ADVERTISEMENT

ഷാർജ ∙ ഷാർജ ഭരണാധികാരിയിൽ നിന്ന് നേരിട്ട് അഭിനന്ദനം ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായ മലയാളി കലാകാരൻ. സംഗീതപ്രേമികളായ അറബികളുടെ സ്വന്തം ഉസ്താദ് ബാസു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി പുലിക്കോടൻ ഭാസ്കരൻ എന്ന തബലിസ്റ്റ് ഭാസ്കരന് യുഎഇയിൽ മറ്റൊരു റോൾ കൂടിയുണ്ട്–വാദ്യോപകരണങ്ങളുടെ 'ഡോക്ടർ'.

കഴിഞ്ഞ 25 വർഷമായി യുഎയിലുള്ള ഉസ്താദ് ബാസുവിന്റെ പ്രധാന ജോലി വാദ്യോപകരണങ്ങൾ  നിര്‍മിക്കലും അറ്റകുറ്റപ്പണികൾ ചെയ്തുകൊടുക്കലുമാണ്. തബലിസ്റ്റായും പരിശീലകനായും ആരംഭിച്ച പ്രവാസ ലോകത്തെ സംഗീത യാത്ര ഇപ്പോൾ ചെന്നെത്തിയിരിക്കുന്നത് അറബിക് സംഗീതപ്രേമികളുടെ ഹൃദയങ്ങളിലേക്കാണ്. ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നിന്ന് ഉസ്താദ് ബാസുവിനെ തേടി ആളുകളെത്തുന്നു. ഉപയോഗിച്ചുപയോഗിച്ച് അഴിഞ്ഞുപോകുന്ന അവരുടെ പ്രധാന സംഗീതോപകരണങ്ങളായ റഹ്മാനി റണ്ണ (വലിയ ഡ്രം)യും റാസും ചാസറും (ചെറിയ ചെണ്ട) ദൊഹല്ല (ദർബക)യുമെല്ലാം മുറുക്കി, മിനുക്കിയെടുക്കാൻ. ഒപ്പം ഉസ്താദ് ബാസുവിന്റെ തബല പ്രകടനം കണ്ട് അഭിനന്ദിക്കും. അവരുടെ ട്രൂപ്പിന്റെ പരിപാടിയിലേക്ക് ക്ഷണിക്കും. അങ്ങനെയൊരിക്കലാണ് അവർ ഭാസ്കരനെ ഉസ്താദ് ബാസു എന്ന് വിളിച്ചു തുടങ്ങിയത്. സംഗീതപ്രേമികൾ അവരുടെ ജീവനെപ്പോലെ കരുതുന്ന ഉസ്താദ് ബാസു നന്നാക്കിയ സംഗീതോപകരണങ്ങൾ നെഞ്ചോട് ചേർത്ത് തിരിച്ചുപോകുമ്പോൾ അവർ നൽകുന്നത് കൂലി മാത്രമല്ല, മനസ്സുനിറഞ്ഞുള്ള പുഞ്ചിരി കൂടിയാണ്.

ഉസ്താദ് ബാസു ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ഉസ്താദ് ബാസു ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ പിതാവ് യാത്ര ചെയ്ത സംഗീത വഴികളിലൂടെ
കാസർകോട് രാജപുരം കള്ളാറിൽ സ്ഥിരതാമസമാക്കിയ കാഞ്ഞങ്ങാട് കൊവ്വൽസ്റ്റോർ സ്വദേശി പുലിക്കോടൻ ഭാസ്കരൻ എന്ന അറുപതുകാരന്റെ പിതാവ് പരേതനായ കുഞ്ഞിക്കേളു ഭാഗവതർ നാട്ടിലെ അറിയപ്പെടുന്ന വയലിനിസ്റ്റായിരുന്നു. മക്കളെല്ലാം തന്നെപ്പോലെ സംഗീതജ്ഞരാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിൽ ഭാസ്കരൻ മാത്രമാണ് ഇൗ രംഗത്ത് കൂടുതൽ സജീവമായത്. കുഞ്ഞിക്കേളു ഭാഗവതർ സംഗീത പരിപാടികള്‍ക്ക് പോകുമ്പോൾ അന്ന് കുട്ടിയായിരുന്ന ഭാസ്കരനെയും കൂടെക്കൂട്ടുമായിരുന്നു. അങ്ങനെ സംഗീതത്തോട‌ൊപ്പം വളർന്നയാളാണ് ഇദ്ദേഹം. പത്താം ക്ലാസ് പഠനത്തിന് ശേഷം ഭാസ്കരൻ സംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു. നീലേശ്വരം ഒ.ആർ.സി. രാമചന്ദ്രന്റെയടുത്ത് നിന്നും, പിന്നീട് കർണാടകയിലെ ഉ‍ഡുപ്പി ഉറുവ സ്റ്റോറിൽ താമസിക്കുന്ന മലയാളി ടി.ആർ. കൃഷ്ണൻ തൃപ്പൂണിത്തുറയുടെ അരികിൽ നിന്നും തബലയും കാസർകോട് ബാബു റായിയിൽ നിന്ന് മൃദംഗവും വായിക്കാൻ പഠിച്ചു. പിതാവിന്റെ വയലിൻ സംഗീതക്കച്ചേരിയിൽ ഭാസ്കരൻ തബല വായിക്കുമ്പോൾ സഹോദരൻ ബാലകൃഷ്ണൻ കീബോർഡിസ്റ്റായി. സഹോദരി പുഷ്പയും സംഗീതജ്ഞയായിരുന്നു. തുടർന്ന് കേരളത്തിലെ അറിയപ്പെടുന്ന ഷഹ്നായി വാദകൻ കാസർകോട്ടെ ഉസ്താദ് ഹസൻ ഭായിയുടെ കൂടെയും ഭാസ്കരൻ കുറേക്കാലം പ്രവർത്തിച്ചു. സംഗീതക്കച്ചേരിയായാലും ഭക്തിഗാനമേളയായാലും ശരി, ആരു വിളിച്ചാലും സന്തോഷത്തോടെ ചെന്ന് പങ്കെടുക്കുന്നതായിരുന്നു ശീലം.

