ദുബായ് കാണാൻ കൊതിച്ചു, നടനായപ്പോൾ സ്വപ്നസാഫല്യം; ജീവിതം മാറ്റിമറിച്ചത് 'മറിമായം', ഇനി 'മമ്മൂക്കയ്ക്കൊപ്പം' ഒരു സിനിമ: ഉണ്ണിരാജ
Mail This Article
ദുബായ്∙ 'എന്ത്യപ്പാ ദ്.. ഭയങ്കരം തന്നെ. ദുബായ് എന്നാ ദുബായ്. അയിനെ കടത്തിവെട്ടാൻ ഒന്നൂംല്ലപ്പാ..'' - ആദ്യമായി യുഎഇയിലെത്തിയ മലയാള സിനിമയിലെയും 'മറിമായ'ത്തിലേയും പ്രിയതാരം ഉണ്ണി രാജയുടതാണ് വാക്കുകൾ. ദുബായ് കാണണമെന്ന ഏറെക്കാലത്തെ ആഗ്രമായിരുന്നു കണ്ണൂർ വെയ്ക്കിന്റെ പരിപാടിയിലേയ്ക്ക് ക്ഷണിക്കപ്പെട്ടതോടെ പറന്നുയർന്നത്. ജീവിതത്തിലെ രണ്ടാമത്തെ വിമാന യാത്രയായിരുന്നു ഇത്. നേരത്തെയൊരിക്കൽ നാട്ടിൽ ഡൽഹിയിലേയ്ക്ക് ഒരു പരിപാടിക്കായി വിമാനത്തിൽ യാത്ര ചെയ്തിരുന്നു. ദുബായിലെത്തിയപ്പോഴാണ് മനുഷ്യരുടെ യഥാർഥ സ്നേഹം മനസിലായത്. മലയാളികളെല്ലാം ഉണ്ണിരാജയെ തിരിച്ചറിഞ്ഞു. അത് സിനിമയിലെ വേഷങ്ങൾ കണ്ടിട്ടല്ലായിരുന്നു, മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന 'മറിമായ'ത്തിലെ ഉണ്ണിയെ കണ്ടിട്ട് തന്നെ. പലരും വന്ന് കൈ തരുന്നു, പരിചയപ്പെടുന്നു, സെല്‍ഫിയെടുക്കുന്നു. വലിയ കോടീശ്വരന്മാർ പോലും സാധാരണക്കാരെ പോലെയാണ് പെരുമാറുന്നത്. പരിചയപ്പെട്ട ഒരു മലയാളിക്ക് ദുബായിൽ 30 യാത്രാ ആഡംബര യാത്രാ ബോട്ടുകളുണ്ടെന്നറിഞ്ഞപ്പോൾ വലിയ അത്ഭുതം തോന്നി– എല്ലാം പുതിയ അനുഭവങ്ങൾ. എങ്കിലും യുഎഇ മുഴുവനും കാണാന‍് സാധിച്ചില്ല. പുതിയ ചിത്രത്തിൽ നാളെ ജോയിൻ ചെയ്യേണ്ടതുള്ളതിനാൽ കൂടുതൽ ദിവസം നിൽക്കാനാവില്ല. എങ്കിലും ബുർജ് ഖലീഫയും ചില മാളുകളും സന്ദർശിച്ചു. വൃത്തിയും വെടിപ്പുമുള്ള റോഡുകളും സ്ഥലങ്ങളുമാണ് ഉണ്ണിയെ ഇവിടെ ഏറെ ആകർഷിച്ചത്.
∙ ഉപജീവനം തേടി യുഎഇയിലേയ്ക്ക് വരാനൊരുങ്ങി; പക്ഷേ...
