വീണ്ടും യാത്രാ തടസ്സം; ജർമൻ വിമാനത്താവളങ്ങളിലെ ജീവനക്കാർ തിങ്കളാഴ്ച പണിമുടക്കും

Mail This Article
ബര്‍ലിന്‍ ∙ ഫ്രാങ്ക്ഫര്‍ട്ടിലും മറ്റ് 10 ജര്‍മന്‍ വിമാനത്താവളങ്ങളിലും ഉണ്ടായ പണിമുടക്ക് ജർമൻ വ്യോമയാനമേഖലയെ തളര്‍ത്തും. രാജ്യാന്തര ഹബ്ബുകളായ ഫ്രാങ്ക്ഫര്‍ട്ടും മ്യൂണിക്കും ഉള്‍പ്പെടെ ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലെ തൊഴിലാളികള്‍ തിങ്കളാഴ്ച പണിമുടക്കാനൊരുങ്ങി. വലിയ യാത്രാ തടസ്സങ്ങളാണ് യാത്രക്കാര്‍ക്ക് ഉണ്ടാകുക.
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെയും മറ്റ് 10 ജര്‍മന്‍ വിമാനത്താവളങ്ങളിലെയും തൊഴിലാളികള്‍ തിങ്കളാഴ്ച പണിമുടക്കുമെന്ന് ട്രേഡ് യൂണിയന്‍ വെര്‍ഡിയാണ് അറിയിച്ചത്. തിങ്കളാഴ്ചത്തെ പണിമുടക്കില്‍ ഉള്‍പ്പെട്ട വിമാനത്താവളങ്ങളില്‍ കൊളോണ്‍/ബോണ്‍, ഡ്യൂസല്‍ഡോര്‍ഫ്, ഡോര്‍ട്ട്മുണ്ട്, ഹാനോവര്‍, ബ്രെമെന്‍, ഹാംബര്‍ഗ്, ബെര്‍ലിന്‍, ലൈപ്സിഗ്– ഹാലെ എന്നിവയ്ക്കൊപ്പം മ്യൂണിക്കിലെ തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളവും ഉള്‍പ്പെടുന്നു.
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് പ്രവര്‍ത്തിപ്പിക്കുന്ന ഫ്രാപോര്‍ട്ടിലെ മിക്ക ജീവനക്കാരും കൂട്ടായ വേതന കരാറുകള്‍ക്ക് കീഴിലാണ്. ഞായറാഴ്ച അര്‍ധരാത്രി (2300 UTC) പണിമുടക്ക് ആരംഭിക്കും. തിങ്കളാഴ്ച പണിമുടക്കാന്‍ എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് സ്ററാഫിനെയും വെര്‍ഡി ക്ഷണിച്ചിട്ടുണ്ട്. പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള വേതനവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് സമരം.വേതന തര്‍ക്കങ്ങള്‍ക്കിടയില്‍ കഴിഞ്ഞയാഴ്ച പല ജര്‍മന്‍ വിമാനത്താവളങ്ങളിലും നടന്ന പണിമുടക്ക് ജനജീവിതം ദുരിതത്തിലാക്കിയിരുന്നു.
ഏകദേശം 2.5 ദശലക്ഷം പൊതുമേഖലാ തൊഴിലാളികള്‍ക്ക് ഒരു കൂട്ടായ വേതന ഉടമ്പടിയാണ് വെര്‍ഡി തേടുന്നത്.8% ശമ്പള വർധന, ഉയര്‍ന്ന ബോണസ്, മൂന്ന് അധിക അവധി എന്നിവയും ഡിമാന്‍ഡുകളില്‍ ഉള്‍പ്പെടുന്നു.വെര്‍ഡി നിര്‍ദ്ദേശങ്ങള്‍ സാമ്പത്തികമായി പ്രായോഗികമല്ലെന്ന് പ്രാദേശിക മുനിസിപ്പാലിറ്റികളും ഫെഡറല്‍ ഗവണ്‍മെന്റും ആരോപിച്ചു.
മറ്റ് മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ജീവനക്കാരില്‍ 20,000 പേര്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പണിമുടക്കിലാണ്. കിന്റര്‍ഗാര്‍ട്ടനുകളിലെ തൊഴിലാളികളും ഉള്‍പ്പെടുന്നു. വേതനം സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്തയാഴ്ച നടക്കാനിരിയ്ക്കെയാണ് വീണ്ടും പണിമുടക്ക് ആഹ്വാനം.