∙ കടലിനിക്കരെയുള്ള ജീവിതതാളം തേടി..
ജീവിതത്തിന് കൂടുതൽ 'താളം' കണ്ടെത്താനായിരുന്നു ഭാസ്കരൻ 1998ൽ യുഎഇയിലെത്തിയത്. ദുബായ് കരാമയിലെ സംഗീതോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലായിരുന്നു ആദ്യം ജോലി. പിന്നീട് സ്വന്തമായി കട തുടങ്ങി. ഇടയ്ക്ക് കുറേക്കാലം കുട്ടികൾക്ക് തബലവാദന പാഠങ്ങള്‍ പകർന്നുകൊടുത്തു. എന്നാൽ കെട്ടിട വാടക കുത്തനെ വർധിപ്പിച്ചതിനാല്‍ സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ സാധിക്കാതെ വന്നപ്പോൾ പൂട്ട് വീണു. നാല് വർഷം മുൻപ് കുടുംബം നാട്ടിലേക്കു മടങ്ങിയതോടെ താമസം ഒരു വില്ലയിലേക്കു മാറുകയും അവിടെ സംഗീതോപകരണങ്ങൾ നിർമിച്ചും റിപ്പയർ ചെയ്തും ജീവിതം തുടരുകയും ചെയ്തു.

ഉസ്താദ് ബാസു നിർമിച്ച വാദ്യോപകരണങ്ങൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ഉസ്താദ് ബാസു നിർമിച്ച വാദ്യോപകരണങ്ങൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ ആട്ടിൻതോല്‍ കൊണ്ടുള്ള മാജിക്
ഉസ്താദ് ബാസുവിന്റെ താമസസ്ഥലത്ത് ചെന്നാൽ വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള വൈവിധ്യമാർന്ന വാദ്യോപകരണങ്ങളുടെ കലവറ കാണാം. ആട്ടിൻ തോലാണ് വാദ്യോപകരണങ്ങളുടെ നിർമാണത്തിലെ പ്രധാന വസ്തു. കാളത്തോലും ഉപയോഗിക്കും. പെരുമ്പറ പോലുള്ളവ നിർമിക്കാൻ അതാണ് വേണ്ടത്. ഷാർജയിലെയും അജ്മാനിലെയും വിപണികളിൽ നിന്ന് ഇവ കൊണ്ടുവരും. ആട്ടിൻതോൽ ഒരെണ്ണത്തിന് 15 ദിർഹം വരെ നൽകണം. കാളത്തോലിന് 120 ദിർഹം. ഒരു ആട്ടിൻ തോലിൽ കുറഞ്ഞത് രണ്ട് ചാസർ ഉണ്ടാക്കാം. രാസപദാർഥങ്ങൾ ഉപയോഗിച്ച് നന്നായി തേച്ച് മിനുക്കി ഉണക്കിയാണ് ഉപയോഗിക്കുക. ഇതിന് രണ്ട് ദിവസം വേണം. പിന്നെ വേണ്ടത് മരവും കമ്പിയും. ആട്ടിൻതോൽ കമ്പിവളച്ച് മുറുക്കിക്കെട്ടും. തുടർന്ന് നല്ല കമ്പക്കയറുപയോഗിച്ച് വരിഞ്ഞുമുറുക്കും. മരത്തിന് പകരം 12 ഇഞ്ച് ഫൈബർ പൈപ്പും ഉപയോഗിക്കാറുണ്ട്. 