ഞാൻ കാര്യം പറയുമ്പോലെയാണ് പ്രസംഗിക്കുക. ആധികാരികമായി ഒന്നും പറയാനറിയൂല. വരുമ്പോഴും എത്തിയപ്പോഴും കണ്ടതും കാണാൻ പോകുന്നതുമായ കാഴ്ചകളെക്കുറിച്ചൊക്കെ പറഞ്ഞു. 17 വർഷം മുൻപ് വാർപ്പിന്റേയും തേപ്പിന്റേയും പെയിന്റിങ് പണിക്കുമെല്ലാം പോയിരുന്നപ്പോൾ കലയോടുള്ള അഭിനിവേശത്തെക്കുറിച്ചും ഇവിടുത്തെ പരിപാടിയിൽ വിശദമായി പറഞ്ഞു. കല്യാണം കഴിഞ്ഞ് എന്റെ സ്വര്‍ണമെല്ലാം കള്ളൻ കൊണ്ടുപോയി. അതോടെ വീട്ടീന്ന് പറഞ്ഞു, നീ പരിപാടി മതിയാക്കിക്കോ. സ്കൂളുകളിലും മറ്റും നാടകവും മൈമും മോണോആക്ടും പഠിപ്പിക്കലായിരുന്നു അന്നത്തെ പരിപാടി. വരുമാനമെല്ലാം വളരെ തുച്ഛം. പരിപാടികളില്ലാത്ത സമയത്താണ് മറ്റു പണികൾക്ക് പോകാറ്. 20 വർഷത്തോളം സംസ്ഥാന കലോൽസവത്തിൽ ഉണ്ണി പഠിപ്പിച്ച കുട്ടികൾക്കാണ് സമ്മാനം ലഭിച്ചിരുന്നത്. ഇതിനിടയ്ക്ക് ഒരിക്കൽ ഉപജീവനം തേടി യുഎഇയിലേയ്ക്ക് വരാനൊരുങ്ങി. പാസ്പോർട്ടൊക്കെ എടുത്തു. എന്നാൽ, ഇവിടെ എത്തപ്പെട്ടാൽ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ലാത്തതിനാൽ അത് വേണ്ടെന്ന് വച്ചു. വീണ്ടും സ്കൂൾ കലോത്സവവേദികളില്‍ മുഴുകിയപ്പോൾ,
10 വർഷം മുൻപ് മറിമായത്തിൽ ചെറിയൊരു വേഷത്തിലഭിനയിക്കാൻ മഴവിൽ മനോരമയിൽ ജോലി ചെയ്യുന്ന സുഹൃത്ത് പ്രദീപ് വഴി അവസരം ലഭിക്കുകയായിരുന്നു. കാസർകോടൻ ഭാഷ ആദ്യമായി ഒരു ടെലിവിഷൻ പരിപാടിയിൽ അവതരിപ്പിച്ചത് ഉണ്ണിയാണ്. സിനിമയിലൊക്കെ കാസർകോട്–കണ്ണൂർ ഭാഷ കടന്നുവന്നത് അടുത്ത കാലത്താണല്ലോ. എന്റെ ഭാഷ കേട്ട് ഇത് ആർക്കും മനസിലാകില്ലെന്നും മാറ്റണമെന്നും മറിമായത്തിന്റെ അണിയറ പ്രവര്‍ത്തകർ പറഞ്ഞു. ഞാൻ പറയുന്നത് അവർക്ക് മനസിലായിരുന്നില്ല. ലോകത്തെ എല്ലാ മലയാളികളും കാണുന്ന പരിപാടിയല്ലേ, പറയുന്നത് മനസിലായില്ലെങ്കിൽ ഏൽക്കില്ലെന്നും പറഞ്ഞു. പക്ഷേ, ഞാനത് മനസിലാക്കിപ്പിച്ചു. ശ്രദ്ധിച്ചൊരു കാര്യം, ഒരു പ്രദേശത്തെ പ്രാദേശിക ഭാഷകൾ ഗൾഫിലും മറ്റും പോയിക്കഴിഞ്ഞാൽ ആ നാട്ടുകാർ മാറ്റുന്നത് കാണാം. എന്നാൽ കാസർകോടുകാർ മാത്രം അത് മാറ്റാറില്ല. ഇവിടെ വന്നപ്പോഴും കാസർകോട്ടുകാർ സ്വന്തം ഭാഷ തന്നെ സംസാരിക്കുന്നത് കാണാൻ പറ്റി. ഫാഷന്റെ കാര്യത്തിലും നമ്മുടെ നാട്ടുകാർ വളരെ അപ്‍ഡേറ്റഡായിരിക്കും. എന്തു പണിയെടുക്കാനും മടിയില്ലാത്തവരാണ് കാസർകോട്ടുകാർ. എറണാകുളത്തൊക്കെ ഇപ്പോ എല്ലായിടത്തും കാസർകോട്ടുകാർ ജോലി ചെയ്യുന്നത് കാണാം. ഫൂട് പാത്തിൽ വരെ ഇരുന്ന് ഡ്രസ്സൊക്കെ കച്ചവടം ചെയ്യും. മറ്റുള്ളവരതിന് തയാറാകില്ല. അപ്പോ എന്താകും, കാസർകോട്ടുകാർ വൈകാതെ ഒരു കട തുടങ്ങും. കാസർകോട് ചെർക്കളയിലെ ഒരു സ്കൂളിൽ ഞാൻ കുറേ കാലം മൈം പഠിപ്പിച്ചിരുന്നു. ആ കുട്ടികളൊക്കെ വികൃതികളായിരുന്നെങ്കിലും ഭയങ്കര സ്നേഹമുള്ളവരാണ്. ഇപ്പോഴും എന്നെ വിളിച്ച് പഴയ സ്നേഹം പങ്കുവയ്ക്കും. ദുബായിലെത്തിയപ്പോഴും ആ സ്നേഹപ്രകടനം അനുഭവിച്ചു. ഇനിയും വരണമെന്നാണ് എന്റെ ആഗ്രഹം.
