ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

കാലത്തിനൊത്ത് മാറുന്നവർക്കാണ് വിജയമെന്ന് ചൊല്ലുണ്ടല്ലോ. അങ്ങനെ   മാറാത്തവരെ കാലം ചവറ്റുകൊട്ടയിൽ ഇട്ടതിന്റെ കഥകളുമുണ്ട്. കാലോചിതമായി അടിമുടി മാറുന്നവരെ കുറിച്ച് അറിയുന്നതു പോലും ഒരു തരം അപ്ഡേഷനാണ്. ലോകത്തിൽ ഏറ്റവും അപ്ഡേറ്റഡ് ആയവർ ഇലോൺ മസ്ക്കും മാർക്ക് സക്കർബർഗുമൊക്കെ ആണെന്നു കരുതിയെങ്കിൽ തെറ്റി. അവരെക്കാൾ അപ്ഡേറ്റ് ചെയ്തു ജീവിക്കുന്നവരുണ്ട്, പണ്ട് അവരെ വിളിച്ചിരുന്നത് കള്ളന്മാർ എന്നാണ്. ഇന്ന് വിളിപ്പേരുകളിൽ ചില മാറ്റങ്ങളൊക്കെ വന്നെന്നു മാത്രം.സ്കാമേഴ്സ്, ഹാക്കേഴ്സ്... അങ്ങനെ ചെല്ലപ്പേരുകൾ പലതുണ്ട്. 

അവരുടെ മെസേജുകൾ വായിക്കുമ്പോൾ നമ്മളോട് ഇത്രയും സ്നേഹവും കരുതലുമുള്ളവർ ഉണ്ടല്ലോ എന്ന് തോന്നും. നിങ്ങൾക്കു ജോലി വേണോ? വീട്ടിൽ വെറുതെ ഇരുന്നു കാശു വാരണോ? യുട്യൂബ് കണ്ടുകൊണ്ട് പണക്കാരനാകണോ? അങ്ങനെ പലതും അവർ ചോദിക്കും. 

ആരായാലും മറുപടി പറഞ്ഞുപോകും. ഒരു പണിക്കും പോകാതെ രാവിലെ മുതൽ വൈകുന്നേരം വരെ യുട്യൂബ് കണ്ടിരുന്നാലും കൈനിറയെ കാശ് കിട്ടുമെന്നു പറഞ്ഞാൽ, അതിൽപരം സന്തോഷം വേറെയുണ്ടോ? അങ്ങനെ സന്തോഷിക്കാൻ വരട്ടെ, എല്ലാ നേരവും ഉണ്ടുറങ്ങുന്ന കൈക്കുഞ്ഞുങ്ങൾക്കു പോലും പാലും ഭക്ഷണവും കിട്ടണമെങ്കിൽ ഏറ്റവും കുറഞ്ഞത് കരയുകയെങ്കിലും വേണം. 

അതായത്, ആരും ഒന്നും സൗജന്യമായി തരില്ലെന്നു ചുരുക്കം.  വെറുതെ ഫോണും നോക്കിയിരുന്നു വിഡിയോ കണ്ടാൽ പൈസ കിട്ടുമെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നു ചോദിക്കേണ്ട; അതും അതിനപ്പുറവും വിശ്വസിക്കും നമ്മളിൽ ചിലർ. അവർ തട്ടിപ്പുകാർക്ക് കൃത്യമായി പണം ‘ഇട്ടുകൊടുക്കുകയും’ ചെയ്യും. 

അങ്ങനെ പണം കൊടുത്തു, ബാധ്യതയായി സാമ്പത്തിക കുറ്റം നേരിടുന്ന പ്രവാസികളേറെയുണ്ട് ഇവിടെ. കുറഞ്ഞ പക്ഷം പരിചയക്കാരന് പറ്റിയ അബദ്ധം ഓർത്തിരുന്നെങ്കിൽ എത്ര കുടുംബങ്ങൾ രക്ഷപെടുമായിരുന്നു. അത് ഓർക്കില്ലെന്നു മാത്രമല്ല, ഒരു ലക്ഷം രൂപ തന്നാൽ, 10 ലക്ഷം അക്കൗണ്ടിലെത്തുമെന്ന് പറയുന്നവനെ കണ്ണുംപൂട്ടി വിശ്വസിക്കും. 

