കുതിപ്പ് തുടർന്ന് ദോഹ മെട്രോ; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ്
![doha-metro-offers-five-complimentary-journeys-upon-travel-card-registration Image Credits: Qatar Rail](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/9/16/doha-metro-offers-five-complimentary-journeys-upon-travel-card-registration1.jpg?w=1120&h=583)
Mail This Article
ദോഹ ∙ ഖത്തറിന്റെ പൊതുഗതാഗത സംവിധാനത്തെ മാറ്റിമറിച്ച് ദോഹ മെട്രോ. സർവീസ് ആരംഭിച്ച് അഞ്ചു വർഷം കൊണ്ട് 20 കോടി യാത്രക്കാർ എന്ന വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഖത്തറിലെ ദോഹ മെട്രോ റെയിൽ. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്റെ മുന്നൊരുക്കമായി പൊതുഗതാഗത രംഗത്ത് 2019 മെയ് മാസത്തിലാണ് ദോഹ മെട്രോ സർവീസ് ആരംഭിക്കുന്നത് . ദോഹ മെട്രോ 200 ദശലക്ഷത്തിലധികം റൈഡർഷിപ്പ് രേഖപ്പെടുത്തിയതായി ഖത്തർ റെയിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ 100 ദശലക്ഷത്തിലധികം യാത്രക്കാർ എന്ന നേട്ടം മെട്രോ സ്വന്തമാക്കിയിരുന്നു.
എന്നാൽ ഇതിന് ശേഷം വെറും ഒരു വർഷം കൊണ്ടാണ് 20 കോടി യാത്രക്കാർ എന്ന നേട്ടം കൈവരിക്കാനായത്. ഗ്രീൻ, റെഡ്, ഗോൾഡ്, എന്നീ മൂന്ന് ലൈനുകളിലായി 37 സ്റ്റേഷനുകൾ അടങ്ങുന്ന വിപുലമായ നെറ്റ്‌വർക്കാണ് മെട്രോയുടേത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മെട്രോ സ്റ്റേഷനുകളിലേക്ക് മെട്രോ ഒരുക്കിയ സൗജന്യ ബസ് സർവീസും കൂടുതൽ ആളുകൾക്ക് മെട്രോ യാത്ര തിരഞ്ഞെടുക്കാൻ പ്രചോദനമായി.
2019ൽ വെറും 13 റൂട്ടുകളിലായി ആരംഭിച്ച മെട്രോലിങ്ക് ബസ് സർവീസ് ഇപ്പോൾ 37 സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് 61 റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. മെട്രോ എക്സ്പ്രസ് സർവീസിൽ നിലവിൽ 10 സ്റ്റേഷനുകളിലും 12 ട്രാം സ്റ്റേഷനുകളുമാണുള്ളത്. കഴിഞ്ഞ മാസം മിസൈമിറിലെ ചർച്ച് കോംപ്ലക്സ് ഉൾപ്പെടയുള്ള സ്ഥലങ്ങളിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചിരുന്നു. കൂടാതെ ഒരു യാത്രക്ക് രണ്ട് റിയാൽ മാത്രമാണ് മെട്രോ ഈടാക്കുന്നത് എന്നതും യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമാകുന്നുണ്ട്. ഇത് കൂടാതെ സ്ഥിരം യാത്രക്കാർക്ക് പല പ്രത്യേക പാക്കേജുകളും ദോഹ മെട്രോ നൽകുന്നുണ്ട്.
ഉപഭോക്തൃ സംതൃപ്തി നിരക്കിൽ 99.75% നേട്ടവും ദോഹ മെട്രോ കൈവരിച്ചതായി അധികൃതർ പറഞ്ഞു. 99.85% സേവന വിശ്വാസ്യതയും 99.64% കൃത്യനിഷ്ഠയും, 99.99% സേവന ലഭ്യതയും ദോഹ മെട്രോ സ്വന്തമാക്കി. കഴിഞ്ഞ 5 വർഷത്തിനിടെ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് അടക്കം വിവിധ കായിക മത്സരങ്ങളുടെ വിജയത്തിൽ മെട്രോക്കും സുപ്രധാന പങ്കുണ്ട്. ഫിഫ അറബ് കപ്പ് 2021, ഫിഫ ലോകകപ്പ് ഖത്തർ 2022, എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തർ 2023 തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിൽ മെട്രോ സുപ്രധാന പങ്കുവഹിച്ചു. കത്താറ, കോർണീഷ് , ലുസൈൽ ബൊളിവാഡ്, സിറ്റി സെന്റർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്ക് ഇപ്പോൾ വലിയ ഒരു ശതമാനം ആളുകൾ ദോഹ മെട്രോയെയാണ് ആശ്രയിക്കുന്നത്. പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങൾക്ക് അരികിലും മെട്രോ സ്റ്റേഷനുകളും അവയെ ബന്ധിപ്പിക്കുന്ന മെട്രോ ലിങ്ക് ബസുകളും സർവീസുകൾ നടത്തുന്നുണ്ട്.