ഋഷി സുനകിന്റെ പ്രതിരോധം പാളുന്നോ?; നിലയുറപ്പിക്കാൻ സ്റ്റാമർ; അങ്കത്തിനു കോപ്പുകൂട്ടാൻ ‘മിസ്റ്റർ ബ്രെക്സിറ്റ്’
Mail This Article
യുകെ പൊതുതിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ രണ്ടു നൂറ്റാണ്ടിനിടെയുണ്ടാകാവുന്ന ഏറ്റവും വലിയ തോൽവിയാണ് ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിയെ തുറിച്ചുനോക്കുന്നത്. 14 വർഷം നീണ്ട ടോറി ഭരണം മടുത്ത ജനങ്ങൾ ലേബർ പാർട്ടിക്കു വൻ വിജയം തളികയിൽവച്ചു നീട്ടുമെന്നാണു വിലയിരുത്തലുകൾ. അല്ലെങ്കിൽ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തുന്ന അടിയൊഴുക്കുകൾ സംഭവിക്കുകയും സുനകിന്റെ നേതൃത്വത്തിൽ ജനം വിശ്വാസം ഉറപ്പിക്കുകയും വേണം.
പാർട്ടിയുടെ കടിഞ്ഞാൺ കൈവിടാതെ സൂക്ഷിക്കാൻ കിണഞ്ഞുശ്രമിക്കുമ്പോഴും സുനകിന്റെ തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങൾ അമ്പേ പാളിയെന്നു കൺസർവേറ്റിവ് പാർട്ടിയിലെ മുതിർന്ന അംഗങ്ങളും സ്ഥാനാർഥികളും സമ്മതിക്കുന്നു. അപ്പുറത്താകട്ടെ കീർ സ്റ്റാമറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിജയത്തിലേക്കു നീങ്ങുകയാണ്. ശക്തമായ പ്രതിപക്ഷമാകാൻ പോലുമുള്ള അംഗങ്ങളെ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന ഭീതി സുനകിനെ അലട്ടുന്നുണ്ട്.
നൈജൽ ഫരാജിന്റെ റിഫോം യുകെ പാർട്ടിക്കു വോട്ട് ചെയ്ത് സമ്മതിദാനാവകാശം പാഴാക്കരുതെന്നും ലേബർ പാർട്ടി മൃഗീയ ഭൂരിപക്ഷം നേടിയാൽ അതു ജനാധിപത്യത്തിനു ഗുണകരമാകില്ലെന്നും കൺസർവേറ്റിവ് പാർട്ടി പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഏറെ വൈകിപ്പോയെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ പൊതുവായ വിലയിരുത്തൽ. റിഫോം യുകെയും ഗ്രീൻ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും പിടിക്കുന്ന വോട്ടുകൾ ആത്യന്തികമായി ടോറികളെത്തന്നെയാകും പ്രതിസന്ധിയിലാക്കുക. അവരുടെ വോട്ടുകളാകും ചിതറാൻ പോകുന്നത്.
തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും കൺസർവേറ്റിവ് പാർട്ടി പിന്നോട്ടേക്കു പോകുന്നതാണു കാണുന്നത്. ലേബർ പാർട്ടിക്കു ബ്ലാങ്ക് ചെക്ക് വച്ചുനീട്ടരുതെന്ന സുനകിന്റെ അഭ്യർഥനകളിൽപോലും കടുത്ത മത്സരത്തിന്റെ തീവ്രതയേക്കാൾ നിസ്സഹായതയാണു നിഴലിക്കുന്നത്. ലേബർ പാർട്ടിയോടല്ല, മറിച്ച് അവർ നേടാൻ പോകുന്ന വൻ ഭൂരിപക്ഷത്തോടാണു മത്സരമെന്ന പ്രതീതിയാണ് ഇതു സൃഷ്ടിക്കുന്നത്. വിശ്വസ്തരിൽ ഒരാളായ ഐസക് ലെവിഡോയുടെ ഉപദേശം പോലും മറികടന്നാണു സുനക്ക് തിരഞ്ഞെടുപ്പിലേക്കു നീങ്ങിയത്. ആ അമിത ആത്മവിശ്വാസം കൺസർവേറ്റീവുകളുടെ കുളം തോണ്ടുമെന്നാണു ഉൾപാർട്ടി വൃത്തങ്ങൾ തന്നെ ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങളോടു തുറന്നടിച്ചത്.
