അബുദാബി ഗ്രാൻഡ് പ്രി: ലാൻഡൊ നോറിസിന് ജയം
Mail This Article
അബുദാബി ∙ ഫോർമുല വൺ അബുദാബി ഗ്രാൻഡ് പ്രീയിൽ മക് ലാരന്റെ ലാൻഡൊ നോറിസിന് വിജയം. ഈ വിജയത്തോടെ മക് ലാരൻ 2024ലെ ടീം കൺസ്ട്രക്ടേഴ്സ് വിഭാഗം ജേതാവായി. 1998നുശേഷം ആദ്യമായാണ് മക് ലാരൻ കൺസ്ട്രക്ടേഴ്സ് ടൈറ്റിൽ നേടുന്നത്.
ഫെറാറിയുടെ കാർലോസ് സെയിൻസ്, ചാൾസ് ലക് ലർക് യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മെഴ്സിഡീസിന്റെ ബാനറിൽ അവസാന റെയ്സിനിറങ്ങിയ ലൂയിസ് ഹാമിൽട്ടൻ നാലാമനായി ഫിനിഷ് ചെയ്തു. 7 തവണ ചാംപ്യനായിരുന്ന ഹാമിൽട്ടൻ അടുത്തവർഷം മുതൽ ഫെറാറി ഡ്രൈവറായാണ് ഇറങ്ങുക.
ആറാം സ്ഥാനത്തെത്തിയ റെഡ് ബുള്ളിന്റെ മാക്സ് വേർസ്റ്റപ്പൻ നേരത്തേ ലാസ് വെഗാസിൽ നടന്ന റേസിൽ ഈ വർഷത്തെ ലോക ചാംപ്യൻ പട്ടം ഉറപ്പിച്ചിരുന്നു. ഓവറോൾ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ നോറിസിനാണ് രണ്ടാം സ്ഥാനം.
അബുദാബി യാസ് മറീന സർക്യൂട്ടിൽ നടന്ന മത്സരത്തിൽ കാറോട്ട കമ്പക്കാരുടെ ആവേശ ട്രാക്കിലായിരുന്നു തകർപ്പൻ പ്രകടനം. ഫൈനൽ കാണാൻ വൻ ജനാവലി എത്തിയിരുന്നു. ഇതോടനുബന്ധിച്ച് ലോകോത്തര കലാവിരുന്നും അരങ്ങേറി.