സോളർ പ്ലാന്റ് സ്ഥാപിക്കുന്ന മൂന്നാമത്തെ എമിറേറ്റ്; സൗരോർജത്തിലേക്ക് ഷാർജയും
Mail This Article
ഷാർജ ∙ ഷാർജയിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് സജ വ്യവസായ മേഖലയിൽ നിർമിക്കുന്നു. ഷാർജ നാഷനൽ ഓയിൽ കോർപറേഷന്റെ (എസ്എൻഒസി) മേൽനോട്ടത്തിലാണ് പദ്ധതി. സജ ഗ്യാസ് കോംപ്ലക്‌സിന് സമീപമാണ് 60 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് നിർമിക്കുന്നത്. മസ്ദാറിന്റെയും ഇഡിഎഫ് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ എമർജ് കമ്പനിക്കാണ് നിർമാണ, നടത്തിപ്പ് ചുമതല. 25 വർഷത്തേക്കാണ് കമ്പനിക്ക് കരാർ നൽകിയത്.
ഇതോടെ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന മൂന്നാമത്തെ എമിറേറ്റായി ഷാർജ. പുനരുപയോഗ ഊർജ സ്രോതസ്സ് യുഎഇയിൽ വ്യാപകമാകുന്നതോടെ രാജ്യത്തിന്റെ പരിസ്ഥിതി സൗഹൃദ നയങ്ങൾ വേഗത്തിൽ നടപ്പാക്കാനാകും. ഷാർജയിലെ സൗരോർജ പദ്ധതിയിലൂടെ വർഷത്തിൽ 66,000 ടൺ കാർബൺ മലിനീകരണം കുറയ്ക്കാം. 14,600 കാറുകൾ പുറന്തള്ളുന്ന കാർബൺ മലിനീകരണത്തിന് തുല്യമാണിതെന്ന് എസ്എൻഒസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഹാതിം അൽ മൂസ പറഞ്ഞു.
2032ഓടെ കാർബൺ മലിനീകരണമില്ലാത്ത എമിറേറ്റ് ആകാനുള്ള ഷാർജയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് പരിസ്ഥിതി സൗഹൃദ ഊർജ ഉൽപാദന പദ്ധതിയെന്നും പറഞ്ഞു. ഷാർജയുടെ ഊർജ ആവശ്യം പൂർണമായും മറികടക്കുംവിധം ഭാവിയിൽ പ്ലാന്റിന്റെ ശേഷി കൂട്ടാനും പദ്ധതിയുണ്ട്. സൗരോർജത്തിൽ ലോകോത്തര പദ്ധതികളുമായി ദുബായ്, അബുദാബി എമിറേറ്റുകളിൽ ബഹുദൂരം മുന്നിലുണ്ട്.
സോളർ പാർക്ക് ആറാം ഘട്ടം പിന്നിട്ട് ദുബായ്
2030ഓടെ 5000 മെഗാവാട്ട് സൗരോർജ പദ്ധതിയുമായി മുന്നോട്ടുപോകുന്ന ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ ആറാം ഘട്ടവും ഈയിടെ തുറന്നിരുന്നു. ദുബായിലെ 2.7 ലക്ഷം വീടുകളിൽ സൗരോർജം നൽകുകയാണ് ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടെ വർഷത്തിൽ 65 ലക്ഷം ടൺ കാർബൺ വമനം കുറയ്ക്കാമെന്നാണ് പ്രതീക്ഷ.
മലിനീകരണം കുറയ്ക്കാൻ അബുദാബി
2 ജിഗാ വാട്ട് ശേഷിയുള്ള സോളർ പ്ലാന്റ് അബുദാബി അൽദഫ്രയിൽ നിർമിക്കുന്നതിന്റെ ഉദ്ഘാടനം നവംബറിൽ നടത്തിയിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ വർഷം 24 ലക്ഷം മെട്രിക് ടൺ കാർബൺ മലിനീകരണവും ഒഴിവാക്കാം. അതായത് 4.7 ലക്ഷം കാറുകൾ പുറന്തള്ളുന്ന മലിനീകരണത്തിന് തുല്യമാണിത്. ഭാവിയിൽ പ്ലാന്റിന്റെ ശേഷി 3.2 ജിഗാ വാട്ട് ആയി ഉയർത്താനാകും.