വിലപ്പെരുപ്പത്തെ ഒരു പരിധിയോളമെങ്കിലും മെരുക്കാനായതും ലിസ് ട്രസിന്റെയും ബോറിസ് ജോൺസന്റെയും വിനാശകരമായ നയങ്ങളിൽനിന്നു സമ്പദ്‌വ്യവസ്ഥയെ രക്ഷപ്പെടുത്താനായതും തനിക്കു തുണയാകുമെന്ന പ്രതീക്ഷയിലാണു സുനക്ക് തിരഞ്ഞെടുപ്പ് നേരത്തെയാക്കിയത്. എന്നാൽ ഈ നീക്കം ഏറെ തിടുക്കത്തിലുള്ളതായെന്നു കൺസർവേറ്റിവ് പാർട്ടിയിൽതന്നെ വലിയൊരു വിഭാഗം വിശ്വസിക്കുന്നു.
ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥയുടെ താരതമ്യേന തരക്കേടില്ലാത്ത പ്രകടനംകൊണ്ടു മാത്രം തിരഞ്ഞെടുപ്പു ജയിക്കാനാകില്ലെന്നും ഇപ്പോഴും പഴയ പ്രതാപത്തിന്റെ നിഴൽപോലുമാകാനായിട്ടില്ലെന്നും കരുതുന്നവർ ഏറെയാണ്. ജെറമി കോർബിന്റെ പിൻഗാമിയായി ലേബർ പാർട്ടിയുടെ തലപ്പത്തേക്കുവന്ന കീർ സ്റ്റാമറിനെ കൂടുതൽ സ്ഥിരത പുലർത്തുന്ന, സന്തുലിതമായ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള നേതാവായാണ് ജനങ്ങൾ കരുതുന്നത്.
നൈജൽ ഫരാജിന് വിജയം ഇപ്പോഴും അകലെയാണെങ്കിലും മറ്റു പാർട്ടികളുടെ വിജയപരാജയങ്ങൾ നിർണയിക്കാൻ കെൽപ്പുണ്ടെന്നാണു കണക്കുകൂട്ടൽ. എംപിയാകാനുള്ള ഫരാജിന്റെ പരിശ്രമങ്ങൾ ഏഴുവട്ടവും പരാജയപ്പെട്ടെങ്കിലും അടുത്ത അങ്കത്തിനു കോപ്പുകൂട്ടുകയാണ് ഈ അറുപതുകാരൻ. യൂറോപ്യൻ യൂണിയൻ വിട്ടുപോകാനുള്ള പ്രചാരണത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഫരാജിന് ഡോണൾഡ് ട്രംപ് ഒരു വിളിപ്പേരും നൽകിയിരുന്നു: ‘മിസ്റ്റർ ബ്രെക്സിറ്റ്’. ഫരാജിന്റെ പാർട്ടിയെ തുടക്കത്തിലേ നിരന്തരം ആക്രമിച്ചിരുന്നെങ്കിൽ കൺസർവേറ്റിവുകളുടെ നില ഇത്രത്തോളം പരുങ്ങലിലാകുമായിരുന്നില്ലെന്നു കരുതുന്നവർ ഏറെയാണ്.
ക്യാംപെയ്ൻ ഹെഡ്ക്വാർട്ടേഴ്സിന് ഇക്കാര്യത്തിൽ ഗുരുതരമായ അലംഭാവമുണ്ടായിയെന്നു ചിന്തിക്കുന്നവരുണ്ട്. ഫരാജിന്റെ പാർട്ടിയെ അവഗണിക്കുകയെന്ന തന്ത്രം ചീറ്റിയെന്നു വേണം മനസ്സിലാക്കാൻ. എന്നാൽ സുനക് ഈ വാദത്തെ തള്ളിക്കളയുന്നു. റിഫോം പാർട്ടിയടക്കം ആർക്കു വോട്ട് ചെയ്താലും അതു കീർ സ്റ്റാമറിനെ അധികാരത്തിലെത്തിക്കാൻ വേണ്ടിയുള്ള വോട്ടാകുമെന്നു താൻ പ്രചാരണത്തിന്റെ ആദ്യ ആഴ്ച തന്നെ പറഞ്ഞിട്ടുള്ളതായി സുനക് വിശദീകരിക്കുന്നുണ്ടെങ്കിലും ആ പറച്ചിലിനു ശക്തി പോരായിരുന്നു. രാഷ്ട്രീയാഭിമുഖ്യം ലേബർ പാർട്ടിയോടാക്കിയ പഴയ ടോറികളെ ആശയപരമായി ബോധ്യപ്പെടുത്തി തട്ടകത്തിലേക്കു തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളും കാര്യമായി നടത്തിയില്ല.
പ്രാദേശികമായി ടോറി സ്ഥാനാർഥികൾ മികച്ച പ്രചാരണരീതികൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദേശീയതലത്തിലെ നിറംകെട്ട പ്രതിഛായയും പ്രചാരണത്തിലെ പിന്നോട്ടുപോകലും തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കും. പല കൺസർവേറ്റീവ് സ്ഥാനാർഥികൾക്കും പ്രചാരണത്തിനു ചെലവഴിക്കാൻ ആവശ്യത്തിനു തുകയില്ല. പാർട്ടിയിൽനിന്ന് ആവശ്യത്തിനു തുക ലഭിക്കാതായതോടെ സ്വന്തം നിലയ്ക്കു ധനസമാഹാരണത്തിനു പലരും ഇറങ്ങിയെങ്കിലും പലയിടത്തും അതു ഫലവത്തായില്ല.
