യാത്രികരുമായി ആകാശത്ത് ഒരു മണിക്കൂറിലേറെ വട്ടം ചുറ്റി; ഈ അപകടങ്ങളാണ് ആധുനിക സുരക്ഷയുടെ പാഠങ്ങൾ
Mail This Article
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാർഗമാണ് വിമാനങ്ങൾ. വിമാനാപകടങ്ങൾ അപൂർവമാണെങ്കിലും ഓരോ അപകടം കഴിയുമ്പോഴും അതിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ട് സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തും. വിമാനയാത്രകളിൽ ഇന്നുള്ള സുരക്ഷാസംവിധാനങ്ങളില്‍ പലതിനും കാരണം അപകടങ്ങളാണ്. വിമാനയാത്രകളുടെ ഗതിമാറ്റിയ അത്തരം അപകടങ്ങളെക്കുറിച്ച് അറിയാം.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍
1956 ജൂണ്‍ 30ന് ഗ്രാന്‍ഡ് കാന്യനു മുകളിലൂടെ രണ്ടു വിമാനങ്ങള്‍ പറന്നു. ലൊസാഞ്ചലസ് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന, യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡിസി7ഉം ട്രാന്‍സ് വേള്‍ഡ് എയര്‍ലൈന്‍സിന്റെ ലോക്ഹീഡ് എല്‍1049 വിമാനവുമായിരുന്നു അത്. അവ രണ്ടും കൂട്ടിയിടിച്ച് 128 യാത്രികരും കൊല്ലപ്പെട്ടു. ഈ സംഭവം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം തന്നെ പരിഷ്‌ക്കരിക്കുന്നതിനു കാരണമായി. അന്ന് 250 ദശലക്ഷം ഡോളറാണ് അതിനു ചെലവായത്. വ്യോമ സുരക്ഷ ഉറപ്പിക്കാന്‍ 1958ല്‍ ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി രൂപീകരിക്കാൻ കാരണമായതും ഈ കൂട്ടിയിടിയായിരുന്നു.
കോക്പിറ്റിലെ ഏകാധിപത്യം
1978 ഡിസംബര്‍ 28, യുണൈറ്റഡ് ഫ്‌ളൈറ്റ് 173 ഒറിഗോണിലെ പോര്‍ട്‌ലാന്‍ഡ് വിമാനത്താവളത്തിനു മുകളിൽ 181 യാത്രികരുമായി ഒരു മണിക്കൂറിലേറെയായി വട്ടം ചുറ്റുന്നു. ലാന്‍ഡിങ് ഗിയറിലെ പ്രശ്‌നം മൂലം നിലത്തിറങ്ങാനാവാത്തതാണ് കാരണം. വിമാനത്തില്‍ ഇന്ധനം കുറവാണെന്നു മുന്നറിയിപ്പ് ലഭിച്ചെങ്കിലും ക്യാപ്റ്റന്‍ അവഗണിച്ചു. പിന്നീട് ഇന്ധനം തീര്‍ന്ന വിമാനം തകര്‍ന്നു വീഴുകയും പത്തു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. വിമാനങ്ങളിൽ അതുവരെ ഉണ്ടായിരുന്ന ‘ക്യാപ്റ്റനാണ് ദൈവം’ എന്ന അധികാര വ്യവസ്ഥയ്ക്കു തന്നെ മാറ്റമുണ്ടായി. യുണേറ്റഡ് എയർലൈൻസ് തങ്ങളുടെ കോക്പിറ്റ് ട്രെയിനിങ്ങിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവന്നു.
സ്‌മോക് സെന്‍സര്‍
33,000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു എയര്‍ കാനഡയുടെ ഡിസി 9 വിമാനത്തില്‍നിന്നു പുക വന്നു തുടങ്ങിയത്. 1983 ജൂണ്‍ രണ്ടിന് ഡാലസില്‍നിന്നു ടൊറന്റോയിലേക്കായിരുന്നു യാത്ര. പിന്നിലെ ശുചിമുറിയില്‍നിന്നു ചെറിയ തോതില്‍ ഉയര്‍ന്ന പുക വൈകാതെ വിമാനത്തിനുള്ളിൽ നിറഞ്ഞു. ഇതോടെ അടിയന്തരമായി വിമാനം ഇറക്കേണ്ടി വന്നു. എല്ലാവരെയും പുറത്തിറക്കുന്നതിനു മുമ്പു തന്നെ വിമാനത്തിനു തീപിടിക്കുകയും വിമാനത്തിലുണ്ടായിരുന്ന 46 പേരില്‍ 23 പേരും കൊല്ലപ്പെടുകയും ചെയ്തു. ഇതോടെയാണ് സ്‌മോക് സെന്‍സറുകളും ഓട്ടമാറ്റിക് അഗ്നിശമന സംവിധാനങ്ങളും ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി നിര്‍ബന്ധമാക്കിയത്. 1988 നു ശേഷം നിര്‍മിക്കപ്പെട്ട വിമാനങ്ങളുടെ ഉള്‍ഭാഗത്ത് എളുപ്പം തീ പിടിക്കാത്ത വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്.
എന്‍ജിന്‍ സുരക്ഷ
1989 ജൂലൈ 19, ഡെന്‍വറില്‍നിന്നു ഷിക്കാഗോയിലേക്കു പറക്കുകയാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 232. വിമാനത്തിന്റെ എന്‍ജിനില്‍ തകരാറ് ശ്രദ്ധയില്‍ പെട്ടു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും 296 മനുഷ്യരുടെ ജീവന്‍ അപകടത്തിലാവുകയും ചെയ്തു. ക്യാപ്റ്റന്‍ അടിയന്തര ലാന്‍ഡിങ് നടത്തി. റണ്‍വേയില്‍ വച്ചു തന്നെ വിമാനത്തിനു തീ പിടിച്ചെങ്കിലും 185 പേരുടെ ജീവന്‍ രക്ഷിക്കാനായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍, എന്‍ജിന്റെ കാര്യക്ഷമത പരിശോധിച്ച മെക്കാനിക്കിനു സംഭവിച്ച വീഴ്ചയാണ് ഈ ദുരന്തത്തിലേക്കു നയിച്ചതെന്ന് തെളിഞ്ഞു. ഇതോടെ വിമാനത്തിന്റെ എന്‍ജിനുകള്‍ യാത്രയ്ക്കു മുന്‍പ് പരിശോധിക്കുന്ന രീതിതന്നെ മാറി.
വിമാനഭാഗങ്ങളുടെ ആയുസ്സ്
1988 ഏപ്രില്‍ 28ന് താരതമ്യേന വിചിത്രമായ ഒരു വിമാന അപകടം സംഭവിച്ചു. ഹവായില്‍നിന്നു ഹൊനോലുലുവിലേക്കു പറക്കുകയായിരുന്ന വിമാനത്തിന്റെ മേല്‍ക്കൂര 24,000 അടി ഉയരത്തില്‍ വച്ച് ഇളകി തെറിച്ചു പോയി. 19 വര്‍ഷം പഴക്കമുണ്ടായിരുന്നു ഈ ബോയിങ് 737 വിമാനത്തിന്. വിമാനത്തിെ യാത്രികരെല്ലാം ശക്തമായ കാറ്റും തണുപ്പും അനുഭവിച്ചു. വിമാനം അടിയന്തരമായി നിലത്തിറക്കി. ഫ്‌ളൈറ്റ് അറ്റൻഡന്റുമാരില്‍ ഒരാള്‍ വിമാനത്തില്‍നിന്നു പുറത്തേക്കു തെറിച്ചു വീണു കൊല്ലപ്പെട്ടു. ബാക്കിയെല്ലാവരും ജീവനോടെ ഭൂമിയിലെത്തി. ഇതിനു ശേഷമാണ് എഫ്എഎ 1911ല്‍ നാഷനല്‍ ഏജിങ് എയര്‍ക്രാഫ്റ്റ് റിസര്‍ച്ച് പ്രോഗ്രാം ആരംഭിക്കുന്നത്. വിമാനഭാഗങ്ങളുടെ കാലപ്പഴക്കം കൂടി പരിശോധിക്കുന്നത് നിര്‍ബന്ധമാക്കുകയും ചെയ്തു.
യാത്രാ വിമാനങ്ങളിലെ ചരക്കു ഭാഗങ്ങള്‍
1983 ലെ എയര്‍ കാനഡ അപകടത്തിനു ശേഷം യാത്രാവിമാനങ്ങളില്‍ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ യാത്രാവിമാനങ്ങളില്‍ ചരക്കു കൊണ്ടുപോകുന്ന ഭാഗങ്ങളില്‍ കാര്യമായ സുരക്ഷയുണ്ടായിരുന്നില്ല. ഇതു നടപ്പില്‍ വരുത്താന്‍ മറ്റൊരു അപകടം കൂടി സംഭവിക്കേണ്ടി വന്നു. 1996 മേയ് 11ന് മയാമിക്ക് സമീപം വാല്യുജെറ്റ് 596 വലിയൊരു അപകടത്തില്‍ പെട്ടു. എയര്‍ലൈനിന്റെ അറ്റകുറ്റപ്പണികളുടെ ചുമതലയുണ്ടായിരുന്ന കമ്പനി കെമിക്കല്‍ ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിയമവിരുദ്ധമായി കയറ്റി. ഇതിനു തീ പിടിച്ചതോടെ വിമാനത്തിലുണ്ടായിരുന്ന 110 ജീവനുകളും നഷ്ടമായി. ഇതോടെയാണ് യാത്രാവിമാനങ്ങളിലെ ചരക്കു കൊണ്ടുപോവുന്ന ഭാഗങ്ങളിലും അഗ്നിശമന സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതമായത്.
തല്‍സമയ ഫ്‌ളൈറ്റ് ട്രാക്കിങ്
2014 മാര്‍ച്ച് എട്ടിനു കാണാതായ മലേഷ്യന്‍ വിമാനത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഇന്നും അവസാനിച്ചിട്ടില്ല. ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്കു പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 370 പ്രത്യേകിച്ച് അപകട സന്ദേശങ്ങളൊന്നും നല്‍കാതെയാണ് അപ്രത്യക്ഷമായത്. വിമാനത്തിലുണ്ടായിരുന്ന 239 പേരും കൊല്ലപ്പെട്ടു.
വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി ഇന്നും മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം നിലനില്‍ക്കുന്നു. പൈലറ്റുമാര്‍ ബോധപൂര്‍വം കടലില്‍ ഇടിച്ചിറക്കിയതാണോ യാത്രക്കാര്‍ ആരെങ്കിലും വിമാനം റാഞ്ചിയതാണോ അതോ മറ്റെന്തെങ്കിലും പ്രശ്‌നം സംഭവിച്ചതാണോ എന്നതു സംബന്ധിച്ച് ഇന്നും ഉറപ്പില്ല. എന്തായാലും മലേഷ്യന്‍ വിമാനം കാണാതായ സംഭവത്തിനു ശേഷം വിമാനങ്ങള്‍ തല്‍സമയം ട്രാക്ക് ചെയ്യുന്ന സംവിധാനം നിലവില്‍ വന്നു. രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ തന്നെ ഇതു സംബന്ധിച്ച നിര്‍ദേശം എയര്‍ലൈനുകള്‍ക്ക് നല്‍കിയിട്ടുണ്ട്.