വ്യാജ സ്റ്റാംപ് ഉപയോഗിച്ച കത്തുകൾ ലഭിച്ചതിനെ തുടർന്ന് 5 പൗണ്ട് വീതം ഫൈന്‍ ലഭിച്ചതായി ആരോപണം; അന്വേഷണത്തിന് റോയല്‍ മെയില്‍
Mail This Article
ലണ്ടൻ∙ ബ്രിട്ടനിലെ നൂറുകണക്കിന് ആളുകൾക്ക് വ്യാജ സ്റ്റാംപ് ഉപയോഗിച്ച കത്ത് ലഭിച്ചതിനെ തുടർന്ന് 5 പൗണ്ട് വീതം ഫൈന്‍ ലഭിച്ചതായി ആരോപണം. വിവാദത്തെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ ഒരുങ്ങി റോയല്‍ മെയില്‍. യഥാർത്ഥ സ്റ്റാംപുകൾ എന്ന് കരുതി ജനം ഉപയോഗിക്കുന്ന ബാര്‍കോഡ് സ്റ്റാംപുകള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് ഫൈന്‍ അടിച്ചാണ് റോയല്‍ മെയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഇതിനോടകം നിരവധി പേരിൽ നിന്നും തെറ്റായി ഫൈന്‍ ഈടാക്കി. കത്ത് ലഭിക്കുമ്പോള്‍ സ്റ്റാംപ് വ്യാജമായതിനാല്‍ 5 പൗണ്ട് ഫൈന്‍ വേണമെന്ന് ആവശ്യപ്പെടുന്നതായാണ് ആളുകള്‍ പരാതിപ്പെടുന്നത്. 2023 ജൂലൈയില്‍ ബാര്‍കോഡ് അടങ്ങിയ സ്റ്റാംപിലേക്ക് മാറിയത് മുതലാണ് പ്രതിസന്ധി ഉടലെടുത്തത്. അതേസമയം വ്യാജമെന്ന് പറയുന്ന സ്റ്റാംപ് റോയല്‍ മെയില്‍ ഷോപ്പുകളില്‍ നിന്നും നേരിട്ട് വാങ്ങിയത് ആണെന്ന് പോസ്റ്റ്മാസ്റ്റര്‍മാരും സമ്മതിക്കുന്നുണ്ട്. ഇതോടെയാണ് സ്റ്റാംപ് വ്യാജമാണെന്ന വാദം തെറ്റാണെന്ന് കരുതുന്നത്. വിഷയത്തില്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടില്ലെങ്കിലും റീട്ടെയിലര്‍മാരുമായി സംസാരിച്ച് പ്രശ്‌നത്തിന്റെ അടിത്തട്ടില്‍ പരിശോധന നടത്തുമെന്ന് റോയല്‍ മെയില്‍ അറിയിച്ചു. തങ്ങളുടെ സ്‌റ്റോറുകളില്‍ നിന്നും വാങ്ങിയ സ്റ്റാംപുകള്‍ തന്നെയാണ് വ്യാജമാണെന്ന് കണ്ടെത്തുന്നതെന്ന വിഷയമാണ് പോസ്റ്റ് ഓഫിസിനെയും ആശങ്കയിലാക്കുന്നത്. ജീവനക്കാരില്‍ ആരെങ്കിലുമോ, പോസ്റ്റ്മാസ്റ്ററോ ആണ് ഒറിജിനല്‍ സ്റ്റാംപിന് പകരം വ്യാജന്‍ ഇറക്കുന്നതെന്നും സംശയിക്കുന്നു.