ത്രിവർണം അണിഞ്ഞ് ബുർജ് ഖലീഫ; സ്വാതന്ത്ര്യദിനം ആഘോഷമാക്കി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം
Mail This Article
ദുബായ് ∙ ഇന്ത്യയുടെ 77–ാം സ്വാതന്ത്ര്യദിനം ആഘോഷമാക്കി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ. വിസ്മയക്കെട്ടിടം ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണത്തിൽ പ്രകാശിക്കുന്നത് കാണാൻ ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമെത്തി.
ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ നിറത്തിൽ പ്രകാശിക്കുന്നതിന്റെ വിഡിയോ അധികൃതർ പങ്കിട്ടു. ത്രിവർണപതാക കൂടാതെ, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രവും ജയ് ഹിന്ദ്, ഇന്ത്യ നീണാൾ വാഴട്ടെ എന്നീ വരികളും ബുർജ് ഖലീഫയിൽ തെളിഞ്ഞു. ദേശീയഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പ്രദർശനം. മഹത്തായ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും നേട്ടങ്ങളും ആഘോഷിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് അഭിമാനവും ഐക്യവും സമൃദ്ധിയും നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു. #BurjKhalifa അവരുടെ സ്വാതന്ത്ര്യ ദിനത്തിൽ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയെ അനുസ്മരിക്കുന്നു. നിങ്ങളുടെ രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും വൈവിധ്യമാർന്ന സംസ്കാരവും ആഘോഷിക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങൾക്ക് ആഘോഷവും അഭിമാനവും നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു. പുരോഗതി, ഐക്യം, സമൃദ്ധി എന്നിവയാൽ ഇന്ത്യ തിളങ്ങിനിൽക്കട്ടെ. സ്വാതന്ത്ര്യദിനാശംസകൾ– ഇതായിരുന്നു വിഡിയോക്ക് ഒപ്പമുള്ള കുറിപ്പ്.
ഇത്തരം വിശേഷ ദിവസങ്ങളിൽ ഇന്ത്യയുടെ ത്രിവർണപതാക ബുർജ് ഖലീഫയിൽ നേരത്തെയും പ്രകാശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം, എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി ബഹിരാകാശത്ത് നിന്നുള്ള ഡൽഹിയുടെ ചിത്രം സഹിതം ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.
English Summary: Dubai’s Burj Khalifa lights up in tricolour to celebrate indian independence day