വയസ്സ് 60ന് മുകളിൽ, ലഡാക്കും നേപ്പാളും പോയിവന്ന 3 വില്ലീസുകൾ!
Mail This Article
‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടറബിൾ റോഡായ ഉംലിങ്–ലാ പാസ് വേയിൽ എത്തിയപ്പോൾ മൂന്നു വില്ലീസുകളിൽ രണ്ടെണ്ണം പണിമുടക്കി. റേഡിയേറ്റർ കേടായി. മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്ന മരുഭൂമി. ചുറ്റും മലനിരകളല്ലാതെ ഒരു പെട്ടിക്കടപോലുമില്ല. എന്തുചെയ്യണമെന്നറിയാതെ ശങ്കിച്ചു നിൽക്കുമ്പോൾ രക്ഷകരായി സൈനികർ വന്നു. അവർ കുടിക്കാനായി കരുതിയിരുന്ന വെള്ളം റേഡിയേറ്ററിൽ ഒഴിക്കാൻ തന്നു. അത്രയും മികച്ച അനുഭവം ആ യാത്രയിൽ വേറെ ഉണ്ടായിട്ടില്ല...’ കോഴിക്കോട് സ്വദേശി അൽത്താഫ് പറഞ്ഞു നിർത്തി.
അഡ്വഞ്ചർ ക്ലബ് ചെറുവാടി
സർവ സന്നാഹങ്ങളുമായി കന്യാകുമാരി – ലേ, ലഡാക്ക് ട്രിപ്പടിക്കുന്നവരാണ് കൂടുതലും. എന്നാൽ, അറുപതു പിന്നിട്ട മൂന്നു വില്ലീസുമായി ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ പോയി വരുന്നത് അത്ര എളുപ്പമല്ല. വില്ലീസിൽ ലഡാക്കും നേപ്പാളും പോയിവന്ന കോഴിക്കോട് ചെറുവാടിയിലെ അൽത്താഫ്, വി.സി. റിഷാദ്, റാഷിദ് അമിഗൊ, ജിയാദ് കെ.കെ, അസീബ്, ഷരീഫ് മുഹമ്മദ്, അജിസ് മുഹ്സിൻ, മഹറൂഫ് ചിറയിൻമേൽ, ബാദുഷ എന്നീ ഒൻപത് കൂട്ടുകാരാണ് വില്ലീസ്–ലഡാക്ക് ട്രിപ്പിനുണ്ടായിരുന്നത്. കോഴിക്കോട് ചെറുവാടിയിലുള്ള ‘അഡ്വഞ്ചർ ക്ലബ് ചെറുവാടി’യിലെ അംഗങ്ങളാണിവർ.
ഒരു വണ്ടിക്ക് ഇന്ധനച്ചെലവ് ₨1.20 ലക്ഷം
കഴിഞ്ഞ വർഷം മേയ് 23 നു യാത്ര തുടങ്ങി 48 ദിവസത്തിനുശേഷം തിരിച്ചെത്തി. മൊത്തം 19,000 കിലോമീറ്ററിലധികം സഞ്ചരിച്ചു. ഓരോ വണ്ടിക്കും ഏകദേശം 1,20,000 രൂപയുടെ ഡീസൽ അടിക്കേണ്ടിവന്നു. ആദ്യമായിട്ടാണ് വില്ലീസിൽ പോകുന്നതെങ്കിലും ലഡാക്കിലേക്കിതു മൂന്നാം തവണയാണ്. എല്ലാവരുംകൂടി മുൻപ് ബുള്ളറ്റിൽ രണ്ടു തവണ ലഡാക്ക് പോയിട്ടുണ്ട്.
1965, 1967, 1969 മോഡൽ മൂന്നു വില്ലീസുകളാണ് യാത്രയിൽ പങ്കെടുത്തത്. പൂർണമായും വില്ലീസ് ആണെന്നു പറയാനാകില്ല. ഇവയുടേത് ഡീസൽ എൻജിൻ ആണ്. വാഹന രൂപമാറ്റ നിയമം വരുന്നതിനു മുൻപുതന്നെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വലത്തേക്കു മാറി. തൊണ്ണൂറുകൾക്കു മുൻപ് വണ്ടികളുടെ എൻജിൻ മാറ്റാനും മറ്റും സർക്കാർ അനുവാദമുണ്ടായിരുന്നു. ആ കാലഘട്ടത്തിലെങ്ങോ പരിഷ്കരിച്ചതാണിവ. അൽത്താഫിന്റെയും കൂട്ടുകാരുടെയും കയ്യിൽ ഈ വില്ലീസ് എത്തിയിട്ട് ഏതാനും വർഷമാകുന്നതേയുള്ളൂ.
