യുഎഇ മാനവശേഷി മന്ത്രാലയത്തിൽ ഇനി വിഡിയോ കോളിലൂടെ പരാതിപ്പെടാം, സേവനങ്ങളെക്കുറിച്ചും അറിയാം
Mail This Article
അബുദാബി ∙ യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വിഡിയോ കോൾ സേവനം ആരംഭിച്ചു. ഇനി തൊഴിൽത്തർക്കം ഉൾപ്പെടെ പരാതികൾ നൽകാനും വിവിധ സേവനങ്ങൾക്കും മന്ത്രാലയത്തിൽ നേരിട്ട് പോകേണ്ടതില്ല. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ്, ‘MOHRE’ സ്മാർട്ട് ആപ്, വാട്സാപ് നമ്പർ എന്നിവയിലൂടെ വിഡിയോ കോളിൽ വിളിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതി പറയാം. വിവിധ സേവനങ്ങളെക്കുറിച്ചും ഇതിലൂടെ അന്വേഷിക്കാം.
വെബ്സൈറ്റിലും സ്മാർട്ട് ആപ്പിലും ഇൻസ്റ്റന്‍റ് വിഡിയോ കോൾ എന്ന ഓപ്ഷനിലാണ് ഈ സേവനം ലഭിക്കുക. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും സേവനം ഉപയോഗപ്പെടുത്താം. മന്ത്രാലയത്തിന്റെ വാട്സാപ് (600590000) നമ്പറിലൂം വിഡിയോ കോൾ സേവനം ലഭിക്കും. വീട്ടുജോലിക്കാർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും സൗകര്യപ്രദമായ നിലയിലാണ് പുതിയ സേവനമെന്ന് കസ്റ്റമർ റിലേഷൻസ് വിഭാഗം ഡയറക്ടർ ഹുസൈൻ അൽ അലിലി പറഞ്ഞു. 2023ൽ വിവിധ സേവന ചാനലുകളിലൂടെ ഉപഭോക്താക്കളുമായി 5 കോടി ആശയവിനിമയങ്ങൾ നടത്തിയതായും അറിയിച്ചു.
പ്രവൃത്തി സമയം
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ 3 വരെയും വെള്ളി രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് വിഡിയോ കോൾ സേവനം.