ഇനി മത്സരം ഇലക്ട്രിക് വിപണിയിൽ! മാരുതിക്ക് പിന്നാലെ ‘ഇ’ എസ്യുവിയുമായി ടൊയോട്ട
Mail This Article
സുസുക്കിയുമായി സഹകരിച്ച് പുതിയ ബാറ്ററി കാര്‍ പുറത്തിറക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. മാരുതിയുടെ eVX മോഡലിന്റെ ടൊയോട്ട പതിപ്പായിരിക്കും ഈ വാഹനം. നേരത്തെ അര്‍ബന്‍ എസ് യു വി കണ്‍സെപ്റ്റായി ടൊയോട്ട അവതരിപ്പിച്ച മോഡലാണിത്. സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ അടുത്ത വര്‍ഷമായിരിക്കും ടൊയോട്ടയുടെ ഇലക്ട്രിക്ക് എസ് യു വിയുടെ വ്യാവസായിക ഉത്പാദനം ആരംഭിക്കുക.
ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ആദ്യ ബിഇവി(ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍) ആയിരിക്കും ഈ വാഹനം. ഇന്ത്യയില്‍ മാത്രമല്ല മറ്റ് വിദേശ വിപണികളിലേക്കും ഈ മോഡല്‍ വില്ക്കാന് ടൊയോട്ട ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മിച്ച് ലോകവിപണിയില്‍ വില്‍ക്കുന്ന ഈ ടൊയോട്ട ഇവി 27പിഎല്‍ ഇലക്ട്രിക് സ്കേറ്റ് ബോര്‍ഡ് അടിസ്ഥാനമാക്കിയാണ് നിര്‍മിക്കുക. ഇത് ടൊയോട്ടയും സുസുക്കിയും ദൈഹാറ്റ്സുവും ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തത്.
വാഹനത്തിന്റെ സാങ്കേതികവിശദാംശങ്ങളും ഫീച്ചറുകളും കാര്യമായി ടൊയോട്ട പുറത്തുവിട്ടിട്ടില്ല. അപ്പോഴും 4 വീല്‍ ഡ്രൈവുള്ള മോഡലായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍ക്കാണ് സാധ്യത. ഇതില്‍ കൂടിയ റേഞ്ചുള്ള ബാറ്ററി 500 കീലോമീറ്ററിലേറെ റേഞ്ച് നല്‍കുന്നതായിരിക്കും.
4,300എംഎം നീളവും 1,820 എംഎം വീതിയും 1,620എംഎം ഉയരവുമുള്ള വാഹനമായിരിക്കും ടൊയോട്ടയുടെ ഈ മിഡ് സൈസ് ഇലക്ട്രിക് എസ് യു വി. മാരുതിയുടെ eVXഉമായി വലിപ്പത്തിലും സാമ്യതയുണ്ട്. നീളം തുല്യമെങ്കിലും ഉയരവും വീതിയും 20എംഎം ടൊയോട്ടയുടെ ഇവിക്ക് കുറവായിരിക്കും. 2,700 എംഎം വീല്‍ ബേല്‍ തന്നെയായിരിക്കും ഇവിഎക്സിലും ടൊയോട്ട ഇവിക്കും.
പ്ലാറ്റ്ഫോമിലും മെക്കാനിക്കല്‍ ഫീച്ചറുകളിലും മാത്രമല്ല പുറത്തെ ബോഡി പാനലുകളിലും ഉള്ളിലും വരെ ഇരു മോഡലുകളും തമ്മില്‍ സാമ്യതയുണ്ടാവും. ടൊയോട്ടയുടെ bZ(ബിയോണ്ട് സീറോ) സീരീസ് ഡിസൈനായിരിക്കും ഈ വൈദ്യുത കാറും പിന്തുടരുക. എസ് യു വിയുടെ സവിശേഷതകളുള്ള പരുക്കന്‍ ലുക്കുമുള്ള ഇവിയാവും ഇത്. C രൂപത്തിലുള്ള ലൈറ്റിങ് ഇലമെന്റുകളാണ് നല്‍കിയിട്ടുള്ളത്.
ഇവിഎക്സിനു പിന്നാലെയാവും ടൊയോട്ട അവരുടെ ഇവി പുറത്തിറക്കുക. മാരുതി സുസുക്കി അവരുടെ ഇവിഎക്സ് അടുത്ത വര്‍ഷം ആദ്യ പാദത്തിലാവും പുറത്തിറക്കുക. ടൊയോട്ടയുടെ ഇവി 2025 പകുതിയോടെ പ്രതീക്ഷിക്കാം.