അങ്ങനെ 10 ലക്ഷം രൂപ തരുന്നെങ്കിൽ അതിൽനിന്ന് ഒരു ലക്ഷം എടുത്തിട്ട് ബാക്കി 9 ലക്ഷം അക്കൗണ്ടിൽ ഇട്ടാൽ മതി എന്നു പറയാൻ പോലുമുള്ള ബുദ്ധി നമ്മൾ കാണിക്കില്ല. ഇതൊക്കെ തട്ടിപ്പാണെന്ന് ആരെങ്കിലും പറഞ്ഞാൽ പിണങ്ങും. നമുക്ക് പത്തു കാശ് കിട്ടുന്നത് അവനങ്ങോട്ടു സുഖിക്കുന്നില്ലെന്ന് കുറ്റം പറയും. ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം, പഴയ തരികിട നമ്പരൊന്നുമല്ല ആധുനിക കള്ളന്മാരുടെ കയ്യിലുള്ളത്. ഡീപ് ഫെയ്ക്ക് ഉൾപ്പെടെ നിർമിത ബുദ്ധിയുടെ എല്ലാ സാധ്യതയും അവർ പ്രയോഗിക്കും. നിങ്ങളുടെ ഭാര്യയുടെ, ഭർത്താവിന്റെ നമ്പറിൽ നിന്നു നിങ്ങൾക്ക് വിളി വന്നേക്കാം. അവർ നിങ്ങളോടു നേരിട്ടു വിഡിയോ കോളിൽ സംസാരിച്ചേക്കാം. പഴുതുകൾ ബാക്കിവയ്ക്കാതെ നിങ്ങളെ പറ്റിക്കാം. കരുതിയിരിക്കാനാണ് ഇത്രയും പറഞ്ഞത്. 

കാരണം, ഈ ദിവസങ്ങളിൽ ‘ഫോൺ നിറയെ’ കള്ളന്മാരാണ്. പൊലീസായി, എമിഗ്രേഷൻ ഉദ്യോഗസ്ഥരായി, ട്രാവൽ ഏജന്റുമാരായി, പബ്ലിക് പ്രോസിക്യൂട്ടർമാരായി, ഇന്റർപോൾ ഏജന്റ്സ് ആയി പല വേഷത്തിൽ അവരുണ്ട്. ഫോൺ ബിൽ അടയ്ക്കാൻ, ട്രാഫിക് ഫൈൻ അടയ്ക്കാൻ, വാട്ടർ ബിൽ അടയ്ക്കാൻ അങ്ങനെ എന്തിന്റെയെല്ലാം ലിങ്കുകളാണ് ഫോണിലെത്തുന്നത്. 

പാസ്പോർട്ട് ബ്ലോക്ക് ആയെന്നു പറഞ്ഞ് എത്ര സന്ദേശങ്ങൾ ഇതിനകം ലഭിച്ചു!  ഇതിനെല്ലാം പുറമെയാണ് നമ്മുടെ ദൗർബല്യങ്ങളെ ചൂഷണം ചെയ്യുന്നവരുടെ ഒഴുക്ക്. സുന്ദരീസുന്ദരന്മാരായി അവർ നമ്മുടെ ഫോണുകളിലെത്തും. പ്രണയിക്കാൻ വെമ്പിനിൽക്കുന്ന അവരുടെ സങ്കടത്തിനു മുന്നിൽ നമ്മുടെ മനസ്സ് ഇടിഞ്ഞാൽ, പോകുന്നത് കാശും മാനവും അടക്കം പലതുമാകാം.

അതുകൊണ്ട് സൂക്ഷിക്കുക. അംബാനിയും അദാനിയുമൊന്നും ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്ത് പണക്കാരായതല്ലെന്ന് മനസ്സിലാക്കുക. വിഷുവിന് അച്ഛൻ കൈനീട്ടം തരുംപോലെ നിങ്ങൾക്ക് സമ്പത്തും ഐശ്വര്യവും വർധിപ്പിച്ചു തരാൻ ആരും പണവുമായി കാത്തുനിൽക്കുന്നില്ല. കാശുണ്ടാക്കാനുള്ള ഒരേയൊരു കുറുക്കുവഴി നന്നായി അധ്വാനിക്കുക എന്നതു മാത്രമാണ്. അപ്പോൾ ശുഭദിനം!

English Summary:

Tech Thieves: AI, Deepfakes, and the New Face of Crime - Karama Kathakal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com