ADVERTISEMENT

ദുബായ്∙ 'കാക്കക്കുളിയും പോത്തിന്റെ ആഹാരവും കഴുതയുറക്ക'വുമായി തുടങ്ങിയ നീണ്ട പ്രവാസത്തിന്റെ ആദ്യ നാളുകൾ മുതൽ യുഎഇയിലെ ആദ്യകാല വാർത്താ വിതരണ ഏജൻസിയായ ദുബായിലെ മാലിക് ന്യൂസിലെ പ്രധാന ഉദ്യോഗസ്ഥ പദവി വരെയുള്ള മധുരവും കയ്പും നിറഞ്ഞ ഓർമകളുമായി എം.എ.ഖാദർ എന്ന 'പേപ്പർ ഖാദർ' (70) മടങ്ങുന്നു. മലയാളികളുടെ പത്രവായനയ്ക്ക് യാഥാർഥ്യത്തിന്റെ ചിറകുകൾ നൽകിയവരിലൊരാളായ പേപ്പർ ഖാദർ അരനൂറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിടപറയാൻ തീരുമാനിച്ചിട്ട് ആറ് വർഷമായെങ്കിലും കഴിഞ്ഞ ദിവസമാണ് പൂർണവിരാമമിടാനുള്ള സ്റ്റാമ്പ് പാസ്പോർട്ടിൽ പതിച്ചത്. 

khader-2

സാഹസികയാത്രയിലൂടെ യുഎഇയിൽ

തിരുവനന്തപുരം ചിറയിൻകീഴ് പെരുമാതുറ സ്വദേശിയായ പേപ്പർ ഖാദർ പത്താം ക്ലാസും ടൈപ്പിങ്ങും പാസായ ശേഷമാണ് 1969 ജൂണിൽ ഗുജറാത്തിലെ ബാൽസാറിൽ നിന്നു സ്വപ്നഭൂമിയിലേയ്ക്ക് ലോഞ്ച് കയറിയത്. അർധരാത്രി പുറപ്പെട്ട് ലോഞ്ച് മണിക്കൂറുകൾക്കകം അപകടത്തിൽപ്പെട്ടു അറബിക്കടലിൽ മുങ്ങി. ലോഞ്ചിന്റെ കൊ‌‌ടിമരത്തിൽ സാഹസികമായി പിടിച്ചുനിന്നതുകൊണ്ട് മാത്രം ജീവൻ രക്ഷപ്പെട്ടു. പിന്നീട് സുരക്ഷാ പ്രവർത്തകരുടെ സഹായത്തോടെ കരയ്ക്കെത്തി. നീന്തലറിയാവുന്ന മറ്റു ചിലർ നീന്തി കരക്കടിഞ്ഞപ്പോൾ, കുറേപ്പേർക്ക് എന്താണ് സംഭവിച്ചിരിക്കുക എന്ന് ഇപ്പോള്‍ പോലും അറിയില്ലെന്ന് ഇദ്ദേഹം പറയുന്നു. ആദ്യയാത്ര ഭീതിപ്പെടുത്തുന്നതായിരുന്നുവെങ്കിലും, എല്ലാം ജീവിത പരീക്ഷണമായി കണ്ട് അതേവർഷം ഡിസംബറിൽ മറ്റൊരു ലോ‍ഞ്ചിൽ കയറി വൈകാതെ ഖോർഫക്കാൻ തീരത്തണഞ്ഞു. 

പിന്നീട് ഒരു വർഷത്തോളം പലവിധ ജോലികൾ ചെയ്തു ജീവിതം തള്ളിനീക്കി. ഖുബ്ബൂസും തൈരും വെള്ളവും കുടിച്ച് ചൂടകറ്റാൻ കടൽത്തീരത്ത് അന്തിയുറങ്ങി. അന്ന് ദുബായിൽ നിന്ന് ഷാർജയിലേയ്ക്ക് ജോലി തേടി പോകാൻ സ്വകാര്യ ടാക്സിക്ക് ഒരു ദിർഹം നൽകിയാൽ മതി. ഷെയർ ടാക്സിക്ക് ഒരാൾക്ക് 25 ഫിൽസും.  ഒരു വർഷത്തിന് ശേഷം യുഎഇയിലെ ആദ്യകാല പത്രവിതരണ കമ്പനിയായ ദുബായിലെ മാലിക് ന്യൂസ് ഏജൻസിയിൽ പ്രതിമാസം 100 ദിർഹം ശമ്പളത്തിന് ജോലിയിൽ പ്രവേശിപ്പിച്ചു. അവിടെ  തുടർച്ചയായ 45 വർഷത്തെ ജോലിക്ക് ശേഷം  ആറ് വർഷം മുൻപ് പടിയിറങ്ങിയ ഇദ്ദേഹം കുറച്ചുകാലം നാട്ടിൽ നിന്നു.  മാസങ്ങൾക്ക് മുൻപാണ് വീണ്ടും യുഎഇയിലെത്തിയത്. ഒടുവിൽ ഇനിയൊരു മടക്കയാത്രയില്ലെന്ന ചിന്തയോടെ എന്നെന്നേക്കുമായി പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചു പോകാൻ തീരുമാനിക്കുകയായിരുന്നു.

