹാർലി ഡേവിഡ്സൺ ബ്രാൻഡ് വാഹനമെന്ന പ്രത്യേകത എക്സ്440ന് ലഭിക്കും. 2.09 ലക്ഷം രൂപയാണ് ഹൈനസിനു വില. യെസ്ഡി റോഡ്സ്റ്ററിന് 2.06 ലക്ഷം മുതൽ വില ആരംഭിക്കുന്നു.
English Summary: Harley Davidson X440 Rivals Specifications Comparison