100 മേനി വിജയം; മരുഭൂമിയിലെ കൃഷി നാലിരട്ടി സ്ഥലത്തേക്കു വ്യാപിപ്പിക്കാൻ ഷാർജ ഭരണാധികാരിയുടെ നിർദേശം
![wheat-farm wheat-farm](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2023/9/17/wheat-farm.jpg?w=1120&h=583)
Mail This Article
ഷാർജ ∙ 100 മേനി വിജയം കൊയ്ത ഗോതമ്പ് കൃഷി നാലിരട്ടി സ്ഥലത്തേക്കു വ്യാപിപ്പിക്കുന്നു. മലീഹയിൽ 1500 ഹെക്ടറിൽ കൃഷിയിറക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച് എലൈറ്റ് ആഗ്രോ പ്രോജക്ട് മാനേജിങ് ഡയറക്ടർ ഡോ.അബ്ദുൽ മോനെം അൽ മർസൂഖിയും അഗ്രികൾച്ചറൽ ആൻഡ് ലൈവ്‌സ്റ്റോക്ക് പ്രൊഡക്‌ഷൻ കോർപറേഷൻ ചെയർമാൻ ഡോ. ഖലീഫ മുസാബെ അഹമ്മദ്അൽ തനൈജിയും ധാരണാപത്രം ഒപ്പുവച്ചു. കഴിഞ്ഞ ദിവസം സമാപിച്ച ഇന്റർനാഷനൽ ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറത്തോടനുബന്ധിച്ചായിരുന്നു കരാർ ഒപ്പിട്ടത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തെ തുടർന്നാണ് പദ്ധതി. ഗോതമ്പ് ഉൾപ്പെടെ ധാന്യങ്ങൾ കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും നേടുകയാണ് ലക്ഷ്യം. മലീഹയിൽ മണ്ണൊരുക്കി പൈപ്പ് ഇടുന്ന ജോലികൾ പൂർത്തിയാക്കുന്നതോടെ വിത്തിടുമെന്നും ഡോ. അൽ മർസൂക്കി പറഞ്ഞു. അനുബന്ധ ജോലികളും ഇതോടൊപ്പം തീർക്കും.
കഴിഞ്ഞ വർഷം 400 ഹെക്ടറിലാണ് കൃഷി ഇറക്കിയത്. കതിരണിഞ്ഞ ഗോതമ്പിന്റെ വളർച്ചാ ഘട്ടങ്ങൾ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ടെത്തി വിലയിരുത്തിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം ആഘോഷമാക്കി. 15200 ടൺ വിളവെടുത്തു. നല്ല വിളവ് ലഭിച്ചതോടെ ഇത്തവണ കൃഷി വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. നിർമിത ബുദ്ധി ഉൾപ്പെടെ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൃഷിയിറക്കിയതും ജലസേചനവും നിരീക്ഷണവും. ഇതും മരുഭൂമിയിൽ കൃഷി വിജയിക്കാൻ സഹായിച്ചു.
English Summary: Sharjah plans to expand the area of wheat farm to 1500 hectare.