ഇടയ്ക്കിടെ പണി കിട്ടി
താമസത്തിനായി ഹോട്ടലുകളെക്കാൾ കൂടുതലും ക്ലബുകളെയാണ് ആശ്രയിച്ചത്. മറ്റു സംസ്ഥാനങ്ങളിലുള്ള പല മോട്ടർ റൈഡിങ്, റാലി ക്ലബുകളുമായി അഡ്വഞ്ചർ ക്ലബ് ചെറുവാടിക്കു ബന്ധമുണ്ടായിരുന്നതിനാൽ കാര്യങ്ങൾ എളുപ്പമായി. അതുകൊണ്ടുതന്നെ പല സംസ്ഥാനങ്ങളിലും അവർ ആതിഥ്യമരുളി. താമസവും ഭക്ഷണവും കൂടാതെ വാഹനം സർവീസ് ചെയ്യുന്നതിനുള്ള സൗകര്യവും അവർ ഒരുക്കിത്തന്നു. മഹാരാഷ്ട്രയിൽവച്ചു കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ടിലെ മലയാളികൂടിയായ ന്യൂറോ സർജൻ ഡോ. ഐപ് ചെറിയാനെ പരിചയപ്പെട്ടു. തികഞ്ഞ ജീപ്പ് പ്രേമിയായ അദ്ദേഹം തുടർയാത്രയ്ക്കു വേണ്ട സഹായങ്ങളും നൽകി.
സോഫ്റ്റ് ടോപ്പാണ് വില്ലീസിന്. തുറന്നതരം വാഹനമായതിനാൽ കാലാവസ്ഥ മാറ്റങ്ങൾ നന്നായി ബാധിക്കും. രാജസ്ഥാനിലെ ചൂട് അസഹനീയമായപ്പോൾ തലയിൽ വെള്ളം ഒഴിച്ചുകൊണ്ടാണ് ഡ്രൈവ് ചെയ്തത്. ലഡാക്ക് ആയപ്പോൾ തണുപ്പായി പ്രശ്നം. പഞ്ചാബിലൂടെ പോകുമ്പോൾ സർവീസിനു ബുദ്ധിമുട്ടേണ്ടി വന്നില്ല. ജീപ്പ് നന്നാക്കുന്ന വർക്‌ഷോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ശരിക്കും പെട്ടു. പഴയ മോഡലായതിനാൽ വില്ലീസ് യാത്ര കാണുന്നവർക്കു കൗതുകമായിരുന്നു. ലഡാക്കിൽവച്ചു വില്ലീസ് ജീപ്പ് കണ്ടു കോഴിക്കോട് സ്വദേശിയായ സൈനികൻ ക്യാംപിലേക്കു ക്ഷണിച്ചു.
അവർ ഭക്ഷണവും മെഡിക്കൽ ചെക്കപ്പും നൽകുകയും ചെയ്തു. അവിടെനിന്നു മണാലിവഴി നേപ്പാളിലേക്കു കടന്നപ്പോൾ വണ്ടി പണിമുടക്കി. അങ്ങനെ റിംബോച്ചെയുടെ നാട്ടിൽ ഒരു ദിവസം കുടുങ്ങിപ്പോയി. ക്ലബ് എല്ലാ വർഷവും വിവിധ റൂട്ടുകളിലേക്ക് അഡ്വഞ്ചർ യാത്രകൾ സംഘടിപ്പിക്കാറുണ്ട്. വില്ലീസുമായി ലഡാക്ക് പോയിവന്ന ആദ്യ മലയാളികൾ ഒരുപക്ഷേ ഇവരായിരിക്കും. വീണ്ടും പുതിയ യാത്രകൾക്കായി തയാറെടുക്കുകയാണ് അഡ്വഞ്ചർ ക്ലബ് ചെറുവാടിയിലെ ഈ അഡ്വഞ്ചർ ബോയ്സ്.
English Summary: Willys Jeep Travel To Ladakh And Nepal