ഉസ്താദ് ബാസു നിർമിച്ച വാദ്യോപകരണങ്ങൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ഉസ്താദ് ബാസു നിർമിച്ച വാദ്യോപകരണങ്ങൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

രാവിലെ 10 മുതൽ രാത്രി 10 വരെ ഷാർജ ബുതീനയ്ക്കടുത്തെ സ്വന്തം താമസ സ്ഥലത്ത് തന്നെയാണ് നിർമാണം. ദിവസവും 15 മുതൽ 18 വരെ ചെണ്ടയുണ്ടാക്കുന്നു. ഇക്കാര്യത്തിൽ ഉസ്താദ് ബാസു ഒറ്റയാൾപട്ടാളമാണ്. മാത്രമല്ല, ഇൗ ജോലി നന്നായി ആസ്വദിച്ചുകൊണ്ടുപോകുന്നു. പാട്ടുകാരായ സുഹൃത്തുക്കളോ ആവശ്യക്കാരോ എത്തിയാൽ അവർ പാടിയാൽ ഉസ്താദ് ബാസു കുറച്ചുനേരത്തേയ്ക്ക് തബലിസ്റ്റിന്റെ കുപ്പായമണിയും. എല്ലാദിവസവും എട്ടോളം ചെണ്ടകൾ വിറ്റുപോകും. വാരാന്ത്യങ്ങളിൽ കൂടുതലെണ്ണം വിൽക്കാൻ കഴിയും. യുഎഇ കഴിഞ്ഞാൽ ഒമാനിൽ നിന്നാണ് ആവശ്യക്കാർ ഏറ്റവും കൂടുതൽ എത്തുന്നത്. സാദാ ചെണ്ടയ്ക്ക് ഒരെണ്ണത്തിന് 500 ദിർഹമാണ് വില. മരം ഉപയോഗിച്ചുള്ള ചെണ്ടയാണെങ്കിൽ (അറബിക് ചെണ്ട) 150 ദിർഹം കൂടും. മലയാളികൾ മിക്കപ്പോഴും തബല, മൃദംഗം തുടങ്ങിയവയുടെ ട്യൂണിങ്ങിന് വേണ്ടിയാണ് ഇദ്ദേഹത്തെ സമീപിക്കുക. താൻ നിർമിക്കുന്ന വാദ്യോപകരണങ്ങൾ വായിക്കാനും ഇദ്ദേഹത്തിനറിയാം എന്നതാണ് പ്രത്യേകത.

ഉസ്താദ് ബാസു തബല വായിക്കുന്നു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ഉസ്താദ് ബാസു തബല വായിക്കുന്നു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ ഷാർജ ഷെയ്ഖ് നേരിട്ട് കൈ കുലുക്കിയപ്പോൾ
യുഎഇയിലെ അറബിക് സംഗീത ട്രൂപ്പുകൾക്ക് വേണ്ടി തബല വായിക്കാൻ പോകാറുണ്ട്, ഉസ്താദ് ബാസു. വർഷങ്ങൾക്ക് മുൻപാണ് സംഭവം. ഷാർജയിലെ ജമയ്യ ഫൊർഖ എന്ന സംഗീത ട്രൂപ്പിനൊപ്പം പരിപാടിയിൽ തബല വായിക്കുകയായിരുന്നു ഉസ്താദ് ബാസു.  അന്ന് പരിപാടിയാസ്വദിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് ഷെയ്ഖ് വേദിയിലേക്കു കയറിവന്നു കലാകാരന്മാർക്കെല്ലാം ഷെയ്ക് ഹാൻഡ് നൽകി. കൂട്ടത്തിൽ ഉസ്താദ് ബാസുവിനും. അത് കാൽനൂറ്റാണ്ടിലെ പ്രവാസ ജീവിതത്തിൽ  അനർഘനിമിഷമായി മാറി. 

 ഉസ്താദ് ബാസു ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ഉസ്താദ് ബാസു ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

മറ്റു അറബിക് സംഗീത ട്രൂപ്പുകൾക്കും ഇൗജിപ്ഷ്യൻ നാടകത്തിനു വേണ്ടിയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരക്കിട്ട നിർമാണ ജോലിയുണ്ടെങ്കിലും ആരെങ്കിലും പരിപാടിക്ക് ക്ഷണിച്ചാൽ ഉസ്താദ് ബാസുവിലെ പഴയ  തബലിസ്റ്റ് ഉണരും. നാരായണിയാണ് മാതാവ്. നൃത്താധ്യാപികയായ ദാക്ഷായണിയാണ് ഭാര്യ. മകൾ മഞ്ജരിക്കും നൃത്തത്തിൽ താത്പര്യമുണ്ട്. മുംബൈയിൽ മെക്കാനിക്കൽ എൻജിനീയറായ മകൻ ബിലഹരി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടവാദനത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ശുദ്ധസംഗീതം പോലെ വിഘ്നങ്ങളില്ലാതെ, മികച്ച രീതിയിൽ ജീവിതം മുന്നോട്ടുപോകുമ്പോൾ ഉസ്താദ് ബാസു ഇൗ രാജ്യത്തിനും ഭരണാധികാരികൾക്കും പിന്നെ സംഗീത ലോകത്തിനും നന്ദി പറയുന്നു.
(ഉസ്താദ് ബാസു:+971 55 665 9872)

English Summary:

Malayali Tablaist Ustad Basu Received Appreciation from the Ruler of Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com