∙ ഇന്റർനെറ്റ് കാരണം സ്റ്റേജ് പരിപാടിയുടെ പണിപാളി
ഇന്ന് എല്ലാം ഇന്റർനെറ്റിലൂടെ മനുഷ്യൻ കണ്ടുകൊണ്ടിരിക്കുകയാണ്. പല സംഭവങ്ങളും തത്സമയം എവിടെയിരുന്നും കാണാം. അതുപോലെ സ്റ്റേജ് പരിപാടികള്‍ക്കും ഇന്റർനെററ് പണി കൊടുത്തു. പുതുമ നൽകാൻ കഴിഞ്ഞില്ലെങ്കിൽ സ്റ്റേജ് പരിപാടികൾ പൊളിഞ്ഞുപോകും. പ്രത്യേകിച്ചും കോമഡി പരിപാടികൾ. മഴവില്‍ മനോരമയിലെ മറിമായം എല്ലാത്തില്‍ നിന്നും വേറിട്ടു നിൽക്കും. സിങ്ക് സൗണ്ട് സംവിധാനമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ കാര്യങ്ങൾ എളുപ്പമാണ്. സ്വാഭാവികത തോന്നുകയും ചെയ്യും. ഒാരോ കലാകാരന്മാർക്കും ആ പരിപാടിയിൽ അവരുടേതായ സ്പേസ് ഉണ്ട്. അഭിനേതാക്കൾക്ക് ഒരു കാര്യം വിശദീകരിച്ചു കൊടുത്താൽ അവരുടേതായ ചിലത് കൂട്ടിച്ചേർക്കും. അതൊക്കെയാണ് മറിമായത്തിന്റെ വിജയം.
ഷിഹാബ് കരുനാഗപ്പള്ളി, ശ്രീകുമാർ മാഷ്, വിശ്വന്‍ അടക്കമുള്ളവരാണ് മറിമായത്തിന്റെ രചന നിർവഹിക്കുന്നത്. മനോരമയുടെ പിന്തുണയെക്കുറിച്ചും പറയാതെ വയ്യ. ഞാൻ അടുത്തിടെ അപകടത്തിൽപ്പെട്ട് കിടപ്പിലായപ്പോഴും സഹായവുമായെത്തി. കലോത്സവ പരിപാടികളിലും പെയിന്റ് പണിക്കും പോയിരുന്ന എനിക്ക് മാന്യമായൊരു ജീവിതം തന്നത് മഴവിൽ മനോരമയുടെ മറിമായം തന്നെ. എത്ര സിനിമയിലഭിനയിച്ചാലും പുറത്തിറങ്ങിയാൽ ഏറ്റവുമധികം ആളുകൾ എന്നെ തിരിച്ചറിയുക മറിമായത്തിലെ കഥാപാത്രത്തിലൂടെയാണ്. അതാണ് ആ പരിപാടിയുടെ പ്രശസ്തി. മറിമായമില്ലായിരുന്നെങ്കിൽ കലോത്സവ വേദികളിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന കലാകാരനായേനെ.
