‘ഓർമകളുടെ സംഗീതസാഗരം’: മനാമയിലെ സംഗീതത്തിൻ്റെയും ഗൃഹാതുരത്വത്തിൻ്റെയും അപൂർവ്വ കലവറയായ ഗൾഫ് പേൾ സ്റ്റോർ

Mail This Article
മനാമ ∙മനാമ സൂഖിന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഗൾഫ് പേൾ സ്റ്റോർ, കാലം കാത്തുസൂക്ഷിച്ച സംഗീതത്തിന്റെയും ഓർമകളുടെയും ഒരു കലവറയാണ്. ഏതാണ്ട് 70 വർഷത്തിലേറെ പഴക്കമുള്ള ഈ കട, സംഗീതോപകരണങ്ങളുടെയും പുരാവസ്തുക്കളുടെയും ഒരു അപൂർവ്വ ശേഖരം കൊണ്ടാണ് ശ്രദ്ധനേടുന്നത്.
100 വർഷത്തിലേറെ പഴക്കമുള്ള അറബിക് സംഗീതോപകരണങ്ങളും, ഇന്ത്യൻ ഗ്രാമഫോൺ റെക്കോർഡുകളും ഇവിടെ വിൽപ്പനക്ക് വെച്ചിരിക്കുന്നു. 1947ൽ അലി മുഹമ്മദ് എന്ന വ്യക്തിയാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. പാരമ്പര്യമായി കൈമാറി ഇപ്പോൾ ഖാലിദ് അബൂബക്കർ അലിയുടെ കൈകളിലാണ് കടയുടെ ഭരണച്ചുമതല. കച്ചവടത്തേക്കാളുപരി ഇത് തന്റെ പൈതൃകമാണെന്ന് ഖാലിദ് വിശ്വസിക്കുന്നു.
ഖാലിദിന്റെ മുത്തച്ഛന് ഇന്ത്യൻ സംഗീതത്തോടുള്ള താൽപര്യം കൊണ്ട് തന്നെ ഇന്ത്യയിൽനിന്നുള്ള നിരവധി ഗ്രാമഫോൺ റെക്കോർഡുകളുടെ ശേഖരം അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. ഇന്നും പഴയ പല പാട്ടുകളും ഇവിടെ ലഭ്യമാണ്. ഇന്ത്യക്കാരും വിദേശ വിനോദസഞ്ചാരികളും അടങ്ങുന്ന നിരവധി ഉപഭോക്താക്കൾ ഇവിടം സന്ദർശിക്കാറുണ്ട്. കൂടാതെ വീടുകളുടെ ഷോകേസുകളിൽ വെച്ച് അലങ്കരിക്കാൻ സംഗീതോപകരണങ്ങളും ഗ്രാമഫോണുകളും വാങ്ങുന്നവരും ഉണ്ട്.

ഊദ് എന്ന സംഗീതോപകരണമാണ് ഇവിടെ കൂടുതലായി വിറ്റുപോവുന്നത്. ടർബുക്ക, അറബിക് തബല, അറബിക് ഫ്ലൂട്ട് എന്നിവയും ഖാലിദിന്റെ ശേഖരത്തിൽ ഉണ്ട്. കാലപ്പഴക്കത്തിൽ കാര്യമായ മാറ്റമില്ലാതെ ഇപ്പോഴും ഇത് മുന്നോട്ട് പോകുന്നു. പരസ്യങ്ങളോ പുതുമകളോ ഇല്ലാതെ കേട്ടറിഞ്ഞവരും പഴയ തലമുറയിലെ സ്ഥിരം ഉപഭോക്താക്കളുടെ പുതുതലമുറയുമൊക്കെയായി ഇന്നും ഈ കട നിറയെ സന്ദർശകരുണ്ട്. പഴയ സംഗീതോപകരണങ്ങൾ ഉണ്ടെങ്കിൽ അത് വാങ്ങാനും ഖാലിദ് തയ്യാറാണ്. പഴയ റേഡിയോ, ക്ലോക്കുകൾ എന്നിവയും ഇവിടെ വാങ്ങാനും വിൽക്കാനുമായി എത്തിച്ചേരുന്നവർ നിരവധിയാണ്.




ഇന്ത്യൻ ഗാനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഖാലിദിന് നിരവധി ഇന്ത്യക്കാരായ സുഹൃത്തുക്കളുണ്ട്. പഴയകാലത്തിന്റെ സംഗീതത്തെയും കലാപരമായ ശേഷിപ്പുകളെയും ഇഷ്ടപ്പെടുന്നവർക്ക് ഒരു അമൂല്യ നിധി തന്നെയാണ് ഈ ഗൾഫ് പേൾ സ്റ്റോർ.