ഷെയ്ഖ് മുഹമ്മദ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റുമായി ചർച്ച നടത്തി
Mail This Article
അബുദാബി∙ യുഎഇയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള വഴികൾ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌നും ചർച്ച നടത്തി. ഫോൺ വഴിയാണ് ഇരുവരും ചർച്ച ചെയ്തത്. മധ്യപൂർവദേശത്തെ സംഭവവികാസങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇരു നേതാക്കളും പരസ്പര താൽപര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങളും അവലോകനം ചെയ്തു.
ഈ സാഹചര്യത്തിൽ ഗാസയിലും ലബനനിലും ഉടനടി വെടിനിർത്തലിന്‍റെ പ്രാധാന്യവും രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി സിവിലിയന്മാർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. അതേസമയം ഈ മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് മാനുഷിക സഹായം ഉറപ്പാക്കാനും തീരുമാനിച്ചു. ന്യായവും സമഗ്രവും ശാശ്വതവുമായ സമാധാനത്തിന് വേണ്ടി വാദിക്കുന്നതോടൊപ്പം, പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന സംഘർഷത്തിന്‍റെ വ്യാപനം തടയുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്.
യുഎഇയും യൂറോപ്യൻ യൂണിയനും അതിലെ അംഗരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധവും എല്ലാവർക്കും പരസ്പര വികസനം കൈവരിക്കുന്ന വിധത്തിൽ അത് ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയും യുഎഇ പ്രസിഡന്‍റ് ആവർത്തിച്ചു. ഇരുപക്ഷത്തിനും പ്രയോജനകരമാകുന്ന സംയുക്ത ഗൾഫ്-യൂറോപ്യൻ സഹകരണത്തിനുള്ള പിന്തുണയും പ്രകടിപ്പിച്ചു.