khader-first-work-permit

മാലിക് ന്യൂസ് ഏജൻസിയുടെ പിറവി

യുഎഇയുടെ വളർച്ചയുടെ ഓരോ നാഴികക്കല്ലും നേരിട്ട് കാണുകയും അച്ചടി മാധ്യമങ്ങളുടെ വികസനത്തിന് സാക്ഷ്യംവഹിക്കുകയും ചെയ്തു, പേപ്പർ ഖാദർ. അന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം കസ്റ്റംസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ചെറിയാൻ എന്ന മലയാളി നാട്ടിൽ നിന്ന് മലയാള മനോരമ പത്രം എത്തിച്ച് ഇഎംഎസ് റാവുത്തർ, ഹമീദ് എന്നി ജോലിക്കാർ വഴി ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന പാക്കിസ്ഥാനിയായ അസ്​ലം മാലിക് എന്നയാൾക്ക് ഇതുകണ്ട് ഒരു മോഹം തോന്നി–എന്തുകൊണ്ട് തനിക്കും പാക്കിസ്ഥാനിൽ നിന്ന് പത്രമാസികകള്‍ കൊണ്ടുവന്ന് വിതരണം ചെയ്തുകൂടാ? ഇന്ത്യക്കാരെപ്പോലെ പാക്കിസ്ഥാനികളും യുഎഇയിൽ സാന്നിധ്യമറിയിച്ച കാലമായിരുന്നു അത്. അങ്ങനെയാണ് അദ്ദേഹം മാലിക് ന്യൂസ് ഏജൻസി ആരംഭിച്ചത്. ദെയ്റയിലെ ഒരു കുടുസ്സുമുറി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. 

പാക്കിസ്ഥാനിൽ നിന്ന് ജംഗ്, ഡൗൺ എന്നീ ഉറുദു പത്രങ്ങൾക്ക് പുറമെ  ബ്ലിറ്റ്സും ഇല്ലസ്ട്രേറ്റ് വീക്കിലിയുമൊക്കെ കൊണ്ടുവന്നു വിറ്റു. മലയാള മനോരമ പത്രത്തിന്റെ വിതരണം ചെറിയാനിൽ നിന്ന് ഏറ്റെടുത്തു. അന്ന് ആഴ്ചയിൽ വെള്ളി, തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിലായിരുന്നു മനോരമ എത്തിയിരുന്നത്. മനോരമ പത്രം കൂടാതെ, ആഴ്ചപ്പതിപ്പും മംഗളം, കുങ്കുമം, മലയാള നാട്, കേരളാശബ്ദം, നാന വാരികകളും യുഎഇയിൽ വിതരണം ചെയ്തു. ടെലിവിഷൻ, ഇൻ്റർനെറ്റ് രഹിത കാലത്ത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഇത്തരം മാസികകള്‍ തന്നെയായിരുന്നു വാർത്താ– വിനോദോപാധിയെന്ന് പേപ്പർ ഖാദർ ഒാർക്കുന്നു. 50 ഫിൽസായിരുന്നു അന്ന് മനോരമയുടെ വില.  ബാച്​ലർ മുറികളിൽ ഇരുപതോളം പേർ ചേർന്ന് വിവിധ പത്രമാസികകൾ വാങ്ങി പരസ്പരം കൈമാറി വായിച്ച് ആസ്വദിക്കുമായിരുന്നു.  500 കോപ്പിയിൽ നിന്ന് ആരംഭിച്ച മനോരമ ദിവസങ്ങൾ കഴിയുന്തോറും അഭൂതപൂർവമായ വളർച്ച കൈവരിച്ചതായി പേപ്പർ ഖാദർ പറയുന്നു. 

