ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് അജ്മാൻ പൊലീസ്
Mail This Article
അജ്മാന്‍ ∙ യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി വാഹനമോടിച്ചതിനും മോശം പെരുമാറ്റത്തിനും ഒട്ടേറെ വാഹനങ്ങൾ അജ്മാൻ പൊലീസ് പിടിച്ചെടുത്തു. അജ്മാൻ ബീച്ച് റോഡിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെയാണ് ഈ നിയമലംഘനങ്ങൾ നടന്നത്. വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും ചെയ്തു.
പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിക്കുക, ശബ്‌ദ ശല്യം ഉണ്ടാക്കുക, വാഹന എൻജിനിൽ കാര്യമായ മാറ്റങ്ങൾ വരുത്തുക, വാഹന അലങ്കാര നിയമങ്ങൾ ലംഘിക്കുക, അനുചിതമായ പെരുമാറ്റം എന്നിവ ഉൾപ്പെടെ ആഘോഷ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തി. ഡ്രൈവർമാരും യാത്രക്കാരും സ്പ്രേ ടൂളുകൾ ഉപയോഗിക്കുന്നതും വാഹനത്തിന്‍റെ സൺറൂഫിൽ നിന്നും ജനാലകളിൽ നിന്നും പുറത്ത് നിൽക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ഡ്രൈവർമാരോടും ആഘോഷക്കാരോടും നിയമങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് അഭ്യർഥിച്ചു. നിയമലംഘകർക്കെതിരെ ജാഗ്രത പാലിക്കുമെന്നും നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. നേരത്തെ, വാരാന്ത്യത്തിൽ വാഹനമോടിക്കുന്നവർക്കും താമസക്കാർക്കും പാലിക്കേണ്ട 14 നിയമങ്ങൾ യുഎഇ പ്രഖ്യാപിച്ചിരുന്നു.