ഷെയ്ഖ് ഖലീഫ കേന്ദ്ര ടൂറിസം മന്ത്രിയുമായി ചർച്ച നടത്തി
Mail This Article
മനാമ / ന്യൂഡൽഹി ∙ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്‍റിക്വിറ്റീസ് (BACA) പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ന്യൂഡൽഹിയിൽ നടന്ന ലോക പൈതൃക സമിതി യോഗത്തിന്‍റെ 46-ാമത് സെഷനിൽ ഇന്ത്യയുടെ സാംസ്‌കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി.
ബഹ്‌റൈൻ രാജ്യവും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് രണ്ട് ഉദ്യോഗസ്ഥരും ചർച്ച ചെയ്തു. വൈവിധ്യമാർന്ന മേഖലകളിൽ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംയുക്ത പരിപാടികൾ വികസിപ്പിക്കുന്നതിൽ ഇരുവരും അതീവ താൽപര്യം പ്രകടിപ്പിച്ചതായി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (BACA) അറിയിച്ചു.
ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഷെയ്ഖ് ഖലീഫ മന്ത്രി ഷെഖാവത്തിനോട് നന്ദി പറഞ്ഞു. ബഹ്‌റൈനിലെ ഇന്ത്യൻ സാംസ്‌കാരിക സാന്നിധ്യം ഉയർത്തിയ നിരവധി വിജയകരമായ പദ്ധതികൾക്ക് ബിഎസിഎയും പ്രസക്തമായ ഇന്ത്യൻ ഓർഗനൈസേഷനുകളും തമ്മിലുള്ള സഹകരിച്ചുള്ള ശ്രമങ്ങൾ ഇതിനകം തന്നെ കാരണമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, രാജ്യാന്തര അംഗീകാരം നേടിയ രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തിന് അടിവരയിടിക്കൊണ്ട് ഇന്ത്യയുടെ അസാധാരണമായ സംഘാടനത്തെ ഷെയ്ഖ് ഖലീഫ അഭിനന്ദിച്ചു.