മാനവ ഐക്യസന്ദേശവുമായി 'ഫിമ' ഇഫ്താര്‍; ഷെയ്‌ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥി

Mail This Article
കുവൈത്ത് സിറ്റി ∙ ഇന്ത്യൻ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ഫിമ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻസ്) കുവൈത്ത് ക്രൗൺ പ്ലാസയിൽ ഇഫ്‌താർ സംഘടിപ്പിച്ചു. ഭരണകുടുംബാംഗവും അമീരി ദിവാൻ ഉപദേഷ്ടാവുമായ ഷെയ്‌ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബാഹ് മുഖ്യാതിഥിയായിരുന്നു.
രാജ്യത്തെ പത്തു ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹം വളരെ വിശ്വസ്തതയുള്ളവരാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് തന്റെ കൂടെ കഴിഞ്ഞ 35 വർഷമായി ഒരു ഇന്ത്യക്കാരൻ ജോലി ചെയ്യുന്നതെന്ന് ഷെയ്‌ഖ് ഫൈസൽ പറഞ്ഞു. വിവിധ മേഖലകളിൽനിന്നുള്ളവരെ സംഗമത്തിൽ കാണാൻ കഴിയുന്നത് വൈവിധ്യമാർന്ന ഇന്ത്യയുടെ പരിച്ഛേദമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിമ സെക്രട്ടറി ജനറൽ സിദ്ദിഖ് വലിയകത്ത് സ്വാഗതം ആശംസിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക, ഇസ്‌കന്ദർ അട്ടജനൗ (യുഎസ്), മനുവേൽ ഹെർണാണ്ടസ് (സ്‌പെയിൻ), പാർക്ക് ചോങ്‌സുക് (കൊറിയ), ക്രിസ്ത്യൻ ഡൂയിംസ് (ബെൽജിയം), പീറ്റർ മഫോറ (സൗത്ത് ആഫ്രിക്ക), ട്യൂബ നുര സോൻമേസ് (തുർക്കി), നോഷ്‌റേവാൻ ലൊംറ്റേറ്റിൽഡസി (ജോർജിയ), ഒസാമ ഷാൽറ്റൂട് (ഈജിപ്ത്), അലിസൺ ലീവാണ്ട (മലാവി), സയ്ദ് ജാവേദ് ഹാഷിമി (അഫ്‌ഗാനിസ്‌ഥാൻ), നീരാവതി ദുഖി (ഗയാന), അബ്ദുൽ ഹലീം (ശ്രീലങ്ക), ഘനശ്യാം ലംസൽ (നേപ്പാൾ) എന്നിവർ ഉൾപ്പെടെ 17 രാജ്യങ്ങളിലെ സ്ഥാനപതിമാർ, നയതന്ത്ര പ്രതിനിധികൾ, സ്വദേശി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
കുവൈത്തിലെ റമസാൻ അനുഭവം വ്യത്യസ്തതയുള്ളതാണെന്ന് സംഗമത്തിൽ സംസാരിച്ച സ്ഥാനപതി ആദർശ് സ്വൈക പറഞ്ഞു. രാത്രി എട്ടു മുതൽ അർധരാത്രി വരെ സ്വദേശികളുടെ ദീവാനിയകൾ സന്ദർശിച്ച് ആശംസകൾ അറിയിക്കുകയാണ്. ഇത് സ്വദേശികളെ അടുത്തറിയാനുള്ള അവസരമാണ്. പത്തു ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹം എങ്ങനെ സമാധാനപരമായി പ്രവർത്തിക്കുന്നുവെന്ന് കുവൈത്ത് സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. സാംസ്‌കാരിക പ്രവർത്തനങ്ങൾ, മനുഷ്യത്വപരമായ പ്രവൃത്തികൾ എന്നിവയിൽ ഏർപ്പെടുന്നതാണ് ഇതിന്റെ പ്രധാന കാരണമെന്ന് പറയാറുണ്ടെന്നും സ്ഥാനപതി വ്യക്തമാക്കി.
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ചെയർമാൻ കൈസർ ടി. ഷക്കീർ റമസാനിന്റെ പ്രാധാന്യവും ഇഫ്‌താർ സമ്മേളനങ്ങളിലൂടെ ലഭ്യമാകുന്ന ഐക്യത്തെക്കുറിച്ചും സംസാരിച്ചു.
മാനവവിഭവശേഷി മന്ത്രാലയത്തിലെ സീനിയർ എൻജിനീയറും പ്രഭാഷകനുമായ എൻ. ഹുസം സുലൈമാൻ അൽ മുതാവ മുഖ്യപ്രഭാഷണം നടത്തി. ഇഫ്‌താർ ഒത്തുചേരലുകൾക്ക് ഭാഷാ തടസ്സങ്ങൾ പ്രശ്നമാവില്ല. പല രാജ്യക്കാരുമെത്തി ഒരു പൊതുസ്ഥലത്ത് ഭക്ഷണങ്ങൾ പങ്കിട്ട് കഴിച്ചപ്പോൾ അത് വ്യക്തമായെന്ന് അദ്ദേഹം അനുഭവം പങ്കുവച്ചു.
കുവൈത്ത്-ഇന്ത്യ ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുണ്ട്. ഇന്ത്യക്കാർ കുവൈത്ത് സമൂഹത്തിന് നൽകിയ സമർപ്പണത്തിനും സംഭാവനകളെയും അഭിനന്ദിച്ച് അൽ-നജത്ത് ചാരിറ്റി ബോർഡ് അംഗം അബ്ദുൽ അസീസ് അൽ-ദുവൈജ് സംസാരിച്ചു.
സാമൂഹിക ക്ഷേമവും വികസനവും ലക്ഷ്യമിട്ട് 20 അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ ഫിമ നടത്തുന്ന വിവിധ പരിപാടികളെക്കുറിച്ച് പ്രസിഡന്റ് കരീം ഇർഫാൻ വിശദീകരിച്ചു. മാസ്റ്റർ റിഡ്‌വാൻ ഖുർആൻ പാരായണവും തുടർന്ന് മുബീൻ അഹമ്മദിന്റെ വിവർത്തനത്തോടെയും പരിപാടി ആരംഭിച്ചു. ഫിമ വൈ. പ്രസിഡന്റ് മൊഹിയുദ്ദീൻ നന്ദി രേഖപ്പെടുത്തി.