ADVERTISEMENT

ദുബായ് ∙യുഎഇ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഇടയിലിരിക്കുന്ന പൂച്ചയുടെ വിഡിയോ വൈറലാകുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തമ്മിൽ സംസാരിക്കുന്നതിനിടയിലാണ് 'രാജകീയമായി' പൂച്ചക്കുട്ടി ഇരിക്കുന്നത്. ദുബായ് മീഡിയ ഓഫിസാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വൈറലായ വിഡിയോയിൽ കാണുന്ന പൂച്ചക്കുട്ടിയുടെ അമ്മയും പ്രശസ്തയാണ്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണി പൂച്ചയെ 2021 ഓഗസ്റ്റിൽ നാലു പേർ ചേർന്ന് രക്ഷിച്ചിരുന്നു. ഗൾഭിണിയായ പൂച്ചയെ രക്ഷിക്കുന്നതിന്റെ വിഡിയോയും അന്ന് വൈറലായിരുന്നു. ആ പൂച്ചയുടെ കുഞ്ഞാണ് ഭരണാധികാരികൾക്കിയിൽ ഇരിക്കുന്നത്.

അന്ന് പൂച്ചയെ രക്ഷിച്ച രണ്ടു മലയാളികളടക്കം നാലു പേർക്കു ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സമ്മാനം ലഭിച്ചിരുന്നു. ആർടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശി അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.

അന്ന് രക്ഷിച്ച പൂച്ചയെയും അതിന്റെ കുഞ്ഞിനെയും ഇപ്പോഴും ഷെയ്ഖ് മുഹമ്മദ് പരിപാലിക്കുന്നു എന്നറിയുന്നത് അവിശ്വസനീയമാണെന്ന് രക്ഷാപ്രവർത്തകരിലൊരാളായ അബ്ദുൽ റാഷിദ് പറയുന്നു. എനിക്ക് വാക്കുകളില്ല. ഞങ്ങൾ രക്ഷിച്ച പൂച്ചയെ കണ്ടിട്ട് ഒരു വർഷമാകുന്നു. അതിന്റെ കുട്ടിയെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നിയെന്നും അബ്ദുൽ റാഷിദ് പറയുന്നു.

രക്ഷിച്ച ഉടനെ തന്നെ ഗർഭിണിയായ പൂച്ചയെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഓഫിസ് അധികൃതർ എത്തി ഏറ്റെടുത്തിരുന്നു. പൂച്ചയെയും അതിന്റെ കുഞ്ഞുങ്ങളെയും ഇപ്പോഴും ദുബായ് ഭരണാധികാരി പരിപാലിക്കുന്നു എന്നത് വിശ്വസിക്കാനാകുന്നില്ല. ഒരിക്കൽ കൂടി പൂച്ചയെ കാണണമെന്ന് ആഗ്രഹം ഉണ്ടെന്നും  ഉടൻ അതിനു കഴിയുമെന്നാണ്  പ്രതീക്ഷിക്കുന്നുതെന്നും റാഷിദ് പറയുന്നു.

English Summary :  Photo of rescued cat's kitten sitting between UAE President and Sheikh Mohammed goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com