സൗദിയിൽ തോരാതെ മഴ; വാഹനങ്ങൾ ഒഴുകിപ്പോയി, ജിദ്ദയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു
Mail This Article
റിയാദ് ∙ രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയി. താഴ്‌വരകളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപകമായി വെള്ളംകയറി.
നൂറുകണക്കിനു വാഹനങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരെയും ഡെലിവറി ജീവനക്കാരെയും അഗ്നിരക്ഷാസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു രക്ഷപ്പെടുത്തി. മഴയെ തുടർന്ന് ജിദ്ദയിൽ നിന്നുള്ള വിമാന സർവീസുകളും തടസ്സപ്പെട്ടു. എന്നാൽ, മക്കയിൽ തീർഥാടനം തടസ്സപ്പെട്ടിട്ടില്ല.
സൗദിയിൽ ഈ ആഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണു ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തലസ്ഥാന നഗരിയായ റിയാദിലും കിഴക്കൻ നഗരങ്ങളായ അൽഅഹ്സ, ജുബൈൽ, അൽഖോബാർ, ദമാം, ഖത്തീഫ് എന്നിവിടങ്ങളിലും മഴ തുടരും.
പലയിടത്തും താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മിന്നലോടു കൂടിയ മഴയ്ക്കും ആലിപ്പഴവീഴ്ചയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ള മക്ക, ജിദ്ദ, അൽബാഹ, അസീർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ചെങ്കടലിന് മുകളിലൂടെ വടക്കുകിഴക്ക് മുതൽ തെക്കുപടിഞ്ഞാറ് വരെ മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശുമെന്നും തിരമാലകൾ രണ്ടര മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.