ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഹയാബുസ– സൂപ്പർ ബൈക്ക് എന്നാൽ മനസ്സിലേക്ക് ആദ്യം എത്തുന്ന പേര്. വേഗക്കണക്കിൽ ഒരുകാലത്ത് ഹയാബുസയായിരുന്നു അവസാനവാക്ക്. ട്രാക്കിലും നിരത്തിലും വേഗത്തീപടർത്തിയ ഹയാബുസ പുത്തൻ താരോദയങ്ങളുടെ കുത്തൊഴുക്കിൽ, അവരുടെ ഇലക്ട്രോണിക്സ് ഫീച്ചറുകളുടെ അതിപ്രസരത്തിൽ ഒാൾഡായി മാറുകയായിരുന്നു. എന്തുകൊണ്ട് സുസുക്കി ഹയാബുസയെ പരിഷ്കരിച്ചിറക്കുന്നില്ല എന്ന ചോദ്യത്തിനു സുസുക്കിയുടെ ഭാഗത്തുനിന്നു കൃത്യമായ ഉത്തരം അന്നു കിട്ടിയിരുന്നില്ല.  സത്യത്തിൽ ഹയാബുസ ഒന്നു മാറി നിൽക്കുകയായിരുന്നു എന്നു വേണം കരുതാൻ. ഒരിടവേളകഴിഞ്ഞ് പുതിയ കളികൾ കളിക്കാനും എതിരാളികളെ മലർത്തിയടിക്കാനും എത്തിയിരിക്കുകയാണ് സുസുക്കിയുടെ ഈ ഫയൽവാൻ. ഫീച്ചേഴ്സിനെക്കുറിച്ച് ഇനിയാരും ഒരക്ഷരം പറയരുത് എന്നു സുസുക്കി പറയാതെ പറയുന്നുണ്ട് പുതിയ മോഡലിൽ. പരാതികൾക്ക് നെല്ലിട നൽകാൻ ഇടമില്ലാതെയാണ് പരിഷ്കാരം. ഹയാബുസയുടെ 2021 മോഡലിന്റെ വിശേഷങ്ങളിലേക്ക്.

suzuki-hayabusa-2

ഹൈടെക്

സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്റ്റവുമായാണ് (SIRS) പുതിയ ഹയാബുസയുടെ വരവ്. ബോഷിന്റെ 6-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റാണ്(IMU) ഇതിലുള്ളത്. എതിരാളികളെ പിന്നിലാക്കുന്ന പെർഫോമൻസിനും അതിസുരക്ഷയ്ക്കുമായി ഒരുക്കിയ സംവിധാനങ്ങൾ എന്തൊക്കെയെന്ന് ആദ്യം നോക്കാം

പവർ മോഡുകൾ

മൂന്ന് പവർ മോഡുണ്ട്. മോഡ് വണ്ണിൽ മാക്സിമം പവറും ഉഗ്രൻ ത്രോട്ടിൽ റെസ്പോൺസും കിട്ടും. സ്പോർട്ടി റൈഡ് വേണമെങ്കിൽ ഈ മോഡ് ഉചിതമാണ്. മോഡ് 2 വിൽ പവർ ഡെലിവറി അൽപം കുറവാണ്. ത്രോട്ടിൽ റെസ്പോൺസ് സോഫ്റ്റാകും. മോഡ് 3 ൽ പവർ വളരെ കുറവാണ്. നനഞ്ഞ റോഡിലോ തെന്നുന്ന പ്രതലത്തിലോ ഒക്കെ ഈ മോഡ് ഉപയോഗിക്കാം. 

ആന്റി ലിഫ്റ്റ് കൺട്രോൾ

പത്ത് മോഡ് സെറ്റിങ്ങുണ്ട് ഇതിൽ. പെട്ടെന്നുള്ള കുതിപ്പിൽ മുൻവീൽ ഉയരാതെ തടയുന്ന സംവിധാനമാണ് ഇത്. മോഡ് 1ൽ നിയന്ത്രണം കുറവായിരിക്കും. മോഡ് 10 ൽ മുൻവീൽ അൽപം പോലും ഉയരില്ല. പിറകിൽ ആളെ ഇരുത്തി യാത്ര ചെയ്യുമ്പോൾ ധൈര്യമായി ത്രോട്ടിൽ കൊടുക്കാം. 

