മഞ്ഞു പുതച്ച് ജര്‍മനി: ശൈത്യകാല ടയറുകള്‍ ഉപയോഗിക്കാത്തവര്‍ക്ക് പിഴ; ജാഗ്രതാനിർദേശം
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയുടെ വടക്കന്‍ കടല്‍ തീരമായ ഹാംബുര്‍ഗില്‍ കനത്ത മഞ്ഞുവീഴ്ച. ജര്‍മനിയിലെ മിക്ക സ്ഥലങ്ങളിലും കിഴക്കും ശക്തമായ ശൈത്യമാണ് അനുഭവപ്പെട്ടത്. ഹാംബുര്‍ഗ് വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് മൂന്ന് സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞുവീഴ്ച രാജ്യത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയാണെന്ന് ജര്‍മന്‍ കാലാവസ്ഥാ സേവനം അറിയിച്ചു. ലോവര്‍ സാക്സണിയിലും മഞ്ഞുവീഴ്ചയുണ്ടായി.
വാരാന്ത്യത്തില്‍ ഹാര്‍സില്‍ വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. ചരിവുപ്രദേശങ്ങളില്‍ സ്കീയിങ് അല്ലെങ്കില്‍ ടോബോഗാന്‍ നടത്താന്‍ ആളുകളുടെ വലിയ സംഘമാണ് എത്തിയത്. വ്യാഴാഴ്ച മുതലാണ് മഞ്ഞ് തെക്ക് ഭാഗത്തേക്ക് വ്യാപിച്ചത്.
വര്‍ഷത്തിന്റെ ആദ്യ വാരാന്ത്യത്തില്‍, നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാലിയയിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. പര്‍വതങ്ങളില്‍ 300 മുതല്‍ 400 മീറ്റര്‍ വരെ ഉയരത്തില്‍ 4 സെന്റീമീറ്ററിൽ മഞ്ഞു വീഴ്ച ഉണ്ടാവും. ഐഫലില്‍ 20 സെന്റീമീറ്റര്‍ വരെയുമാണ് മഞ്ഞുവീഴ്ച . സൗവര്‍ലന്‍ഡില്‍ 30 സെന്റീമീറ്ററാണ് മഞ്ഞുവീഴ്ചയുണ്ടായത്.
റൈന്‍ലാന്‍ഡ് - ഫാല്‍സ്, ബാഡന്‍ - വുര്‍ട്ടംബര്‍ഗ്, നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാലിയ, ബവേറിയ, ഹെസ്സെന്‍, തെക്കന്‍ ലോവര്‍ സാക്സോണി, തുരിംഗിന്‍ എന്നിവിടങ്ങളില്‍, മഞ്ഞുവീഴ്ചയും കഠിനമായ കാലാവസ്ഥ അതായത് തണുപ്പിന്റെ കാഠിന്യം വര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച രാത്രി നിരവധി അപകടങ്ങളാണ് ജര്‍മനിയുടെ തെക്ക് ഭാഗത്ത് ഉണ്ടായത്.
ഡ്രൈവര്‍മാര്‍ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്ന് പൊലീസ് അഭ്യര്‍ഥന. ശൈത്യകാല ടയറുകള്‍ ഉപയോഗിക്കണം. അതേസമയം വേനല്‍ക്കാല ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് 60 യൂറോ പിഴയും ഒരു പോയിന്റും നഷ്ടമാവും. മറ്റ് റോഡ് ഉപയോക്താക്കളെ തടസ്സപ്പെടുത്തിയാല്‍, 80 യൂറോയും ഒരു പോയിന്റും നഷ്ടമാവും ഒരു ട്രാഫിക് അപകടമുണ്ടായാല്‍, 120 യൂറോയും ഒരു പോയിന്റും നഷ്ടമാകും.