ദുബായിൽ 'വിലയേറിയ' പ്രണയം; കാമുകൻ പ്രണയിനിക്ക് സമ്മാനിച്ചത് 52 ലക്ഷം രൂപയുടെ 'റോസാപ്പൂക്കൾ'; പ്രണയത്തിൽ ഒളിപ്പിച്ച 'രഹസ്യം'

Mail This Article
ദുബായ് ∙ ഈ പ്രണയം അൽപം വിലയേറിയതാണ്. കൃത്യമായി പറഞ്ഞാൽ, 73000 ദിർഹം. നമ്മുടെ നാട്ടിലെ 17.5 ലക്ഷം രൂപ. ഇത്രയും പണം മുടക്കി കാമുകൻ പ്രണയിനിക്ക് സമ്മാനിച്ചത് എന്തെന്നോ? റോസാ പുഷ്പങ്ങളുടെ ഒരു ബൊക്കെ. ടെഡി ബെയറിന്റെ രൂപത്തിൽ നിർമിച്ച ഈ ബൊക്കെയിൽ 6000 റോസാപ്പൂവുകളുണ്ട്. എല്ലാം കെനിയയിൽ നിന്ന് ഇറക്കുമതി ചെയ്ത ഇക്വഡോറിയൻ റോസകൾ. ടെഡി ബെയറിന്റെ ഉയരം രണ്ടര മീറ്റർ, വീതി 75 സെന്റി മീറ്റർ. ദുബായിലെ ബ്ലാക്ക് തുലിപ്പിൽ ഇത്തരത്തിൽ 3 ടെഡി ബെയറുകളാണ് ഈ പ്രണയ ദിനത്തിൽ വിറ്റു പോയത്. (ഈ മൂന്നും വാങ്ങിയത് ഒരാൾ തന്നെയാണെന്നത് പരമ രഹസ്യം). ആകെ 52 ലക്ഷം രൂപയുടെ റോസാപ്പൂ സമ്മാനങ്ങളാണ് ഈ കാമുകൻ വാങ്ങിയത്.
നാട്ടിലായിരുന്നെങ്കിൽ 52 ലക്ഷം രൂപയ്ക്ക് നല്ലൊരു വീടും പറമ്പും വാങ്ങാമായിരുന്നു എന്നു പറയാം. പക്ഷേ, പ്രണയം അതു വിലമതിക്കാനാവാത്തതാണ്. അതിനു വേണ്ടി എത്ര മുടക്കാനും പ്രണയികൾ തയാറുമാണ്. പ്രവൃത്തി ദിവസമായതിനാൽ, ഇത്തവണ ഫ്ലവർ സ്റ്റോറുകളിൽ വൻ ബുക്കിങ്ങാണ്. ഓഫിസുകളിൽ എല്ലാവർക്കും പൂക്കൾ വാങ്ങി നൽകുന്ന കാമുക ഹൃദയങ്ങളുണ്ട്. അവധി ദിവസങ്ങളാണെങ്കിൽ ഇത്തരം ബൾക്ക് ബുക്കിങ്ങുകൾ കുറയും, അതുകൊണ്ടു തന്നെ, അവധി ദിനങ്ങളിലെ വാലന്റൈൻസ് ഡേ കച്ചവടക്കാർക്ക് നഷ്ടക്കോളാണ്.
പൂക്കളുടെ മൊത്ത വിതരണക്കാരായ ബ്ലാക്ക് തുലിപ് ഈ വാലന്റൈൻസ് ഡേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത് 25 ലക്ഷം റോസാപ്പൂക്കളാണ്. ഇതിൽ ഭൂരിഭാഗവും വിറ്റു തീർന്നു. ഇനി ബാക്കിയുള്ള ഏതാനും പൂക്കൾ ഇന്നും നാളെയുമായി വിറ്റു പോകുമെന്നു ബ്ലാക്ക് തുലിപ് ഗ്രൂപ്പ് ജനറൽ മാനേജർ ഏബ്രഹാം പി. സണ്ണി പറഞ്ഞു. പൂക്കളുടെ ടെഡി ബെയർ ഒരുക്കാൻ 4 മണിക്കൂർ വേണ്ടി വന്നു. പൂക്കൾ വിവിധ രൂപത്തിൽ വെട്ടിയെടുക്കാൻ മെഷിനുകൾ ഉണ്ട്. കൂടാതെ നൂറു കണക്കിനു ജോലിക്കാരുമുണ്ട്.

