സംഗീതത്തിനൊപ്പം ബിഎംഡബ്‌ള്യുവിന്റെ ആഡംബരവും; പുത്തൻ വാഹനം സ്വന്തമാക്കി ജസ്റ്റിൻ വർഗീസ്
Mail This Article
അജഗജാന്തരവും ചാവേറും പോലുള്ള വിജയ ചിത്രങ്ങൾക്ക് സംഗീതമേകിയ ജസ്റ്റിൻ വർഗീസിന്റെ യാത്രകൾക്ക് കൂട്ടായി ബി എം ഡബ്‌ള്യുവിന്റെ ആഡംബരം എത്തിയിരിക്കുന്നു. ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്‌ള്യുവിന്റെ 3 സീരീസ് ഗ്രാൻഡ് ലിമോസിൻ ആണ് ജസ്റ്റിൻ വർഗീസ് സ്വന്തമാക്കിയിരിക്കുന്നത്.
ബിഎംഡബ്ള്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നും കുടുംബത്തോടൊപ്പമെത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോൽ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ സ്വീകരിച്ചത്. ബ്ലാക്ക് ഷെയ്‌ഡാണ് 3 സീരീസിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 78.30 ലക്ഷം രൂപയാണ് വാഹനത്തിനു വില വരുന്നത്.
ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 3 സീരിസ്. രണ്ടു ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ. 190 എച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. നൂറു കിലോമീറ്റർ വേഗത്തിലെത്താൻ വെറും 7.6 സെക്കൻഡ് മാത്രം മതി ഈ കരുത്തന്. ഇതു കൂടാതെ രണ്ടു ലീറ്റർ പെട്രോൾ എൻജിൻ മോഡലിലും 3 സീരിസ് ഗ്രാൻഡ് ലിമോസിൻ ലഭിക്കും. 258 ബിഎച്ച്പി കരുത്തും 400 എംഎം ടോർക്കും നൽകും ഈ എൻജിൻ. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.2 സെക്കൻഡ് മാത്രം മതി ഈ മോഡലിന്.
2024 ആഗസ്റ്റിൽ പുറത്തിറങ്ങിയ, എണ്ണൂറ് കോടിയിലധികം രൂപ വാരിക്കൂട്ടി വിജയം കൈവരിച്ച ബോളിവുഡ് ചിത്രം സ്ത്രീ 2 : സർക്കതെ കെ ആതങ്ക് എന്നതിന്റെ പശ്ചാത്തല സംഗീതം ജസ്റ്റിൻ വർഗീസിന്റേതായിരുന്നു. അക്ഷയ് കുമാർ നായകനായ ചിത്രം കൂടാതെ സ്ത്രീ 2 സംഘത്തിനൊപ്പമുള്ള വിക്കി കൗശൽ ചിത്രവുമാണ് ജസ്റ്റിൻ വർഗീസിന്റേതായി ഇനി ബോളിവുഡിൽ പുറത്തിറങ്ങാനുള്ളത്. മലയാളത്തിൽ പൈങ്കിളി, ഫഹദ് ഫാസിൽ നായകനായി എത്തുന്ന അൽത്താഫ് സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര, പെപ്പെ നായകനാകുന്ന ദാവീദ്, നയൻതാരയും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്ന ഡിയർ സ്റ്റുഡന്റസ് എന്നിവയാണ് പുതു ചിത്രങ്ങൾ.