എഥിലീൻ ഓക്സൈഡ് കണ്ടെത്തി; ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് ബ്രിട്ടനിൽ കർശന നിയന്ത്രണം
Mail This Article
ലണ്ടൻ∙ ഇന്ത്യയിൽ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജനങ്ങളുടെയും ഇറക്കുമതിക്ക് ബ്രിട്ടനിൽ കൂടുതൽ നിയന്ത്രണ നടപടികൾ നടപ്പാക്കി. രണ്ട് ബ്രാൻഡുകൾക്കെതിരായ ശുചിത സംബന്ധമായ ആരോപണത്തെത്തുടർന്നാണ് നടപടി. ഇതോടെ ബ്രിട്ടനിൽ എല്ലാ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെയും സൂക്ഷ്മപരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
കാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീൻ ഓക്‌സൈഡ് ഉയർന്ന അളവിലുള്ള അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് ഹോങ്കോങ് കഴിഞ്ഞ മാസം എംഡിഎച്ച് നിർമിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റിന്‍റെ ഒരെണ്ണത്തിന്‍റെയും വിൽപന നിർത്തിവച്ചിരുന്നു. എവറസ്റ്റ് മിക്‌സ് തിരിച്ചുവിളിക്കാൻ സിങ്കപ്പൂരും ഉത്തരവിട്ടിരുന്നു. ന്യൂസീലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവ ഈ രണ്ട് ബ്രാൻഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളായ എംഡിഎച്ചും എവറസ്റ്റും തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു.ഇന്ത്യയിൽ നിന്നുള്ള എഥിലീൻ ഓക്സൈഡ് ഉൾപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ കീടനാശിനിയുടെ ഉപയോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് യുകെയുടെ ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) വ്യക്തമാക്കി. സ്വീകരിക്കുന്ന കൃത്യമായ നടപടികളെക്കുറിച്ച് ഏജൻസി വിശദീകരിച്ചിട്ടില്ല.'എഥിലീൻ ഓക്സൈഡിന്‍റെ ഉപയോഗം ഇവിടെ അനുവദനീയമല്ല ' എഫ്എസ്എയിലെ ഫുഡ് പോളിസി ഡപ്യൂട്ടി ഡയറക്ടർ ജയിംസ് കൂപ്പർ റോയിട്ടേഴ്സിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.