ഉത്രാടപ്പാച്ചിലിൽ ഗൾഫ് മലയാളികൾ; നാളെ ഓണവും നബിദിനവും
Mail This Article
ദുബായ് ∙ പൊന്നോണ സമൃദ്ധിയുടെ സുകൃത സ്മരണകളുമായി ഇന്ന് ഗൾഫിലും ഉത്രാടപ്പാച്ചിൽ. പടിവാതിൽക്കൽ എത്തിയ പൊന്നോണത്തെ വരവേൽക്കാനുള്ള നെട്ടോട്ടത്തിലാണു പ്രവാസി മലയാളികൾ. ഉത്രാടമെന്നാൽ പ്രവാസിക്ക് ഉത്സാഹ രാത്രിയാണ്. ഇന്നലെ വൈകിട്ടും വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.
ഇപ്രാവശ്യം തിരുവോണം വാരാന്ത്യ അവധിദിനമായ ഞായറാഴ്ചയായത് മലയാളികളിൽ സന്തോഷം പരത്തി. കൂടാതെ, നബിദിനവും നാളെയാണ്. അതേസമയം, ചില സംഘടനകളും കമ്പനികളും ഒാണാഘോഷം നേരത്തെ തുടങ്ങി. ഒാഫിസുകളിലും ഒാണം ഗംഭീരമായി ആഘോഷിക്കുന്നു. എല്ലാ നാട്ടുകാർക്കും ഒാണവും സദ്യയും സുപരിചിതം. സാമ്പാറും അവിയലും കൂട്ടി സദ്യയുണ്ണാൻ സ്വദേശികൾ പോലും ഇഷ്ടപ്പെടുന്നു. സ്വദേശി വീടുകളിലെ മലയാളി പാചകക്കാർ വർഷങ്ങൾക്കു മുൻപേ കേരളീയ വിഭവങ്ങൾ പരിചയപ്പെടുത്തിക്കഴിഞ്ഞു.
ചില ഒാഫിസുകളിൽ മലയാളികൾ വിഭവങ്ങൾ തയാറാക്കിക്കൊണ്ടുവരുന്ന പതിവുമുണ്ട്. ഇക്കാര്യത്തിൽ ആണുങ്ങളും പെണ്ണുങ്ങളും ഒപ്പത്തിനൊപ്പം. മലയാളികൾ ധാരാളമുള്ള ഒാഫിസുകളിൽ ഒരാൾക്ക് ഒന്നോ രണ്ടോ വിഭവങ്ങൾ തയാറാക്കിയാൽ മതിയാകും. ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലുള്ളവർക്കും പ്രിയങ്കരമാണ് പായസങ്ങൾ സഹിതമുള്ള ഒാണസദ്യ.
മലയാളികൾ പൊതുവെ ഇന്ന് ഒാഫിസുകളിൽ നിന്നു നേരത്തെയിറങ്ങും. പച്ചക്കറിയും മറ്റും വാങ്ങി രാത്രിയിൽ തന്നെ പല വിഭവങ്ങളും തയാറാക്കുന്നതാണ് പൊതുവായ രീതി. ഗൾഫിലെ ഒാണം ഒരു ദിവസംകൊണ്ടു തീരുന്നതല്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സംഘടനകളുടെ നേതൃത്വത്തിലും എല്ലാ ആഴ്ചയും ഒാണാഘോഷവും കലാപരിപാടികളും ഉണ്ടാകും.
