ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ വിമാനറൂട്ടായി ദുബായ്-റിയാദ് സെക്ടർ
Mail This Article
അബുദാബി/റിയാദ് ∙ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിൽ ദുബായ്-റിയാദ് സെക്ടറും ഇടംപിടിച്ചു. യുകെ ആസ്ഥാനമായുള്ള ആഗോള യാത്രാ ഡേറ്റ ദാതാവായ ഒഎജിയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ ഏറ്റവും തിരക്കേറിയ ആറാമത്തെ റൂട്ടാണ് ദുബായ്-റിയാദ്. 43.06 ലക്ഷം സീറ്റുകൾ. മുൻ വർഷത്തേക്കാൾ 8 ശതമാനം കൂടുതൽ.
വമ്പൻ ടൂറിസം പദ്ധതികളുമായി യുഎഇയും സൗദിയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാൽ ഇരുരാജ്യങ്ങളിലേക്കും യാത്രക്കാരുടെ ഒഴുക്ക് വർധിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഈ വർഷം റെക്കോർഡ് ഭേദിക്കാനുള്ള ഒരുക്കത്തിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളം.
നിലവാരമുള്ള സ്മാർട്ട് സേവനങ്ങളും മികച്ച ഹോസ്പിറ്റാലിറ്റി അനുഭവങ്ങളുമാണ് വിജയത്തിലേക്കു നയിക്കുന്നതെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.ആഗോളതലത്തിൽ ഈ വർഷത്തെ ഏറ്റവും തിരക്കേറിയ 10 രാജ്യാന്തര റൂട്ടുകളിൽ ഏഴും ഏഷ്യൻ രാജ്യങ്ങൾ–മൊത്തം ഏഴ് റൂട്ടുകൾ. ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽനിന്ന് ഓരോന്നു വീതവും. 68 ലക്ഷം സീറ്റുകളുള്ള ഹോങ്കോങ്-തായ്പേയ് സെക്ടറാണ് ഏറ്റവും തിരക്കേറിയ രാജ്യാന്തര റൂട്ട്. 55 ലക്ഷം സീറ്റുകളുള്ള കയ്റോ-ജിദ്ദ സെക്ടർ ആണ് രണ്ടാം സ്ഥാനത്ത്.