10 ലക്ഷം കിലോമീറ്റർ, സിംഗിൾ ഓണർ; ഇങ്ങനെയൊരു ഇന്നോവ കാലടിയിലുണ്ട്
Mail This Article
ടൊയോട്ടയുടെ വാഹനങ്ങളുടെ പഴക്കവും അത് സഞ്ചരിക്കുന്ന ദൂരവും എന്നും ഒരു അദ്ഭുതമാണ്. മറ്റു ബ്രാൻഡുകളുടെ കാറുകൾ ഓടുന്നതിന്റെ പത്തിരട്ടി ടൊയോട്ടയുടെ വാഹനങ്ങൾ ഓടുമെന്നു നമ്മൾ സാധാരണയായി പറയാറുണ്ടെങ്കിലും അങ്ങനെയുള്ള വാഹനങ്ങൾ അധികം നമ്മുടെ റോഡുകളിൽ കാണാറില്ല. എന്നാൽ 10 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച ഒരു ഇന്നോവ കാലടിയിലുണ്ട്.
ടൊയോറ്റയുടെ എവർ ടൈം ഹിറ്റ് മോഡലായ ഇന്നോവയാണ് 10 ലക്ഷം കിലോമീറ്റർ എന്ന അദ്ഭുത സംഖ്യ താണ്ടിയിരിക്കുന്നത്. കാലടി ജംക്‌ഷനിലെ ബേക്കറിയുടെ ഉടമയായ സാജുവിന്റെതാണ് ഈ ഇന്നോവ. 2009 ലാണ് സാജു ഇന്നോവ വാങ്ങുന്നത്. മുൻപുണ്ടായിരുന്ന ക്വാളിസ് 5 ലക്ഷം കിലോമീറ്റർ കഴിഞ്ഞതോടെ ഇന്നോവ എടുക്കുകയായിരുന്നു. എയർപോർട്ട് ടാക്സി എന്ന ഉദ്ദ്വേശത്തോടെയായിരുന്നു സാജു 2.5 ലീറ്റർ ജി വേരിയന്റ് ഇന്നോവ വാങ്ങിയത്. വാഹനത്തിന്റെ തുടക്കകാലം മുതൽ എല്ലാ പതിനായിരം കിലോമീറ്ററിലും കൃത്യമായി സർവ്വീസ് ചെയ്യും. അതും ഷോറൂമിൽ എത്തിച്ചു തന്നെ. അങ്ങനെ സര്‍വ്വീസിനെത്തിയപ്പോഴാണ് ഷോറൂമിലുള്ള മെക്കാനിക്ക് ഈ കൗതുകം ശ്രദ്ധിക്കുന്നത്. അങ്ങനെ ഉടമസ്ഥനായ സാജുവിനെ വിളിച്ചു ഒരു സ്വീകരണവും കൊച്ചി നിപ്പോൺ ടൊയോട്ട നല്‍കി.
സർവീസ് സെന്ററിലെ ആദ്യ ഇന്നോവ
മറ്റു ഇന്നോവകൾ 10 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചെന്നു പറയപ്പെടുന്നുണ്ടെങ്കിലും കമ്പനി സർവ്വീസ് കൃത്യമായി ചെയ്ത കേരളത്തിലെ ആദ്യ ഇന്നോവ സാജുവിന്റെ ഇന്നോവയാണെന്ന് നിപ്പോൺ ടോയോട്ട പറയുന്നു. കമ്പനി സർവീസ് ചെയ്തതുകൊണ്ടാകം ഇതുവരെ വാഹനത്തിനു കാര്യമായ എൻജിൻ പണികളൊന്നും ഉണ്ടായിട്ടില്ല. വളരെ നല്ല കണ്ടീഷനിൽ തന്നെയാണ് ഇപ്പോഴും വാഹനം ഓടുന്നത്.
കണക്കുകൾ പ്രകാരം കമ്പനിയിൽ നൂറാമത്തെ സർവീസ് ചെയ്യാനെത്തുമ്പോഴായിരുന്നു പത്തുലക്ഷം കിലോമീറ്റർ പിന്നിട്ടു എന്ന് ഷോറൂമിലുള്ളവർ അറിയുന്നത്. ഏകദേശം മൂന്നു തവണ ഭൂമിയിൽ നിന്നും ചന്ദ്രനിൽ പോയി വരാനുള്ള ദൂരമാണ് ഒരു 2009 മോഡൽ ഇന്നോവ ഈ കൊച്ചു കേരളത്തിലൂടെ ഓടിയത്. വളരെ ചുരുക്കം ട്രിപ്പുകള്‍ മാത്രമേ കേരളത്തിനു പുറത്ത് ഈ വാഹനം ഓടിയിട്ടുള്ളു എയർപോർട് ടാക്സി ആയതിനാൽ കേരളത്തിനുള്ളിലെ യാത്രകളായിരുന്നു കൂടുതലും. 15 വർഷങ്ങൾ കൊണ്ട് ഈ വാഹനത്തിൽ ചിലവായ ഇന്ധനത്തിന്റെ ഇന്നത്തെ വില വച്ച് നോക്കുകയാണെങ്കിൽ ഏകദേശം 80 ലക്ഷം രൂപയോളം വരുമെന്നതും ഒരു കൗതുകകരമായ കണക്കാണ്.
2009 ൽ വാങ്ങിയ കാർ കമ്പനി സർവ്വീസുകൾ ആയിരുന്നുവെങ്കിലും പാച്ച് വർക്കുകൾ പോലുള്ള പണികൾ പുറത്തെ വർക്ക്ഷോപ്പുകളിലും ചെയ്യിച്ചിട്ടുണ്ട്. 2014 ൽ ഇന്നോവയുടെ ബോഡി ഷേപ്പ് മാറിയപ്പോൾ ന്യൂ ഷേപ്പിലേക്ക് അപ്ഗ്രേഡേ് ചെയ്തത് കാലടിയിലെ വർക്ഷോപ്പിലായിരുന്നു.
വാഹനം വാങ്ങിയത് മുതൽ 13 വർഷക്കാലം ജോസ് എന്ന വ്യക്തിയായിരുന്നു ഈ ടാക്സിയുടെ ഡ്രൈവർ പിന്നീട് വന്ന ടോജി എന്ന കാലടി സ്വദേശിയുടെ കൈകളിൽ ഇപ്പോഴും സുരക്ഷിതമാണ് ഈ ടൊയോട്ട ഇന്നോവ. കാണുന്ന കാഴ്ചയിലോ യാത്രയിലോ ഒന്നും വാഹനത്തിന്റെ പഴക്കം മനസ്സിലാക്കൻ ആർക്കും സാധിക്കുകയില്ലന്നെതും മറ്റൊരു പ്രത്യേകതയാണ്.