തോൽവി മുൻകൂട്ടിക്കണ്ട്, പണമിറക്കാതിരിക്കുന്നതാണോ അതോ ആവശ്യത്തിനു തുക കണ്ടെത്താനാകാത്തതാണോ കാരണമെന്നു സംശയമുണ്ട്. ഇത്രകാലം അധികാരത്തിലിരുന്ന പാർട്ടിക്കു പ്രചാരണത്തിനു തുക കണ്ടെത്താനായില്ലെന്നതു അവിശ്വസനീയമായാണു പലരും കരുതുന്നത്. രണ്ടാമത്തെ കാരണത്തിനാണു കൂടുതൽ സാധ്യത. തോൽക്കുമെന്നു പാർട്ടിതന്നെ ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞ ഒരു തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി വൻ തുക വാരിയെറിയുന്നതിനേക്കാൾ നല്ലത്, ഫലം വന്ന ശേഷം പാർട്ടിയെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കെട്ടിപ്പടുക്കുന്നതിനു തുക നീക്കിവയ്ക്കുന്നതാകും ബുദ്ധിയെന്നു കൺസർവേറ്റിവ് ക്യാംപെയ്ൻ ഹെഡ്ക്വാർട്ടേഴ്സും തിരിച്ചറിഞ്ഞുകഴിഞ്ഞതായി വേണം മനസ്സിലാക്കാൻ. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽപോലും കൺസർവേറ്റിവുകൾ പിന്നിലാണ്. പാർട്ടി നേതൃത്വത്തിന് അവിടെയും പിഴച്ചു.
ഉന്നത നേതാക്കളും നിലവിലെ പല മന്ത്രിമാരും കടുത്ത മൽസരമാണു നേരിടുന്നത്. പലരുടെയും നില പരുങ്ങലിലാണു താനും. സ്വന്തം സീറ്റ് ഏതുവിധേനെയും നിലനിർത്താനുള്ള തത്രപ്പാടിൽ ദേശീയതലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്കാകുന്നില്ല. എതിരാളികളാകട്ടെ, ശ്രദ്ധേയമായൊരു നരേറ്റിവ് കൊണ്ടുവരികയും അതു ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാൻ സാധ്യമായ എല്ലാവഴികളും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. മറ്റൊരു തോൽവികൂടി താങ്ങാനാകില്ലെന്ന അസ്തിത്വപ്രതിസന്ധി ലേബർപാർട്ടിയെ ശീതനിദ്രയിൽ നിന്ന് ഉണർത്തുകയായിരുന്നു. ജനവിധി തങ്ങൾക്ക് അനുകൂലമാകുമെന്ന തരത്തിലുള്ള ഫലപ്രവചനങ്ങൾ അവരുടെ പ്രചാരണയന്ത്രത്തിനു കൂടുതൽ എണ്ണയിടുന്നതായി.
അവസാന ലാപ്പിൽ സുനകിന് എന്താകും ജനങ്ങളോടു പറയാനുണ്ടാകുക? ലേബർപാർട്ടിക്കു ‘സൂപ്പർമെജോറിറ്റി’ നൽകരുതെന്നു തന്നെ. ഫലം നിർണയിക്കപ്പെട്ടു കഴിഞ്ഞിട്ടില്ലെന്നും വോട്ടുകൾ ചിതറിപ്പോകാതെ ലേബർപാർട്ടിയെ നിയന്ത്രിച്ചുനിർത്താൻ കൺസർവേറ്റിവുകൾക്കു തന്നെ വോട്ടുചെയ്യണമെന്നും സുനക് ഓർമിപ്പിച്ചേക്കാം. ക്രിക്കറ്റ് ഹരമായ സുനകിന് രാഷ്ട്രീയത്തിൽ ട്വന്റി20 കളിക്കുന്നതിനെക്കാൾ ഇഷ്ടം നീണ്ടൊരു ടെസ്റ്റ് ഇന്നിങ്സാകും. പക്ഷേ ക്രീസിൽ നിലയുറപ്പിക്കാൻ സ്റ്റാമറിന്റെ എണ്ണംപറഞ്ഞ ബൗൺസറുകളും ഫരാജ് അടക്കമുള്ളവരുടെ ഗൂഗ്ലികളും അനുവദിക്കുമോ? അതിനാണു യുകെ ഉത്തരം പറയാൻ പോകുന്നത്.