ക്വിക് ഷിഫ്റ്റ്

ബൈ ഡയറക്‌ഷണൽ ക്വിക് ഷിഫ്റ്റാണ്. ക്ലച്ചും ആക്സിലറേറ്ററും ഉപയോഗിക്കാതെ ഗിയർ അപ്- ഡൗൺ ചെയ്യാം. ഇതിൽത്തന്നെ രണ്ട് മോഡുകളുണ്ട്. മോഡ് 1ൽ റേസ് ട്രാക്കിൽ ഓടിക്കുന്നതുപോലെ വളരെ വേഗത്തിൽ ഗിയർ മാറ്റാം. മോഡ് 2ൽ ഗിയർ മാറ്റം സ്മൂത്താണ്. പുതിയ അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച് കൂടിച്ചേർന്ന് ഗിയർ മാറ്റം ലളിതവും ത്വരിതവുമാക്കുന്നു. 

എൻജിൻ ബ്രേക്ക് കൺട്രോൾ

മൂന്ന് മോഡുകളോടു കൂടിയാണ് ഈ ഫീച്ചർ വന്നിട്ടുള്ളത്. പെട്ടെന്നുള്ള എൻജിൻ ബ്രേക്കിങ്ങിൽ വീൽ തെന്നിമാറുന്നത് ഇതു തടയുന്നു. 

suzuki-hayabusa-5

മോഷൻ ട്രാക്ക് കൺട്രോൾ

പത്ത് മോഡ് സെറ്റിങ്ങോടുകൂടിയ ട്രാക്‌ഷൻ കൺട്രോൾ സിസ്റ്റമാണ്. വളവുകളിലും നേർരേഖയിലും മികച്ച ഗ്രിപ്പും കൃത്യതയും ഇത് ഉറപ്പുവരുത്തുന്നു. മൂന്ന് മോഡുകളുള്ള ലോഞ്ച് കൺട്രോൾ ഇറക്കത്തിൽ ബ്രേക്ക് ചെയ്യുമ്പോൾ പിൻവീൽ ഉയരാതെ നോക്കുന്ന സ്ലോപ്പ് ഡിപ്പെൻഡൻഡ് കൺട്രോൾ, വേഗം നിയന്ത്രിക്കാവുന്ന ആക്ടീവ് സ്പീഡ് ലിമിറ്റർ, വളവുകളിൽ കൂടുതൽ സുരക്ഷ ഒരുക്കുന്ന മോഷൻ ട്രാക്ക് ബ്രേക്ക്, കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ പിന്നോട്ട് ഉരുളാതെ സഹായിക്കുന്ന ഹിൽ ഹോൾഡ് കൺട്രോൾ, ഹൈവേ റൈഡ് അനായാസകരമാക്കുന്ന   ക്രൂസ് കൺട്രോൾ എന്നിങ്ങനെ ഒരു ലോഡ് ഇലക്ട്രോണിക് ഫീച്ചേഴ്സ് ആണ് പുത്തൻ ബുസയിൽ സുസുക്കി  അവതരിപ്പിച്ചിരിക്കുന്നത്. 

എൻജിൻ

വിഖ്യാതമായ 1340 സിസി ഇൻലൈൻ ഫോർ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ തന്നെയാണ് പുതിയ ബുസയിലും. അടിമുടി പരിഷ്കരിച്ചാണു വരവ്. പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള വരവിൽ പവറും ടോർക്കും പഴയ മോഡലിനെക്കാൾ കുറവുണ്ട്. 190 ബിഎച്ച്പി കരുത്തുണ്ട് (7 ബിഎച്ച്പി കുറവ്). ടോർക്ക് 150 എൻഎം (10 എൻഎം കുറവ്).  പക്ഷേ, പെർഫോമൻസിൽ കാര്യമായ മാറ്റം വരുത്താൻ സുസുക്കി എൻജീനിയർമാർക്ക് കഴിഞ്ഞിട്ടുണ്ട്. ലോ എൻഡിലും മിഡ് റേഞ്ചിലും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന രീതിയിലാണ് പവർ, ടോർക്ക് ക്രമീകരണം.  നിരത്തിലൂടെയുള്ള ദിവസേനയുള്ള റൈഡിൽ ഹയാബുസ തീപ്പൊരി പ്രകടനം പുറത്തെടുക്കുമെന്നു ചുരുക്കം. മറ്റ് സ്പോർട്സ് ബൈക്കുകൾ ഉയർന്ന ആർപിഎമ്മിൽ പുറത്തെടുക്കുന്ന പ്രകടനം ഹയാബുസ താരതമ്യേന കുറഞ്ഞ ആർപിഎമ്മിൽ നൽകും. 