khader-with-naseer

തുടർന്നു മനോരമയടക്കമുള്ള പത്രങ്ങൾ മുംബൈയിൽ നിന്ന് യുഎഇയിലേയ്ക്ക് എല്ലാ ദിവസവുമെത്തി. മനോരമയടക്കമുള്ള പത്രങ്ങൾ ദുബായിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചപ്പോഴും മാലിക് ന്യൂസ് ഏജൻസി തന്നെയാ്യിരുന്നു വിതരണം ചെയ്തു തുടങ്ങിയത്. അക്കാലത്ത് സൂപ്പർവൈസറായിരുന്ന പേപ്പർ ഖാദർ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ച്, കമ്പനിയുടെ അവിഭാജ്യ ഘടകമായിത്തീർന്നിരുന്നു. വിവിധ പത്രമാസികകളുടെ വിതരണ ചുമതല ഏറ്റെടുക്കാൻ അസ്​ലം
മാലിക്കിനോടൊപ്പം  ഇദ്ദേഹം ഒന്നിലേറെ പ്രാവശ്യം കേരളത്തിൽ ചെന്നിട്ടുണ്ട്. യുഎഇയിൽ 12 ശാഖകളുള്ള വലിയ കമ്പനിയായ മാലിക് ന്യൂസ് ഏജൻസി വളരാൻ പ്രധാന കാരണക്കാരൻ ഇദ്ദേഹം തന്നെ. യുഎഇയിൽ വലിയൊരു സൗഹൃദവൃന്ദമുള്ളതിനാൽ ജീവിതം ഒരിക്കലും വിരസമായിട്ടില്ലെന്ന് ഒാര്‍ക്കുന്നു, മലയാളത്തിൻ്റെ നിത്യ ഹരിത നായകൻ പ്രേംനസീറിന്റെ അടുത്ത ബന്ധു കൂടിയായ പേപ്പർ ഖാദർ, അദ്ദേഹവും മറ്റു താരങ്ങളും ദുബായിലെത്തിയാൽ അവർക്ക് മികച്ച സൗകര്യമൊരുക്കാനും ശ്രദ്ധിച്ചിരുന്നു. 

ആറ് വർഷം മുൻപ് അസ്​ലം മാലിക്  നിര്യാതനായി കമ്പനിയുടെ നടത്തിപ്പ് മക്കൾ ഏറ്റെടുത്തതോടെയാണ് പേപ്പർ ഖാദറിന് അവിടുത്തെ ജോലി വിടണമെന്ന ചിന്തയുണ്ടായത്. 45 വർഷം തുടർച്ചയായി ജോലി ചെയ്ത കമ്പനിയിൽ നിന്നും 35 വർഷത്തോളം താമസിച്ച കരാമ ലുലു ഹൈപ്പർമാർക്കറ്റിനടുത്തെ ഫ്ളാറ്റിൽ നിന്നും വിടപറയുമ്പോൾ ഐക്യപ്പെടുന്നതിന് മുൻപത്തെ യുഎഇയിൽ നിന്ന് ലോകത്തെ ഏറ്റവും സുരക്ഷയും മനുഷ്യത്വവും പ്രദാനം ചെയ്യുന്ന ഒരു രാജ്യത്തിലേയ്ക്കുള്ള വളർച്ചയോടൊപ്പം നടന്നതിന്റെ സന്തോഷവും അഭിമാനവും ഇദ്ദേഹം കാത്തുസൂക്ഷിക്കുന്നു. 

അക്ഷരങ്ങളുടെ കൂടെ മികച്ച ജീവിതം

khader-family

യുഎഇ മികച്ച ജീവിതമാണ് നൽകിയത്. ഇത്രയും കാലം ലോകത്തിനു വെളിച്ചമാകുന്ന അക്ഷരങ്ങൾക്കൊപ്പം കൂടാൻ സാധിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു. 1978ൽ കുടുംബം യുഎഇയിലെത്തി. മൂന്നു മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നൽകി. മൂത്ത മകൻ അമീന്‍ ദുബായിൽ എന്‍ജിനീയറാണ്. ദുബായിൽ തന്നെ അക്കൗണ്ടന്റായ മകൾ അമീന രണ്ടാമത്തെ മകൾ. മൂന്നാമന്‍ ഡോ. അനസ് സൗദി യൂണിവേഴ്സിറ്റിയില്‍ പ്രഫസറാണ്. മരുമക്കൾ: നാസിയ, ജുനൈദ്, അമൽ. ഭാവിജീവിതം നാട്ടിൽ അല്ലലില്ലാതെ കഴിയാൻ നാലു നില കെട്ടിടം വാടകയ്ക്ക് നൽകിയിരിക്കുകയാണ്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com