ദുബായ് ഡ്യൂട്ടിഫ്രീ മില്ലെനിയം മില്യനയർ: എട്ടര കോടി വീതം സമ്മാനം നേടി രണ്ട് മലയാളി സംഘങ്ങൾ
Mail This Article
ദുബായ്∙ ഇന്ന് നടന്ന ദുബായ് ഡ്യൂട്ടിഫ്രീ മില്ലെനിയം മില്യനയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ 2 മലയാളി സംഘങ്ങൾക്ക് എട്ടര കോടിയോളം രൂപ(10 ലക്ഷം യുഎസ് ഡോളർ) വീതം സമ്മാനം. മലയാളിയും ദുബായിലെ ഇൻഷുറൻസ് കമ്പനിയിൽ ഐടി വിഭാഗത്തിൽ ഉദ്യോഗസ്ഥനുമായ ഫയാദ് അഹമദി(40)നും കൂട്ടുകാരുമാണ് ഭാഗ്യവാന്മാരുടെ ആദ്യ സംഘം. ഫയാദിന്‍റെ പേരിൽ നവംബർ 16 ന് എടുത്ത 482–ാം സീരീസിലെ 3266 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ 12 വർഷമായി ഭാഗ്യപരീക്ഷണം നടത്തുന്ന ഇദ്ദേഹം 10 സുഹൃത്തുക്കളുമായി സമ്മാനം പങ്കിടും. ഓരോ പ്രാവശ്യം ഓരോരുത്തരുടെയും പേരിലാണ് ടിക്കറ്റെടുക്കാറെന്ന് ഫയാദ് പറഞ്ഞു.
മലയാളിയായ വിനോദ് പുതിയപുരയിലാ(29)ണ് 8 കോടിയിലേറെ രൂപ സമ്മാനം നേടിയ രണ്ടാമത്തെ മലയാളി സംഘത്തിന്‍റെ നേതാവ്. കഴിഞ്ഞ 10 വർഷമായി ദുബായിലെ ഡിനാറ്റയിൽ എക്വിപ്മെന്‍റ് ഓപറേറ്ററായി ജോലി ചെയ്യുന്ന ഇദ്ദേഹം നവംബർ 30ന് എടുത്ത 483 സീരീസിലെ 1880 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുക 9 കൂട്ടുകാരുമായി പങ്കിടുമെന്ന് വിനോദ് പറഞ്ഞു. ദുബായ് മില്ലെനിയം മില്യനയർ പ്രമോഷന്‍ ആരംഭിച്ച 1999 മുതൽ നടന്ന നറുക്കെടുപ്പുകളിൽ സമ്മാനം നേടുന്ന 241–ാമത്തെയും 242 –ാമത്തെയും ജേതാക്കളാണ് യഥാക്രമം ഫയാദും വിനോദും.
ഇതോടൊപ്പം നടന്ന ആഡംബര വാഹനങ്ങൾക്കുള്ള നറുക്കെടുപ്പുകളിലും ഇന്ത്യക്കാർ സമ്മാനം തൂത്തുവാരി. രാജശേഖരൻ സമരേശൻ(43) ആഡംബര കാറും ഷാർജയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അർഷാദ് അലി(29) ആഡംബര മോട്ടർ ബൈക്കും സമ്മാനം നേടി.