ലഹരിക്കെതിരെ ശിക്ഷ കടുപ്പിച്ച് സൗദി; മെത്താംഫെറ്റമിൻ ഉപയോഗം വലിയ കുറ്റകൃത്യം

Mail This Article
റിയാദ്∙ ലഹരിക്കെതിരെ ശിക്ഷകൾ കടുപ്പിക്കാനൊരുങ്ങി സൗദി. മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങളും ഇടപാടുകളും വലിയ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുത്തി തടവ് ശിക്ഷ ഉൾപ്പെടെ കനത്ത ശിക്ഷ നൽകാൻ സൗദി അറ്റോർണി ജനറൽ ഷെയ്‌ഖ് സൗദ് അൽ മുജിബ് അംഗീകാരം നൽകി.
ലഹരിക്കെതിരെ കനത്ത നടപടികൾ സ്വീകരിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വലിയ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി തടവ് ശിക്ഷ നൽകാനുമുള്ള തീരുമാനത്തിന് അറ്റോർണി ജനറൽ അംഗീകാരം നൽകിയത്.
നേരത്തെയുള്ള ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വലിയ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. മെത്താംഫെറ്റമിൻ കൈവശം വയ്ക്കൽ, കടത്തൽ, സംഭരണം, വാങ്ങൽ തുടങ്ങി എല്ലാത്തരം പ്രവർത്തികളും ഇടപാടുകളും വലിയ കുറ്റകൃത്യമായി കണക്കാക്കും. മാത്രമല്ല മെത്താംഫെറ്റമിൻ ഉൽപാദിപ്പിക്കാൻ ശ്രമിക്കുന്നതും വലിയ കുറ്റകൃത്യമാണ്.
ക്രിമിനൽ നിയമത്തിലെ ആർട്ടിക്കിൾ 112ലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് തീരുമാനം. ആഭ്യന്തര മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി എന്നിവയുടെ സഹകരണത്തോടെയാണിത്. മെത്താംഫെറ്റമിൻ പോലുളള ലഹരിമരുന്ന് ഗുരുതരമായ മാനസിക പ്രശ്നങ്ങൾക്കും പെരുമാറ്റ വൈകല്യത്തിനും മാത്രമല്ല ആക്രമണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും നിരക്ക് ഉയർത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
അതേസമയം സൗദിയുടെ ലഹരി വിരുദ്ധ ശ്രമങ്ങളുടെ ഭാഗമായി നർക്കോട്ടിക്സ്–സൈക്കോട്രോപിക് ഉൽപന്ന നിയന്ത്രണ നിയമത്തിലെ 42–ാം നമ്പർ ആർട്ടിക്കിൾ അനുസരിച്ച് ലഹരി ഉപയോഗിക്കുന്നവർക്കും ലഹരിക്ക് അടിമകളായവർക്കും നിയമനടപടികൾ നേരിടാതെ ചികിത്സ നടത്താൻ അനുവദിക്കുന്നുണ്ട്. ലഹരിക്ക് അടിമകളായ വ്യക്തികൾ അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ ചികിത്സക്കായി അപേക്ഷ നൽകിയാൽ ക്രിമിനൽ കുറ്റം ചുമത്തില്ല. ഇവരുടെ പക്കലുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്ത് നശിപ്പിക്കാനാണ് ഈ വ്യവസ്ഥ അനുശാസിക്കുന്നത്.