∙ ലോഡുകണക്കിന് പച്ചക്കറികൾ; പൂക്കളും
സൂപ്പർ മാർക്കറ്റുകളിൽ ലോഡുകണക്കിനു നാടൻ പച്ചക്കറികളാണ് എത്തിയത്. ഗൾഫുകാർക്ക് ഒാണമുണ്ണാൻ കേരളത്തിൽ നിന്ന് ടൺ കണക്കിന് പച്ചക്കറിയാണ് എത്തിയത്. ഇന്ത്യയിലെ കാർഷിക മേഖലയിൽ നിന്ന് നേരിട്ട് സംഭരിച്ച മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുള്ളത്. വർണപൂക്കളുടെ വിപുലമായ ശേഖരവുണ്ട്. കൊച്ചിയിൽ നിന്നു പ്രതിദിനം അയയ്ക്കുന്ന ശരാശരി പച്ചക്കറി 100 ടണ്ണിലേറെ ആണ്. ഒാണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ശരാശരി 50 ടൺ വീതം അധികം കയറ്റി അയയ്ക്കുന്നു. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറിവരവും കൂടി. ഏത്തക്കായ, ചേന, മത്തൻ, മാങ്ങ, മുരിങ്ങക്ക, കോവയ്ക്ക, പയർ, വെള്ളരിക്ക, പടവലങ്ങ, തേങ്ങ, നാരങ്ങ, മാങ്ങ, മല്ലിയില എന്നിവയ്ക്ക് ആവശ്യക്കാർ കൂടുതലാണ്. ഗൾഫിൽ പല രാജ്യങ്ങളിൽ നിന്നും പച്ചക്കറി എത്തുന്നുണ്ടെങ്കിലും സദ്യയ്ക്കു മലയാളക്കരയുടെ രുചി കിട്ടണമെങ്കിൽ നാടൻ പച്ചക്കറി തന്നെ വേണമെന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗവും.
∙ സാമ്പാറിന് പച്ചക്കറിക്കിറ്റുകൾ
പാചകം എളുപ്പമാക്കാൻ പല വലുപ്പത്തിലുള്ള പച്ചക്കറി കിറ്റുകൾ സൂപ്പർ മാർക്കറ്റുകളിൽ സുലഭം. ടിന്നിലടച്ച തേങ്ങാപ്പൊടിയും തേങ്ങാപ്പാലും കിട്ടും. പച്ചക്കറി വൃത്തിയാക്കി കഷ്ണങ്ങളാക്കിയ സാമ്പാർ, അവിയൽ കിറ്റുകൾക്ക് ആവശ്യക്കാർ കൂടുതലാണ്. ഒന്നു കഴുകി നേരെ അടുപ്പിലേയ്ക്കു കയറ്റാം. ദുബായ് വാട്ടർഫ്രണ്ട് മാർക്കറ്റിൽ നിന്നും പച്ചക്കറി കിറ്റുകൾ വാങ്ങാനാകും. 5 ദിർഹത്തിന്റെയും 10 ദിർഹത്തിന്റെയും കിറ്റുകൾ ലഭ്യമാണ്. 5 ദിർഹത്തിന്റെ ഒരു കിറ്റു കൊണ്ട് 4-5 പേർക്കുള്ള സമ്പാറും അവിയലും തയാറാക്കാം. പച്ചക്കറികൾ വൃത്തിയാക്കി നുറുക്കിയെടുക്കണമെന്നുമാത്രം.
ശ്രീലങ്ക, ഒമാൻ എന്നിവിടങ്ങളിൽ നിന്നും പച്ചക്കറിയെത്തുന്നുണ്ട്. നാട്ടിലെ പച്ചക്കറിയെ അപേക്ഷിച്ച് രുചിയിൽ വ്യത്യാസമുണ്ടെന്നാണ് പലരുെടയും അഭിപ്രായം. പാവയ്ക്ക, മുരിങ്ങക്കായ, മത്തൻ, കുമ്പളങ്ങ, പയർ എന്നിവയിൽ ഈ വ്യത്യാസം നന്നായി അറിയാം. ഗൾഫിലെ വഴിയോരങ്ങളിലും മറ്റും മുരിങ്ങക്കായ നന്നായി വിളയുമെങ്കിലും രുചിയിൽ നാടനേക്കാൾ വളരെ പിന്നിലാണ്. മുരിങ്ങയിലയുടെ കാര്യവും അങ്ങനെ തന്നെ. ഷാര്‍ജ, അല്‍ഐന്‍, ദൈദ് മാര്‍ക്കറ്റുകളില്‍ വന്‍തോതില്‍ പച്ചക്കറിയെത്തിയതായി വ്യാപാരികള്‍ പറഞ്ഞു.