∙ തൊണ്ടിമുതലിലെ കവി രാജേഷ് അമ്പലത്തറയും അഖിലേഷേട്ടനും
വളരെ വൈറലായ കഥാപാത്രങ്ങളാണ് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക് സാക്ഷിയും എന്ന ചിത്രത്തിലെ കവി രാജേഷ് അമ്പലത്തറയും ഒാപറേഷൻ ജാവയിലെ അഖിലേഷേട്ടനും. തൊണ്ടിമുതൽ ആദ്യ സിനിമയായിരുന്നു. ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ ചായക്കടക്കാരനും കമലിന്റെ പ്രണയമീനുകളുടെ കടലിലെ കഥാപാത്രവുമാണ് പിന്നീട് ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവുമടുത്ത് നദികളിൽ സുന്ദരി യമുന, വാതിൽ തുടങ്ങി അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിലും കോഴിക്കോട് ഉടൻ ചിത്രീകരണമാരംഭിക്കുന്ന സിനിമയിലുമാണ് ഇനി അഭിനയിക്കുക. എല്ലാത്തിലും കാസർകോടൻ ഭാഷ തന്നെയാണ് പിടിച്ചിട്ടുള്ളത്. സംവിധായകൻ ആദ്യമേ പറയും, നിങ്ങളുടെ ശൈലി തന്നെ മതിയെന്ന്.
∙ മമ്മുക്കയോടൊപ്പം ഒരു സിനിമ സ്വപ്നം
ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് കണ്ണൂർ സ്ക്വാഡിൽ ഒരു വേഷം അവതരിപ്പിച്ചിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ സിനിമയ്ക്ക് നീളം കൂടിയപ്പോ അത് കട്ടായി. സംവിധായകൻ അതു വിളിച്ചു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, മമ്മുക്കയോടൊപ്പം ഞാനിതുവരെ സിനിമ ചെയ്തിട്ടില്ല. കോംബിനേഷൻ സീനുകളില്ലായിരുന്നുവെങ്കിലും മഹാ നടന്റെ ചിത്രത്തിൽ അഭിനയിച്ചു എന്ന് പറയുന്നത് തന്നെ ഒരു നടന് അഭിമാനമാണ്. അതാണ് ഇല്ലാതായിപ്പോയത്. ഒരുപാട് നടന്മാരെ സിനിമയിലേയ്ക്ക് കൈ പിടിച്ചുയർത്തിയ ആളല്ലേ മമ്മുക്ക. വൈകാതെ അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സിനിമയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന നടനാണ് മമ്മുക്ക. വിനോദം എന്നത് അദ്ദേഹത്തിന് ജീവിതത്തിൽ കല മാത്രമാണ്.
∙ ജീവിതം മാറിമറിയുന്നു; എല്ലായിടത്തും പ്രത്യേക പരിഗണന
വളരെ താഴ്ന്ന നിലയിൽ നിന്ന് വന്നയാളാണ് ഉണ്ണി രാജ. സാധാരണ കുടുംബത്തിലെ അംഗം. രണ്ട് സഹോദരിമാരുടെ സഹോദരൻ. അച്ഛൻ ഏറെ കാലം മുൻപേ മരിച്ചു. അമ്മ പണിയെടുത്താണ് മക്കളെ പോറ്റിയത്. ചെറിയൊരു വീട്ടിലായിരുന്നു താമസം. കലോത്സവ വേദികളിലൊക്കെ പോകുമ്പോൾ റെയിൽവേ സ്റ്റേഷനുകളിലൊക്കെ കിടന്നുറങ്ങുമായിരുന്നു. ആ സ്വഭാവമൊക്കെ ഇപ്പോഴും കൈയൊഴിഞ്ഞിട്ടില്ല. എങ്കിലും ഇന്ന് റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയാൽ കുറച്ച് കഴിയുമ്പോൾ നമ്മുടെ ഫോണിലേയ്ക്ക് ആ പടം വരുന്നത് കാണാം. റെയിൽവേ പൊലീസും മറ്റും കാണുമ്പോൾ അവരുടെ മുറിയിൽ കൊണ്ടുപോയി ഇരുത്തും. റസ്റ്ററൻ്റുകളിലൊക്കെ ചെന്നാലും പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. മറിമായവും സിനിമയുമൊക്കെയായി ജീവിതം മാറിമറിഞ്ഞു. കുറച്ച് കാലം മുൻപ്, അമ്മ പണ്ട് ജോലി ചെയ്തിരുന്ന നെൽവയൽ വിലയ്ക്ക് വാങ്ങിച്ചു വാർത്തകളിലിടം നേടിയിരുന്നു.
