രേഖകളില്ലാത്തതിനാൽ ചികിത്സ തേടാനായില്ല, അഭയമായത് വേദന സംഹാരികൾ; ഒടുവിൽ രാജേന്ദ്രൻ നാട്ടിലെത്തി

Mail This Article
റിയാദ്∙ ഇരു വൃക്കകളും തകരാറിലായ ഉത്തർപ്രദേശ് സ്വദേശി രാജേന്ദ്രന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. 15 വർഷമായി അൽഖർജ് സൂക്കിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന രാജേന്ദ്രന്‍റെ ഇഖാമ കഴിഞ്ഞ നാലു വർഷത്തോളമായി പുതുക്കിയിട്ടില്ല. നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സ്ഥാപനം സ്പോൺസർ തൊഴിലാളികളടക്കം മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ തന്നെ വീണ്ടും മറ്റൊരാൾക്ക് സ്ഥാപനം കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടെ തൊഴിൽ നഷ്ട്ടപെട്ട രാജേന്ദ്രൻ മറ്റ് തൊഴിൽ തേടിയെങ്കിലും ആറു മാസത്തോളം ജോലിയൊന്നും ലഭിച്ചില്ല. ഉണ്ടായിരുന്ന ജോലി നഷ്ടപെട്ടതോടെ താമസവും പ്രതിസന്ധിയിലായി.
സുഹൃത്തുക്കളോപ്പം താൽക്കാലികമായി താമസം ശരിപ്പെടുത്തി. നിത്യചെലവിനായി വാഹനങ്ങൾ കഴുകിയും കിട്ടുന്ന ജോലികൾ ചെയ്തും വരുമാനം കണ്ടെത്തി. അതിനിടയിൽ ജോലി ചെയ്യാൻ സാധിക്കാത്ത വിധം ഇടക്കിടെ അസുഖം വരികയും മെഡിക്കൽ ഷോപ്പുകളിൽ നിന്നും തൽക്കാലികാശ്വാസത്തിന് വേദന സംഹാരികൾ വാങ്ങി കഴിക്കുകയും ചെയ്തു. ഇഖാമ ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോകുന്നതിനോ ചികിത്സ തേടുന്നതിനോ നാട്ടിൽ പോകുന്നതിനോ സാധിച്ചില്ല. ഇത്തരത്തിൽ മൂന്നു വർഷത്തോളം കടന്നു പോയി.
ഒരിക്കൽ അസുഖം മൂർച്ഛിച്ച് ബോധരഹിതനായി റൂമിൽ കിടന്ന രാജേന്ദ്രനെ കണ്ട് ഭയന്നുപോയ കൂട്ടുകാർ സഹായത്തിനായി കേളി പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം അൽഖർജ് ഏരിയാ കൺവീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും യു പി സ്വദേശിയായ സുഹൃത്ത് മുഹമ്മദും ചേർന്ന് ഉടനെ അൽഖർജ് ജനറൽ ആശുപതിയിലേക്ക് എത്തിക്കുകയും അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
തുടർന്ന് ഇന്ത്യൻ എംബസിയിൽ വിവരം അറിയിക്കുകയും ഇന്ത്യൻ എംബസി സെക്രട്ടറി മോയിൻ അക്തർ, മീനാ ഭഗവാൻ, നസീം, ഷറഫു എന്നിവർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. ആശുപത്രിയിലെ വിശദമായ പരിശോധനയിൽ രാജേന്ദ്രന്‍റെ രണ്ട് വൃക്കകളും തകരാറിലാണെന്നും എത്രയും പെട്ടെന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും അറിയിച്ചു.
നാട്ടിൽ എത്തിക്കുന്നതിനായി സ്പോൺസറുമായി ബദ്ധപ്പെട്ടപ്പോൾ നാലു വർഷത്തെ ഇഖാമ അടിക്കുന്നതിനായി വൻ തുക ആവശ്യപ്പെട്ടു. തുടർന്ന് ഇന്ത്യൻ എംബസി സെക്രട്ടറി മോയിൻ അക്തറിന്‍റെ നേതൃത്വത്തിൽ അൽഖർജിലെ ലേബർ കോർട്ട് വഴി പെട്ടെന്ന് എക്സിറ്റ് അടിച്ചു കിട്ടുന്നതിനുള്ള ശ്രങ്ങൾ നടത്തി. ലേബർ കോർട്ടിലെ ഉദ്യോഗസ്ഥരുടെ സഹകരണം കാര്യങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചു.
രാജേന്ദ്രന് കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും ടിക്കറ്റ് കണ്ടെത്തി നൽകി. അഞ്ചുവർഷത്തെ ദുരിതത്തിനൊടുവിൽ കഴിഞ്ഞ ദിവസത്തെ എയർ ഇന്ത്യ വിമാനത്തിൽ രാജേന്ദ്രൻ സ്വദേശത്തേക്ക് മടങ്ങി.