∙ വാട്ടമില്ലാതെ ഇലക്കച്ചവടം; ശ്രീലങ്കയിൽ നിന്നും പറന്നെത്തുന്നു
ദിവസങ്ങളായി ഇലക്കച്ചവടവും വാട്ടമില്ലാതെ തുടരുന്നു. ഒാണമാകുമ്പോഴേയ്ക്കും ഇല തീർന്നുപോകുമോ എന്ന ആശങ്കയിൽ പലരും വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇല കിട്ടാതായ അനുഭവം പലർക്കും മുൻപ് ഉണ്ടായിട്ടുണ്ട്. കേരളം, ശ്രീലങ്ക, സലാല എന്നിവിടങ്ങളിൽ നിന്നാണ് യുഎഇയിൽ വാഴയില എത്തുന്നത്. ഇല ചില്ലറയായും 5 എണ്ണം അടങ്ങുന്ന സെറ്റ് ആയും കിട്ടും. ഒാഫർ വിൽപനയായതിനാൽ ഒാരോ കടയിലും വില വ്യത്യാസമുണ്ട്.
ഇല നേരത്തെ വാങ്ങിയാലും വാടി കറുത്തുപോകില്ലെന്നു വീട്ടമ്മമാർ പറയുന്നു. പ്ലാസ്റ്റിക് കവർ മാറ്റി അൽപം വെള്ളം തളിച്ച് എസി മുറിയിൽ വച്ചാൽ മതിയാകും. ഫ്രിജിൽ വയ്ക്കാതിരിക്കുന്നതാണ് നല്ലത്.
∙ വിഭവങ്ങളുമായി അപ്പൂപ്പനും അമ്മൂമ്മയും
ഒാണത്തിനു നാട്ടിൽ പോകാൻ പറ്റാത്തവർ അച്ഛനമ്മമാെര ഗൾഫിലേക്കു കൊണ്ടുവരുന്ന രീതിയും വ്യാപകമായി. സദ്യക്കുള്ള സകല സന്നാഹങ്ങളുമായാണ് ഇവർ എത്തിയത്. മാങ്ങ, നെല്ലിക്ക, നാരങ്ങ എന്നിവ ഉണക്കിയുണ്ടാക്കിയ അച്ചാര്‍, ചക്കവരട്ടിയത്, ചമ്മന്തിപ്പൊടി, ഇഞ്ചിക്കറി, കുറുക്കുകാളന്‍, തൈര്, കടുംപായസം, കൊണ്ടാട്ടം, ഉപ്പുമാങ്ങ, പായസത്തിനുള്ള ഉണക്കലരി തുടങ്ങിയവയുമായി എത്തിയ അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൊച്ചുമക്കളുമൊത്ത് ഒാണം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ്. ഒന്നിലേറെ ഫ്ലാറ്റുകാർ ചേർന്നൊരുക്കുന്ന ഒാണസദ്യയും ഗൾഫിൽ പതിവാണ്. പണി കുറയുമെന്ന നേട്ടവുമുണ്ട്. ഒാരോരുത്തരും നിശ്ചിത വിഭവങ്ങൾ തയാറാക്കിയാൽ മതിയാകും.
∙ പാചകവിദഗ്ധർ നാട്ടിൽ നിന്ന്; റസ്റ്ററൻ്റുകളിൽ ബുക്കിങ് തകൃതി
ഗൃഹാതുര ഓർമകളും മലയാളത്തനിമയും സമന്വയിക്കുന്ന യുഎഇയിൽ ഓണാഘോഷം വർണാഭമാക്കാൻ എല്ലാ സജ്ജീകരണങ്ങളും ലുലു അടക്കമുള്ള ഹൈപ്പർമാർക്കറ്റ് ശൃംഖലകളും മലയാളി റസ്റ്ററൻ്റുകളും നടത്തികഴിഞ്ഞു. നാടിന്റെ പൈതൃകം വിളിച്ചോതുന്ന അലങ്കാരങ്ങളും രുചിവൈവിധ്യങ്ങളുമാണ് ലുലുവിൽ ഒരുക്കിയിരിക്കുന്നത്. പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ വിഭവസമൃദ്ധമായ സദ്യയും പായസം മേളയും മെഗാ ഓണം മാമാങ്കവും വരെ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
ഇരുപത്തിരണ്ട് കൂട്ടം വിഭവങ്ങളോടെ പഴയിടം മോഹനൻ നമ്പൂതിരി തയാറാക്കിയ സദ്യയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പരിപ്പ് പ്രഥമനും പാലടയും അടങ്ങിയ പഴയിടം സദ്യ പൂരാടം, ഉത്രാടം, തിരുവോണം ദിനങ്ങളിൽ ലുലുവിൽ നിന്ന് ലഭിക്കും. ഇതിന് പ്രി ബുക്കിങ്ങുമുണ്ടായിരുന്നു. വീട്ടിൽ തന്നെ സദ്യയുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ഓണക്കിറ്റും ഒരുക്കിയിട്ടുണ്ട്.
