ബിഎസ് 6 എൻജിന് കരുത്തിൽ ചെറു എസ്യുവി, കെയുവി 100 എൻഎക്സ്ടി
Mail This Article
മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിൻ സഹിതം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ക്രോസ്ഹാച്ചായ കെയുവി 100 എൻഎക്സ് ടി വിൽപനയ്ക്കെത്തി. മുംബൈ ഷോറൂമിൽ 5.50 ലക്ഷം മുതൽ 7.12 ലക്ഷം രൂപ വരെയാണു ബിഎസ്ആറ് കെയുവി 100 എൻ എക്സ് ടി വകഭേദങ്ങൾക്കു വില. നാലു വകഭേദങ്ങളിലാണു ബിഎസ്ആറ് കെ യു വി 100 എൻ എക്സ് ടി ലഭ്യമാവുക. അടിസ്ഥാന വകഭേദം തന്നെ അഞ്ചു സീറ്റോടെയും ആറ് സീറ്റോടെയും വിൽപനയ്ക്കുണ്ടെന്ന സവിശേഷതയുമുണ്ട്.
നേരത്തെയുണ്ടായിരുന്ന എൻട്രി ലവൽ മോഡലായ കെ ടു വകഭേദം ബിഎസ് ആറ് ശ്രേണിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം കാര്യമായ വിൽപന നേടാത്ത സാഹചര്യത്തിൽ 1.2 ലീറ്റർ ഡീസൽ എൻജിൻ ഘടിപ്പിച്ച കെയുവി 100 എൻഎക്സ് ടിയും മഹീന്ദ്ര ഒഴിവാക്കിയിട്ടുണ്ട്. ബി എസ് ആറ് നിലവാരമുള്ള, 1.2 ലീറ്റർ, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാണു പുതിയ കെയുവി 100 എൻ എക്സ് ടിക്കു കരുത്തേകുന്നത്. 83 ബി എച്ച് പി കരുത്തും 115 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ബി എസ് നാല് നിലവാരത്തിലും ഇതേ പ്രകടനമാണ് ഈ 1.2 ലീറ്റർ പെട്രോൾ എൻജിൻ കാഴ്ചവച്ചിരുന്നത്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.
കാഴ്ചയിൽ പ്രകടമായ മാറ്റമൊന്നുമില്ലാതെയാണ് ബിഎസ് ആറ് കെയുവി 100 എൻ എക്സ് ടിയുടെ വരവ്. മുന്നിലെ ഗ്രിൽ രൂപകൽപ്പനയും മുൻ – പിൻ ബംപറുകളും സ്കിഡ് പ്ലേറ്റുകളും മുന്തിയ പതിപ്പുകളിലെ 15 ഇഞ്ച് അലോയ് വീലുമൊക്കെ അതേപടി നിലനിർത്തിയിട്ടുണ്ട്. അകത്തളത്തിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഡാഷ്ബോഡ് രൂപകൽപനയുമൊക്കെ മാറ്റമില്ലാതെ തുടരുന്നു. കെ എട്ട് പതിപ്പിൽ ജി പി എസ് നാവിഗേഷൻ സഹിതം ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം ലഭ്യമാണ്.
മൾട്ടി ഫംക്ഷൻ ഡിസ്പ്ലേ, സ്റ്റീയറിങ് മൗണ്ടഡ് ഓഡിയോ കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കൂൾഡ് ഗ്ലൗ ബോക്സ് തുടങ്ങിയവയുമുണ്ട്. ഇന്ത്യൻ വിപണിയിൽ നവീകരിച്ച മാരുതി സുസുക്കി ഇഗ്നിസിനോടും ഫോഡ് ഫ്രീ സ്റ്റൈലിനോടുമാണു കെയുവി 100 എൻ എക്സ് ടിയുടെ മത്സരം.
ബി എസ് ആറ് നിലവാരമുള്ള കെയുവി 100 എൻ എക്സ് ടി വകഭേദങ്ങളുടെ മുംബൈ ഷോറൂം വില(ലക്ഷം രൂപയിൽ):
കെ ടു പ്ലസ് (ആറു സീറ്റ്) – 5.50
കെ ഫോർ പ്ലസ് (ആറു സീറ്റ്) – 5.96
കെ സിക്സ് പ്ലസ് (ആറു സീറ്റ്) – 6.78
കെ എയ്റ്റ് പ്ലസ് (ആറു സീറ്റ്) – 7.12.