‘നാട്ടിൽ റിസപ്ഷനിസ്‌റ്റ്, യുകെയിൽ റേഡിയോഗ്രാഫർ’; വിദേശത്ത് തട്ടിപ്പ് നടത്തിയ വനിത മലയാളിയെന്ന് സൂചന

Mail This Article
ലണ്ടൻ∙ നാട്ടിൽ ഹോസ്പിറ്റൽ റിസപ്ഷനിസ്‌റ്റ് ആയി ജോലി ചെയ്‌തിരുന്ന സ്‌ത്രീ യുകെയിലെ സ്വകാര്യ ആശുപത്രിയിൽ റേഡിയോഗ്രാഫറായി ജോലി നേടിയെടുത്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇന്ത്യയിൽനിന്നുള്ള സ്മിത ജോണി ആണ് തട്ടിപ്പ് നടത്തിയത്. ഇവർ മലയാളിയാണെന്ന് കരുതപ്പെടുന്നു. എന്നാൽ കേരളത്തിൽ എവിടെയാണ് സ്വദേശം എന്ന് വ്യക്തമല്ല. തട്ടിപ്പ് നടത്തിയ സ്‌ത്രീക്കെതിരെ ഹെൽത്ത് ആൻഡ് കെയർ പ്രഫഷൻസ് കൗൺസിൽ നടപടിയെടുത്തു. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതിന് കൂടുതൽ നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്.
23 വർഷത്തെ ജോലി പരിചയമുള്ളതായി വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയായിരുന്നു സ്മിത ജോണിയുടെ തട്ടിപ്പ്. 2021ൽ യുകെയിലേക്ക് കുടിയേറിയ സ്മിത ഹെൽത്ത് ആൻഡ് കെയർ പ്രഫഷൻസ് റജിസ്‌റ്ററിൽ ചേരാൻ അപേക്ഷിച്ചു. ഇംഗ്ലിഷാണ് തന്റെ ആദ്യ ഭാഷയെന്നും അവകാശപ്പെട്ടിരുന്നു.
എന്നാൽ, 2023 ജനുവരിയിൽ സറേയിലെ കാറ്റർഹാമിലെ സ്വകാര്യ ആശുപത്രിയായ നോർത്ത് ഡൗൺസിൽ സ്മിത ജോലിക്കെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സ്മിതയുടെ ജോലിയിലെ പിഴവുകൾ സഹപ്രവർത്തകരിൽ സംശയമുണ്ടാക്കി. റേഡിയോഗ്രാഫി സ്‌പെഷാലിറ്റിയിൽ 23 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മേഖലയിൽ ജോലി ചെയ്യുന്നവർ വരുത്തുന്ന സാധാരണ തെറ്റുകൾ ആയിരുന്നില്ല സ്മിത വരുത്തിയിരുന്നത്.
പിഴവുകൾക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ ഹോസ്‌പിറ്റലിൽ റിസപ്‌ഷൻ ഡെസ്‌കിലായിരുന്നു സ്‌മിത ജോലി ചെയ്‌തതെന്ന് കണ്ടെത്തിയത്. യുകെയിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ സഹായത്തിനായി ഒരാൾ സ്മിതയ്‌ക്കൊപ്പമുണ്ടായിരുന്നു. വൈകാതെ തന്നെ സ്മിതയുടെ കഴിവിൽ സഹപ്രവർത്തകർക്ക് സംശയം തോന്നി. സ്‌മിത രോഗികളുമായി ഇടപഴകുന്നതിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മാനേജർ ഫെർണാണ്ടോ പിന്റോ കണ്ടെത്തി. സംശയം തോന്നിയ മാനേജർ ഒരു ‘ഹിപ് എക്‌സ്-റേ’ ആവശ്യപ്പെട്ടപ്പോൾ സ്മിത ഉപകരണം മാനേജരുടെ കാൽമുട്ടിന് നേരെയാണ് വച്ചത്. ഇതിനെ തുടർന്ന് സ്മിതയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി.