ADVERTISEMENT

കല്‍കി 2898 എഡി തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. പ്രഭാസും അമിതാഭ് ബച്ചനും കമല്‍ഹാസനും ദീപിക പദുകോണുമെല്ലാമുള്ള വന്‍ താര നിരയാണ് ചിത്രത്തില്‍. പ്രഭാസിന്റെ കഥാപാത്രം ഉപയോഗിക്കുന്ന ഭാവിയില്‍ നിന്നുള്ള വാഹനമായ എഐ കാര്‍ ആരെയും അമ്പരപ്പിക്കും. മാഡ് മാക്‌സിലേയും ട്രാന്‍സ്‌ഫോര്‍മേഴ്‌സിലേയുമെല്ലാം വാഹനങ്ങളെ ഓര്‍മിപ്പിക്കും ബുജ്ജി എന്നു പേരിട്ടിരിക്കുന്ന ഈ കരുത്തുറ്റ വാഹനം. സിനിമയില്‍ ഭൂരിഭാഗം സ്ഥലത്തും ഗ്രാഫിക്‌സിന്റെ കൂടി സഹായത്തിലാണ് ബുജ്ജിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളതെങ്കിലും ശരിക്കുള്ള ബുജ്ജിയെ കല്‍ക്കി 2898എഡി ടീം നിര്‍മിച്ചിട്ടുമുണ്ട്. 

200-250 എന്‍എം ടോര്‍ക്കുള്ള കാറുകളെ പോലും കരുത്തു കൂടിയവയുടെ വിഭാഗത്തിലാണ് പെടുത്തുകയെങ്കില്‍ 9,800എന്‍എം ടോര്‍ക്കുമായാണ് ബുജ്ജിയുടെ വരവെന്നു കൂടി അറിയണം. സാധാരണ വാഹനങ്ങളില്‍ നിന്നും രൂപഭാവങ്ങളില്‍ മാത്രമല്ല കരുത്തിലും പെട്ടെന്ന് വേഗം കൂട്ടുന്നതിലുമെല്ലാം വേറെ ലെവല്‍ വാഹനമാണ് ബുജ്ജി. അസാധാരണ വലിപ്പമുള്ള മൂന്നു ടയറുകളിലാണ് ബുജിയുടെ സഞ്ചാരം. മുന്നില്‍ രണ്ടെണ്ണവും പിന്നില്‍ ഒരെണ്ണവും. 34.5 ഇഞ്ച് വലിപ്പമുള്ള മുന്നിലെ രണ്ട് ടയറുകള്‍ പ്രത്യേകം നിര്‍മിച്ചു നല്‍കിയിരിക്കുന്നത് സിയറ്റാണ്. ഇതിനായുള്ള അലോയ് വീലുകള്‍ പ്രത്യേകം ഇറക്കുമതി ചെയ്യുകയായിരുന്നു. വാഹനത്തിന് നടുവിലായുള്ള ഡ്രൈവര്‍ സീറ്റ് ഗ്ലാസ് ഡോം ഉപയോഗിച്ചാണ് മൂടിയിരിക്കുന്നത്. ഡ്രൈവര്‍ സീറ്റിനു പുറകിലായി മറ്റൊരു സീറ്റു കൂടിയുണ്ട്. 

റിയര്‍ വീല്‍ ഡ്രൈവുള്ള ഈ വാഹനത്തില്‍ ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് 126എച്ച്പി(94kW) കരുത്തു പുറത്തെടുക്കുന്നത്. ടോര്‍ക്കിന്റെ കാര്യത്തില്‍ സമാനതകളില്ല, 9,800എന്‍എം!. 47kWh ബാറ്ററിയുള്ള ബുജ്ജിയില്‍ ആവശ്യമുള്ളപ്പോള്‍ ബാറ്ററി സ്വാപിങും നടത്താനാവും. സിനിമയില്‍ ബൗണ്ടി കില്ലറായ പ്രഭാസ് പിടികൂടുന്നവരെ കൊണ്ടുപോവാനുള്ള ജയിലായാണ് ബുജ്ജിയുടെ പിന്‍ഭാഗം ഉപയോഗിക്കുന്നത്. യഥാര്‍ഥത്തില്‍ ഇവിടെയാണ് ബാറ്ററിയുള്ളത്. ഇലക്ട്രോ ഹൈഡ്രോളിക് സ്റ്റിയറിങാണ് ബുജ്ജിയിലുള്ളത്. 

6,075 എംഎം നീളവും 3,380എംഎം വീതിയും 2,186എംഎം ഉയരവുമുള്ള കൂറ്റന്‍ വാഹനമാണ് ബുജ്ജി. മെഴ്‌സിഡീസ് ബെന്‍സ് മേബാക്ക് എസ് ക്ലാസിനേക്കാള്‍ 500 എംഎം കൂടുതല്‍ നീളമുണ്ട് ബുജ്ജിക്ക്. രണ്ട് ടൊയോട്ട ഫോര്‍ച്യൂണറുകള്‍ നിരത്തിയിടുന്ന അത്രത്തോളം വരും വീതി. 

ബുജ്ജിക്കു പിന്നില്‍

മഹീന്ദ്രയും ജയം ഓട്ടമോട്ടീവ്‌സുമാണ് ബുജ്ജിയെ നിര്‍മിച്ചെടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തതും വിജയകരമായി പൂര്‍ത്തിയാക്കിയതും. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പ്രൊഡക്ട് ഡെവലപ്‌മെന്റ് ടീമിനൊപ്പം കൊയമ്പത്തൂരില്‍ നിന്നുള്ള ജയം ഓട്ടമോട്ടീവ്‌സും ചേര്‍ന്നതോടെ ബുജ്ജി യാഥാര്‍ഥ്യമായി. മഹീന്ദ്ര തന്നെയാണ് ബുജ്ജിയുടെ ട്വിന്‍ ഇലക്ട്രിക് മോട്ടോറുകളും നിര്‍മിച്ചത്. 

വാഹന പ്രേമി കൂടിയായ കല്‍കിയുടെ സംവിധായകന്‍ നാഗ് അശ്വിന്റെ പ്രത്യേക താത്പര്യവും ബുജ്ജിയെ സാധ്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക വാഹനമായ ബുജ്ജിക്ക് ഒരു കഥാപാത്രത്തോളം പ്രാധാന്യം കല്‍കിയിലുണ്ട്. മലയാളി താരം കീര്‍ത്തി സുരേഷാണ് ബുജ്ജിക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. 

English Summary:

Kalki 2898 AD: Meet Bujji - An AI-Powered Car And Prabhas' Best Friend In The Film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com