പ്രണയ ദിനത്തിനു മുന്നോടിയായി സ്ഥാപനത്തിന്റെ ഓൺലൈൻ സൈറ്റുകളിൽ വിവിധ ബൊക്കേകളുടെ ഓർഡറുകൾ മുൻകൂട്ടി സ്വീകരിച്ചിരുന്നു. അക്കൂട്ടത്തിലാണ് ടെഡിയുടെ ബൊക്കെയും അവതരിപ്പിച്ചത്. 3 ടെഡികൾ വിറ്റതോടെ ഈ സിസണിലെ കച്ചവടം പൊടിപൊടിച്ചെന്നു സണ്ണി പറഞ്ഞു. ബ്ലാക്ക് തുലിപ്പിന് കെനിയയിൽ സ്വന്തമായി ഫാമുണ്ട്. 1200 ഹെക്ടറിലാണ് പൂ കൃഷി. ഇവിടെ ഉൽപാദിപ്പിക്കുന്ന പൂക്കളിൽ 30 ശതമാനമാണ് യുഎഇയിൽ എത്തിച്ചിരിക്കുന്നത്. 6 ദിർഹത്തിന്റെ ഒറ്റപ്പൂക്കൾ മുതൽ പ്രണയ സമ്മാനങ്ങൾ ഇവിടെയുണ്ട്. പൂക്കൾക്കൊപ്പം, മിഠായി, വൈൻ, കളിപ്പാട്ടങ്ങൾ, കേക്ക് അങ്ങനെ വിവിധ കോംബോ സമ്മാനങ്ങളാണ് പ്രണയ ദിനത്തിനായി ഒരുക്കിയിരിക്കുന്നത്.
പ്രണയദിനം മുന്നിൽ കണ്ട് മാസങ്ങൾക്കു മുൻപേ വിവിധ നിറങ്ങളിലുള്ള പൂക്കളുടെ കൃഷി ആരംഭിക്കും. ഇളം റോസ്, കടും ചുവപ്പ് പൂക്കൾക്കാണ് പ്രണയദിനത്തിൽ ഡിമാൻഡ്. ഇതളുകളുടെ കട്ടി, പൂക്കളുടെ ഫ്രഷ്നെസ് അങ്ങനെ ആവശ്യക്കാർക്കു പല ഡിമാൻഡുകളുണ്ട്. ചെടി നടും മുൻപേ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങും. ഫെബ്രുവരി ആദ്യ വാരം പൂക്കളുടെ ലോഡുമായി വിമാനമിറങ്ങും.

വിവിധ രൂപങ്ങളിൽ മനോഹരമായി പൂക്കൾ ഒരുക്കുന്നതിലാണ് മിടുക്ക്. വെറുതെ പൂ കണ്ടാലൊന്നും പ്രണയം വിടരില്ല. ആ പൂക്കൾ അതിന്റെ മട്ടലും കെട്ടിലും ഒരുക്കണം. അതിനൊപ്പം മനോഹരമായ എഴുത്തുകൾ വേണം. പൂക്കൾ നിറങ്ങൾ അനുസരിച്ച് ഒരുക്കണം. ഒരു പൂവിൽ, ഒരു തണ്ടിൽ ഒരാളുടെ ജീവിതമാകും തീരുമാനിക്കപ്പെടുക, അതുകൊണ്ട് ഏറ്റവും സൂക്ഷമതയോടെയാണ് ഓരോ പൂച്ചെണ്ടും ഒരുക്കുന്നതെന്ന് സണ്ണി പറഞ്ഞു. കോടിക്കണക്കിനു ദിർഹത്തിന്റെ പൂ വിൽപ്പനയാണ് ഈ ഒരാഴ്ച മാത്രം യുഎഇയിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്ലവർ സ്റ്റോറുകൾ മാത്രമല്ല പ്രണയദിനം ആഘോഷിക്കുന്നത്. ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും വമ്പൻ ഓഫറുകളുണ്ട്. പൂക്കൾ – വൈൻ കോംബോയാണ് ഇതിൽ പ്രധാനം. ജ്വല്ലറികളിൽ പ്രണയ ഡിസൈനുകളിൽ ഡയമണ്ട് ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹോട്ടലുകളിൽ വാലന്റൈൻ സ്പെഷൽ മെനുവും റെഡിയാണ്.