∙ വീണ് കിടപ്പിലായപ്പോൾ മനുഷ്യരെ മനസ്സിലായി
അടുത്തിടെ ഒന്ന് വഴുതി വീണുപോയി. നടുവിന് കാര്യമായ പണികിട്ടി, മാസങ്ങളോളം കിടപ്പിലായി. നേരത്തെ എന്ത് കലാ പരിപാടിക്ക് ക്ഷണിച്ചാലും മുന്നുംപിന്നും നോക്കാതെ സൗജന്യമായി ചെന്ന് പങ്കെടുക്കുമായിരുന്നു. കിടന്നപ്പോൾ ആളുകളോ സംഘടനക്കാരോ ആരും തിരിഞ്ഞുനോക്കിയില്ല. അന്നേരം മനസിലായി, എല്ലാവർക്കും അവരുടെ കാര്യം കാണാൻ വേണ്ടിയുള്ള സ്നേഹവും അടുപ്പവും മാത്രമേ ഉള്ളൂ എന്ന്. ദുബായിലേയ്ക്ക് ക്ഷണിച്ചതും പ്രതിഫലം തന്നിട്ട് തന്നെയാണ്. അല്ലാത്ത ഒരു പണിക്കും ഇനി ഞാൻ പോകില്ല. കാരണം, ജീവിക്കാൻ വേറെ വഴിയില്ല. കലാകാരന്മാർ മിക്കവരും ഒരു കാലം കഴിഞ്ഞാൽ ജീവിതം വഴിമുട്ടിപ്പോകുന്നത് ഇതൊക്കെ കൊണ്ടാണ്. സിനിമയിൽ പക്ഷേ, കൃത്യമായി പണം ലഭിക്കും. വളരെ ആസൂത്രണത്തോടെ കലാ ജീവിതം മുന്നോട്ടുകൊണ്ടു പോകാനാണ് തീരുമാനം
∙ കോമഡി, അമ്മ കഥാപാത്രങ്ങള്‍ അപ്രത്യക്ഷമായി
പണ്ടത്തെ പോലെ നിറഞ്ഞുനിൽക്കുന്ന അമ്മ കഥാപാത്രങ്ങളും ഫുൾടൈം കോമഡി കഥാപാത്രങ്ങളും ഇന്ന് സിനിമകളിലില്ലെന്ന് ഉണ്ണി രാജ പറയുന്നു. പുതുതലമുറയുടെ ജീവിതത്തിൽ അമ്മ കഥാപാത്രങ്ങളുടെ പ്രസക്തി നഷ്ടപ്പെടുന്നത് ഖേദകരം തന്നെ. കവിയൂർ പൊന്നമ്മ, സുകുമാരി, കെപിഎസി ലളിത എന്നിവരൊക്കെയായിരുന്നു അമ്മമാരായി ജ്വലിച്ചുനിന്നിരുന്നത്. ഇവർക്ക് ശേഷം അത്തരത്തിലുള്ള അമ്മമാരെ സിനിമകളിൽ കാണാനേയില്ല. ഇവർക്കൊക്കെ എന്താണ് സംഭവിച്ചതെന്ന് ആലോചിച്ചപ്പോഴാണ് മനസിലായത്, സിനിമയും കുറേ മാറിപ്പോയല്ലോ എന്ന്. അതുപോലെ, അടൂർ ഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, മാള അരവിന്ദൻ തുടങ്ങിയവർ അഭിനയിച്ച പോലുള്ള കോമഡി കഥാപാത്രങ്ങളേയും കാണാൻ കാണാനില്ല. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ മാത്രമേ ഇന്ന് ഒരു കലാകാരന് പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂ എന്ന് ഉണ്ണി രാജ പറയുന്നു.
പരേതനായ കണ്ണൻ നായർ ഒാമനയമ്മ ദമ്പതികളുടെ മകനാണ് ഉണ്ണിരാജ. ഭാര്യ സിന്ധു വീട്ടമ്മയാണ്. ആദിത്യ രാജ് പ്ലസ് ടുവിനും ധൻവിൻ രാജ് ആറാം ക്ലാസിലും പഠിക്കുന്നു. ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉഷയും രജനിയുമാണ് സഹോദരിമാർ.