ADVERTISEMENT

ലണ്ടൻ ∙ സൈക്കിളിൽ 30 രാജ്യങ്ങൾ താണ്ടി ബ്രിട്ടനിലെത്തിയ മലയാളി യുവാവ് ഫായിസിന് രാജ്യാന്തര ബൈസിക്കിൾ ദിനമായ ഇന്നലെ ലണ്ടനിൽ ലഭിച്ചത് അപ്രതീക്ഷിത സ്വീകരണം. ലണ്ടനിലെ ജോയ് ആലുക്കാസ് ജ്വല്ലറിയാണ് ഫായിസിന് സവിശേഷമായ സ്വീകരണം നൽകി ആദരിച്ചത്. ഈസ്റ്റ്ഹാമിലെ എംപി സർ സ്റ്റീഫൻ ടിം ഉൾപ്പെടെയുള്ള പ്രമുഖരെ അണിനിരത്തിയാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഫായിസിന് സ്വീകരണം നൽകിയത്.

കേരളത്തിൽനിന്നും പുറപ്പെട്ട് ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫലിയുടെ സൈക്കിൾ യാത്ര ഈമാസം ഒന്നാം തീയതിയാണ് ബ്രിട്ടനിലെത്തിയത്. 15 മാസത്തോളം നീണ്ട യാത്രയ്ക്കാണ് ഇപ്പോൾ ബ്രിട്ടനിൽ പരിസമാപ്തി ആയിരിക്കുന്നത്. ഇതിനോടകം 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റർ സഞ്ചരിച്ചാണ് ഫായിസ് ലണ്ടനിലെത്തിയത്.

cyclist-faiz-ashraf-welcomed-joy-alukkas-london

ഇന്ത്യയിൽ തുടങ്ങി ഒമാൻ, യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, അർമേനിയ, ജോർജിയ, തുർക്കി, ഗ്രീസ്, മാസിഡോണിയ, സെർബിയ, ക്രൊയേഷ്യ, സ്ലോവേനിയ, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ചെക്ക് റിപ്പബ്ലിക്, ജർമനി, ഡെന്മാർക്ക്, നോർവേ, പോളണ്ട്, സ്വീഡൻ, നെതർലൻസ്, ബൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ചുറ്റിയാണ് ഫായിസിന്‍റെ സൈക്കിൾ യാത്ര ലണ്ടനിലെത്തിയത്. ഓരോ രാജ്യങ്ങളിലും നിരവധി ആളുകളുടെ ആതിഥേയത്വവും സ്വീകരണവും ഏറ്റുവാങ്ങി യാത്ര ചെയ്ത ഫായിസിന് അപരിചിതരായ ആളുകളുടെ വീടുകളിൽ പോലും അന്തിയുറങ്ങിയതിന് അവസരം കിട്ടി. ഭക്ഷണം ഉൾപ്പെടെ ഒരുക്കിയാണ് പല രാജ്യങ്ങളിലും അപരിചിതരായ പലരും തന്നെ സ്വീകരിച്ചതെന്ന് ഫായിസ് പറയുന്നു. യാത്ര സമ്മാനിച്ച അനുഭവങ്ങൾ ഒരിക്കലും മറക്കാനാവാത്തതാണെന്നാണ് ഫായിസ് വ്യക്തമാക്കി.

cyclist-faiz-ashraf-welcomed-joy-alukkas-london

ലഹരിനിർമാർജനം, കാർബൻ എമിഷൻ, ആരോഗ്യപരിപാലനം എന്നീ വിഷയങ്ങളിൽ സമൂഹത്തിന് സന്ദേശം നൽകുക എന്ന ലക്ഷ്യവും ഫായിസിന്‍റെ യാത്രയ്ക്കുണ്ടായിരുന്നു. നിരവധി സ്കൂളുകളിലും കോളജുകളിലും ഇതിന്‍റെ ഭാഗമായി സന്ദർശനം നടത്തി.

cyclist-faiz-ashraf-welcomed-joy-alukkas-london

വ്യാഴാഴ്ചയാണ് യുകെ അതിർത്തി തുറമുഖമായ ഡോവർ പോർട്ടിൽ ഫായിസ് എത്തിയത്. യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് ലണ്ടൻ ടവർ ബ്രിഡ്ജിൽ പ്രത്യേക സൈക്കിൾ റാലിയും സംഘടിപ്പിച്ചു. ലണ്ടൻ കേരള സൈക്കിൾ ക്ലബ്, നമ്മുടെ കോഴിക്കോട് കൂട്ടായ്മ, യുകെയിലെ വിവിധ മലയാളി കൂട്ടായ്മകൾ എന്നിവരും വരും ദിവസങ്ങളിൽ കൂടുതൽ സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പാരിസ് ഒളിംപിക്സും കണ്ട് ഓഗസ്റ്റ് 15ന് ഫായിസ് നാട്ടിലേക്ക് മടങ്ങും. കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ ഫായിസ് എൻജിനീയറാണ്. ജോലി രാജിവച്ചാണ് സൈക്കിളിൽ ഉലകം ചുറ്റാൻ ഇറങ്ങിയത്. ഭാര്യ ഡോ. അസ്മിൻ ഫായിസ് കൂർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്‍റൽ സയൻസസിൽ അസിസ്റ്റന്‍റ് പ്രഫസറാണ്.

ഈസ്റ്റ് ലണ്ടനിലെ ജോയ് ആലുക്കാസ് ജ്വല്ലറി ഒരുക്കിയ സ്വീകരണത്തിൽ മുൻ മന്ത്രിയും പാർലമെന്‍റ് അംഗവുമായ സർ സ്റ്റീഫൻ ടിംസ്, കൗൺസിലർമാരായ ലക്മ്നി ഷാ, സൈമൺ റഷ്, ലൂയിസ് ഗോഡ്ഫ്രി, ജോയ് ആലൂക്കാസ് ലണ്ടൻ റീജനൽ മാനേജർ ജോജൻ തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

English Summary:

Faiz Ashraf was Welcomed by Joy Alukas Jewellery, London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com