രുചിവൈവിധ്യം വിളിച്ചോതിയാണ് ആകർഷകമായ പായസം മേള. ഇരുപത്തിയേഴ് കൂട്ടം പായസങ്ങളാണ് മേളയിൽ അവതരിപ്പിക്കുന്നത്. മത്തങ്ങ, ഈന്തപ്പഴം, കാരറ്റ്, മാമ്പഴം, ചക്കപ്പഴം, മില്ലറ്റ് തുടങ്ങി വ്യത്യസ്ത പായസവിഭവങ്ങളാണ് മധുരപ്രേമികളെ കാത്തിരിക്കുന്നത്. പ്രത്യേക ഷുഗർ ഫ്രീ പായസവും ലഭ്യമാണ്. ഐസ്ക്രീം സ്പെഷ്യൽ പായസം മേളയിൽ വേറിട്ട് നിൽക്കുന്നു. ഐസ്ക്രീം നെയ്യ് പായസം, ഐസ്ക്രീം അവിൽ പായസവും ഏറ്റവുംപുതിയ രുചിക്കൂട്ടാണ് സമ്മാനിക്കുക. പായസം കേയ്ക്കുകളും തയാറാക്കിയിട്ടുണ്ട്. പാലട പായസം കേയ്ക്ക്, മത്തങ്ങ മിൽക്ക് കേക്ക്, കാരറ്റ് മിൽക്ക് കേക്ക് എന്നിങ്ങനെ ഒട്ടേറെ വൈവിധ്യങ്ങളാണുള്ളത്.
ഓണവിഭവങ്ങൾക്ക് ആവശ്യമായ എല്ലാവിധ പച്ചക്കറികളും പഴങ്ങളും ലുലുവിൽ ഉറപ്പാക്കിയിട്ടുണ്ട്. ആകർഷകമായ ഷോപ്പിങ് ഗിഫ്റ്റ് കാർഡുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ മെഗാ ഓണം മാമാങ്കവും ലുലു സംഘടിപ്പിക്കുന്നു. ഷാർജ എക്സപോ സെന്ററിൽ തിരുവോണ ദിവസം നടക്കുന്ന ഓണം മാമാങ്കം ഒത്തുചേരലിന്റെ സൗഹൃദവേദിയായി മാറും. നടൻ ടോവിനോ തോമസ് അടക്കം താരനിരയും ആഘോഷത്തിൽ ഭാഗമാകും.
മറ്റു റസ്റ്ററൻ്റുകളിൽ മുപ്പതിലേറെ വിഭവങ്ങളുടെ ഒാണസദ്യയ്ക്ക് 35 മുതൽ 40 ദിർഹം വരെ വില ഇൗടാക്കുന്നു. പായ്ക്ക് ചെയ്ത് വേണമെങ്കിൽ മൂന്ന് ദിർഹം വരെ കൂടുതൽ കൊടുക്കണം. എങ്കിലും റസ്റ്ററൻ്റിൽ നിന്ന് നേരിട്ട് കഴിക്കുമ്പോഴുള്ള രുചി പായ്ക്കറ്റ് ഒാണസദ്യക്ക് കിട്ടാറില്ലെന്നാണ് സദ്യപ്രിയരുടെ അഭിപ്രായം.