suzuki-hayabusa-4

കൂടിയ വേഗം മണിക്കൂറിൽ 299 കിലോമീറ്റർ. ഇത് ഇലക്ട്രോണിക്കലി നിയന്ത്രിച്ചിരിക്കുന്നതാണ്. പിസ്റ്റൺ, കണക്ടിങ് റോഡ്, ക്യാം ഷാഫ്റ്റ്, കംപസ്റ്റ്യൻ ചേമ്പർ, ഇൻജക്ടർ, ഇൻടേക്ക് പൈപ്പ് എന്നിങ്ങനെ ഒട്ടുമിക്ക പാർട്ടുകളും പരിഷ്കരിച്ചത് എൻജിൻ പ്രകടനത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. 

റൈഡ്

ഹയാബുസയുടെ ഹൈലൈറ്റുകളിലൊന്നായ ഷാസി അതേപടി മൂന്നാം തലമുറയിലും നിലനിർത്തിയിരിക്കുന്നു. സബ് ഫ്രെയിം നവീകരിച്ചിട്ടുണ്ട്. വീൽ ബേസിൽ മാറ്റമില്ല-1480 എംഎം. ഗ്രൗണ്ട് ക്ലിയറൻസ് 125 എംഎം. സീറ്റിന്റെ ഉയരം കുറച്ച് 800 എംഎം ആക്കി. 266 കിലോഗ്രാം ഭാരമുണ്ടെങ്കിലും ഉയരം കുറവുള്ളതിനാൽ കൈകാര്യം ചെയ്യാൻ വലിയ മസിൽ പവർ വേണ്ടി വരുന്നില്ല. റൈഡിങ് പൊസിഷനിൽ വരുത്തിയ നേരിയ മാറ്റം റൈഡിൽ കാര്യമായി പ്രതിഫലിക്കുന്നു. ക്ലിപ് ഓൺ ഹാൻഡിൽ ബാർ റൈഡറോട് അടുപ്പിച്ചത് ചെറുവേഗത്തിൽ നല്ല കൺട്രോൾ നൽകുന്നു. നഗരത്തിരക്കിലൂടെയും മറ്റും അനായാസകരമായി ഓടിച്ചുകൊണ്ടുപോകാൻ ഇത് സഹായകരമാണ്. ഇൻസ്ട്രമെന്റ് ക്ലസ്റ്റർ മുൻ മോഡലിനെക്കാൾ ക്ലാസാണ്. നാല് അനലോഗ് മീറ്ററിനൊപ്പം പുതിയ ടിഎഫ്ടി കൺസോളും ചേർന്നതാണിത്. ബൈക്കിന്റെ ഭൂരിപക്ഷം വിവരങ്ങളും ഇതിലൂടെ അറിയാം. നാവിഗേഷനോ  മൊബൈൽ കണക്ടിവിറ്റിയോ പോലുള്ള സൗകര്യങ്ങൾ ഇല്ല. 

