യാത്രക്കാരനെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് വിശ്രമിക്കുമ്പോൾ തളർച്ച; ജോലിക്കിടെ പ്രവാസി ഇന്ത്യക്കാരൻ മടങ്ങിയത് മരണത്തിലേക്ക്

Mail This Article
റിയാദ് ∙ റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിൽ മരിച്ച തമിഴ്‌നാട് സ്വദേശി അപ്പാവു മോഹന്റെ (59) മൃതദേഹം ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്തിച്ചു. അപ്പാവു മോഹൻ എട്ട് വർഷമായി വാദി ദവാസിറിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു . കഴിഞ്ഞ ഫെബ്രുവരി 28ന് വാഹനം ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വണ്ടിയിൽ ഉണ്ടായിരുന്ന യാത്രക്കാരനെ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തെത്തിച്ച ശേഷം വാഹനത്തിൽ തന്നെ വിശ്രമിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരൻ കാണുന്നത് താൻ വന്ന വാഹനത്തിന് ചുറ്റും പൊലീസ് കൂടിനിൽക്കുന്നതാണ്. കാര്യം തിരക്കിയപ്പോഴാണ് ഡ്രൈവർ മരിച്ചതായി അറിയുന്നത്.
വാഹനത്തെ ചുറ്റി പൊലീസ് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട, മോഹനെയും സുഹൃത്തുക്കളെയും അറിയാവുന്ന സൗദി പൗരൻ വിവരം കേളി പ്രവർത്തകനായ സുഹൃത്ത് സുരേഷിനെ അറിയിച്ചതിനെ തുടർന്ന്, മോഹനന്റെ സഹോദരനെയും കൂട്ടി സൗദി പറഞ്ഞ സ്ഥലത്തെത്തി. സഹോദരന്റെ സാന്നിധ്യത്തിൽ പൊലീസ് ആംബുലൻസ് വരുത്തി മോഹനനെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നുമാണ് മരണം സ്ഥിരീകരിക്കുന്നത്.
രണ്ടു വർഷം മുൻപ് റൂമിൽ നിന്ന് അസ്വസ്ഥത പ്രകടിപ്പിച്ച മോഹനനെ സുരേഷും അനുജനും ചേർന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയും, അവസ്ഥ മോശമായതിനാൽ എയർ ആംബുലൻസ് വഴി റിയാദിലെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു എന്നും, ഈ റമസാൻ കഴിഞ്ഞ് നാട്ടിൽ പോകാനിരുന്നതായിരുന്നെന്നും അനുജൻ തങ്കരാജ് പറഞ്ഞു. അപ്പാവു മോഹനന് ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്.
മൃതദേഹം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം അംഗം സുരേഷ് നേതൃത്വം നൽകി. അനുജൻ തങ്കരാജ് വെങ്കിടാജലത്തിന്റെ പേരിൽ നാട്ടിൽ നിന്നുള്ള രേഖകൾ വരുത്തിച്ച് സുരേഷിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.