suzuki-hayabusa-1

ഡിസൈൻ

രണ്ടാം തലമുറ ഹയാബുസയിൽ നിന്ന് മൂന്നാം തലമുറയിലെത്തുമ്പോൾ ഡിസൈനിൽ വമ്പൻ പരിഷ്കാരമൊന്നും നടത്തിയിട്ടില്ല. ഹയാബുസയുടെ െഎഡന്റിറ്റിയായ ഒഴുക്കൻ ‍ഡിസൈനിൽ ഷാർപ്പ് ആയ ലൈനുകളും മറ്റും കൂട്ടിച്ചേർത്ത് എയ്റോ ഡൈനാമിക്സ് കൂട്ടിയിട്ടുണ്ട്. മാത്രമല്ല, റൈഡറിന്റെ മുട്ടിനു ഗ്രിപ്പ് കൂടുതൽ കിട്ടുന്നവണ്ണം ഫെയറിങ്ങും സൈഡ് പാനലും ഫ്രെയിം കവറും റീ ഡിസൈൻ ചെയ്തിട്ടുണ്ട്.  ക്രോം ഇൻസേർട്ടുകളും മറ്റും നൽകി പ്രീമിയം ഫീൽ കൂട്ടി. അഴകളവുകളിൽ കാര്യമായ മാറ്റമില്ല. ഗ്രൗണ്ട് ക്ലിയറൻസ് കുറഞ്ഞു (120 എംഎം). സീറ്റിന്റെ ഉയരവും കുറച്ചിട്ടുണ്ട്(800 എംഎം). ഉയർന്ന നിലവാരത്തിലുള്ള ഘടകങ്ങളും ഉഗ്രൻ പെയിന്റിങ്ങും മികച്ച നിർമാണ നിലവാരവും ഹയാബുസയെ സൂപ്പർബൈക്കുകളിലെ സൂപ്പർതാരമാക്കുന്നു. ഹെഡ് ലാംപും ഇൻഡിക്കേറ്ററും അടക്കമുള്ള എല്ലാ ലൈറ്റുകളും എൽഇഡിയാണ്. 190 ബിഎച്ച്പി കരുത്തുമായി കുതിക്കുന്ന ബുസയെ വരച്ച വരയിൽ നിർത്താൻ പുതിയ സ്റ്റൈൽമാ ബ്രേക്ക് കാലിപ്പറോടു കൂടിയ ഡിസ്കുകളാണ് മുന്നിൽ. ബുസയ്ക്കായിപ്രത്യേകം രൂപകൽപന ചെയ്ത ഗ്രിപ്പ് കൂടിയ ടയറുകളാണ്. 190/50 സെക്‌ഷൻ ടയറാണ് പിന്നിൽ. 

വില

₨16.4 ലക്ഷമാണ് എക്സ് ഷോറൂം വില. മുൻ മോഡലിനെ അപേക്ഷിച്ച് 2.7ലക്ഷം രൂപ കൂടുതലുണ്ട്. കാവസാക്കി, ഡ്യുക്കാറ്റി എന്നിവരുടെ സൂപ്പർ താരങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് പുത്തൻ ഹയാബുസ. ലോഞ്ച് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽത്തന്നെ ആദ്യത്തെ 101 ഹയാബുസ വിറ്റുപോയത് ഹായാബുസയുടെ പേരും പ്രശസ്തിയും എത്രത്തോളമുണ്ടെന്നത് വെളിവാക്കുന്നു.

suzuki-hayabusa-owner

കായംകുളം മുക്കവല സ്വദേശി സജീർ എ

(മുഹമ്മദ് യാസീൻ) സ്വന്തമാക്കിയ കേരളത്തിലെ ആദ്യത്തെ 2021 മോഡൽ ഹയാബുസയാണ് ഫാസ്റ്റ്ട്രാക്ക് റൈഡ് ചെയ്തത്. എച്ച്എച്ച്‌വൈഎസ് ഇൻഫ്രാമാർട്ട് ജനറൽ മാനേജരായ സജീർ സുഹൃത്തുക്കളുമായി ചേർന്ന് SRT.CLUB എന്ന പേരിൽ ഒരു റൈഡിങ് ക്ലബും ആരംഭിച്ചിട്ടുണ്ട്. മികച്ച റൈഡിങ് സംസ്കാരം വളർത്തിയെടുക്കുക, റേസ്, സ്റ്റണ്ടിങ്, ടൂറിങ് എന്നിവയിൽ താൽപര്യമുള്ളവർക്ക് അതിനുള്ള പരിശീലനവും  സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നിവയാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഫോൺ–9995055506

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com